
തിരുവനന്തപുരം: ‘ന്യൂസ് പേപ്പർ ബോയ്’ എന്ന മലയാളത്തിലെ ആദ്യ നവറിയലിസ്റ്റിക് സിനിമയുടെ സുവർണ ജൂബിലി ആഘോഷിക്കുമ്പോൾ, ആ സിനിമയിൽ അഭിനയിച്ച നെയ്യാറ്റിൻകര കോമളം അഭിനയത്തോടു വിടപറഞ്ഞിട്ട് അരനൂറ്റാണ്ടു പിന്നിട്ടിരുന്നു. ‘വിഗതകുമാരനി’ലെ പി.കെ.റോസി, ‘മാർത്താണ്ഡവർമ’യിലെ ദേവകീഭായി, ‘ബാലനി’ലെ എം.കെ.കമലം, ‘നല്ലതങ്ക’യിലെ മിസ് കുമാരി, ‘ജീവിതനൗക’യിലെ ബി.എസ്.സരോജം… ഈ നടിമാരെല്ലാം ചരിത്രത്തിൽ അർഹിക്കുന്ന സ്ഥാനം നേടാതെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞവരാണ്. ആ കണ്ണിയിലെ അവസാനത്തെ നടിയാണ് നെയ്യാറ്റിൻകര കോമളം.
നെയ്യാറ്റിൻകര കോമളത്തിന്റെ വിയോഗത്തിലൂടെ മറയുന്നത് പോയകാലത്തെ മലയാള സിനിമയുടെ വസന്തമാണ്. 1950-കളിൽ ചലച്ചിത്രരംഗത്തെത്തി നായികയായി അഭിനയിച്ച നെയ്യാറ്റിൻകര കോമളം, ‘മരുമകൾ’ എന്ന ചിത്രത്തിൽ ചിറയിൻകീഴുകാരൻ അബ്ദുൽ ഖാദറിന്റെ നായികയായപ്പോൾ പിൽക്കാലത്ത് പ്രേംനസീറിന്റെ ആദ്യ നായികയെന്ന ഖ്യാതിക്ക് അർഹയായി. പി.രാമദാസിന്റെ ‘ന്യൂസ് പേപ്പർ ബോയി’യിൽ അഭിനയിച്ചതോടെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രത്തിലെ നായികയെന്ന വിശേഷണവും കോമളത്തിനു കിട്ടി.
പ്രേംനസീറിന്റെ നായികയായി നെയ്യാറ്റിൻകര കോമളം അഭിനയിച്ച ‘മരുമകൾ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ
നെയ്യാറ്റിൻകര സെയ്ന്റ് തെരേസാസ് ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് അപൂർവമായി ചലച്ചിത്രങ്ങൾ കാണാനുള്ള അവസരങ്ങൾ കോമളത്തിനു ലഭിച്ചിരുന്നു. സഹോദരിയുടെ ഭർത്താവ് കൊച്ചാലം കൃഷ്ണൻനായർ നെയ്യാറ്റിൻകര ശ്രീകൃഷ്ണാ ടാക്കീസിന്റെ മാനേജരായിരുന്നു. സിനിമ കാണാൻ കോമളവും കുടുംബവും തിയേറ്ററിലെത്തിയപ്പോഴാണ് ടാക്കീസിന്റെ ഉടമ കെ.എം.കെ.മേനോനെ തേടി നീലാ പിക്ചേഴ്സ് ഉടമ കുഞ്ചാക്കോ അവിടെയെത്തിയത്. ‘നല്ലതങ്ക’യ്ക്കുവേണ്ടി നായികയെ അന്വേഷിച്ചു നടക്കുന്ന സമയമായിരുന്നു അത്. തിയേറ്ററിൽ കണ്ട കുട്ടിയെ ചിത്രത്തിൽ അഭിനയിക്കാൻ ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടുകാരുമായി ഉദയാ സ്റ്റുഡിയോയിലെത്തി മേയ്ക്കപ്പൊക്കെ നടത്തി. പക്ഷേ, ബന്ധുക്കളുടെ എതിർപ്പിനെത്തുടർന്ന് ആ അവസരം ഉപേക്ഷിക്കേണ്ടിവന്നു.
സഹോദരീഭർത്താവിലൂടെത്തന്നെ അടുത്ത ചിത്രത്തിലേക്കുള്ള ക്ഷണമെത്തി. ‘വനമാല’യായിരുന്നു ചിത്രം. വിശ്വനാഥൻ സംവിധാനംചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് പേച്ചിപ്പാറയിലാണ് നടന്നത്. സെമീന്ദാരുടെ മകളായ മാല എന്ന കഥാപാത്രമായി കോമളവും നായകനായി പി.എ.തോമസും അഭിനയിച്ചു. എസ്.പി.പിള്ളയും ചിത്രത്തിലുണ്ടായിരുന്നു. 1952-ൽ അഭിനയിച്ച ‘ആത്മശാന്തി’യിൽ വഞ്ചിയൂർ മാധവൻ നായർ, കൊട്ടാരക്കര ശ്രീധരൻനായർ, എസ്.പി.പിള്ള, ആറന്മുള പൊന്നമ്മ തുടങ്ങിയവരുമുണ്ടായിരുന്നു. ‘മരുമകൾ’ക്കുശേഷം 1954-ൽ ‘സന്ദേഹി’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. മലയാളം, തമിഴ് ഉൾപ്പെടെ നാലോളം ഭാഷകളിൽ ഒരുക്കിയ ആ ചിത്രം നിർമിച്ചതും സംവിധാനംചെയ്തതും എസ്.നാഗൂർ ആയിരുന്നു. അഞ്ചാമത്തെ ചലച്ചിത്രമായ ‘ന്യൂസ്പേപ്പർ ബോയ്’യിൽ കല്യാണിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. നാഗവള്ളി ആർ.എസ്.കുറുപ്പിന്റെ നായികാവേഷമാണ് കോമളത്തിനു ലഭിച്ചത്.
ജീവിതത്തിൽ നേട്ടങ്ങളൊന്നും തേടിയെത്തിയില്ലെങ്കിലും ഓർമകളിലെന്നും ഒരു നടിയുടെ ആൾരൂപം അവർ മനസ്സിൽ സൂക്ഷിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]