
കൊച്ചി: തര്‍ക്കോവ്സ്കിയെയും സത്യജിത്ത് റേയെയും കുറിച്ച് ഫാ. അനില്‍ ഫിലിപ്പ് ക്ലാസെടുക്കുമ്പോള്‍ എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററിലെ സിനിമാ ശില്പശാലയിലെ പുതിയ ചെറുപ്പക്കാര്‍ക്ക് അമ്പരപ്പ്. ഇതൊക്കെ പറയാന്‍ ഫാദറും സിനിമയും തമ്മില്‍ എന്ത് ?
സി.എം.ഐ. സഭയില്‍നിന്ന് സിനിമാ സംവിധാനത്തിന് ഇറങ്ങിയ ആദ്യ പുരോഹിതനാണ് അനില്‍ ഫിലിപ്പ്. കണ്ണൂര്‍ കുടിയാന്മല അരങ്ങില്‍ ഫിലിപ്പിന്റെയും ചിന്നമ്മയുടെയും മകന് കുട്ടിക്കാലത്തേ നാട്ടിലെ യമുന ടാക്കീസില്‍ സിനിമ കണ്ടാണ് വളര്‍ന്നത്. ജേണലിസം ബിരുദാനന്തര കോഴ്സിനു കോളേജില്‍ പഠിക്കുമ്പോള്‍ നാടകാഭിനയവും സംവിധാനവുമായിരുന്നു ഇഷ്ടം. അച്ചന് പട്ടം കിട്ടിയ ശേഷം സിനിമ ഗൗരവമായി പഠിക്കാന്‍ സിബി മലയിലിന്റെ നിയോ ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ ചേര്‍ന്നു. അതുകഴിഞ്ഞ് രാജ്യത്തെ ചലച്ചിത്രമേളകളിലേക്കുള്ള യാത്രകളായി.
തുടര്‍ന്ന് വെളിപാടിന്റെ പുസ്തകം എന്ന ലാല്‍ ജോസ് ചിത്രത്തിന്റെ സംവിധാനസഹായിയായി. പിന്നെ മധുരം ഈ ജീവിതം, മൈക്കിള്‍സ് കോഫി ഹൗസ് എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. മധുരം ഈ ജീവിതം കൊല്‍ക്കത്ത ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.
മാതാപിതാക്കളുടെ കുടുംബ വേരുകള്‍ പാലാ ഭാഗത്താണ്. ആ പശ്ചാത്തലത്തിലാണ് സി.എം.ഐ. സഭയുടെ മലബാര്‍ കുടിയേറ്റത്തിന്റെ 50 വര്‍ഷം എന്ന ഡോക്യുമെന്ററി ഒരുക്കിയത്. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറാണ് ഫാ. അനില്‍ ഫിലിപ്പ്.
ചാവറ സെന്ററില്‍ മറ്റു കോഴ്സുകള്‍ക്കൊപ്പം സിനിമാ സംവിധാനവും എഡിറ്റിങ്ങും പഠിപ്പിക്കുന്ന കോഴ്സും തുടങ്ങി.
സമൂഹത്തിലേക്ക് നന്മയുടെ സന്ദേശം എത്തണമെങ്കില്‍ അവരുടെ ഭാഷയില്‍ സംസാരിക്കണം. സിനിമ അത്തരത്തിലൊന്നാണ്- ഫാദര്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]