നെടുമുടി വേണുവിന്റെ വിയോഗത്തിന്റെ രണ്ടാംവർഷത്തിൽ ഭാര്യ എഴുതിയ കുറിപ്പാണിത്. ഓർമകളും അനുഭവങ്ങളും നിരീക്ഷണങ്ങളും ഇതിൽ ഇഴചേരുന്നു. ഒന്നിച്ചുപാർത്ത ഒരു നല്ലകാലം തെളിയുന്നു. അടിമുടി കലാകാരനായിരുന്ന പ്രതിഭ നിറവിളക്കുപോലെ പ്രകാശം പരത്തുന്നു.
ഒരുതുള്ളി കണ്ണുനീർപോലും പൊഴിക്കാൻ കഴിയാതെ, തണുത്തുറഞ്ഞ മഞ്ഞുകട്ടിപോലെയുള്ള മനസ്സുമായി വീട്ടിൽ വരുന്ന ആളുകളെ സ്വീകരിച്ചും കുട്ടികളുമായി ചടങ്ങുകളിൽ പങ്കെടുത്തും ആ 41 ദിവസം കടന്നുപോയി. തിരുനാവായയിൽ ചിതാഭസ്മനിമജ്ജനം നടത്തി തിരിച്ചുവന്നതുമുതൽ കുഞ്ഞുങ്ങളും ഞാനും തനിച്ചായി. ഓർമയുടെ വേലിയേറ്റങ്ങളും ഇറക്കങ്ങളും അവിടെയാണ് പൊട്ടിപ്പുറപ്പെട്ടത്. പിന്നെ സ്വന്തം ദുഃഖവും പേറി ഓരോരുത്തരും അവരവരുടെ സ്വകാര്യതയിലേക്കു മടങ്ങി. ഞങ്ങൾ ഞങ്ങളുടേതായ ചിന്താലോകത്തിൽപ്പെട്ടുലഞ്ഞു. ഓർമകൾ കണ്ണുനീർച്ചാലുകളായി നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരുന്നു. ഒരുവർഷത്തോളം അതായിരുന്നു അവസ്ഥ. ഇപ്പോഴും എന്റെ ഓർമകൾ മടക്കയാത്ര നടത്തുന്നു. ശശിച്ചേട്ടനു (ഞാൻ അങ്ങനെയാണ് അദ്ദേഹത്തെ വിളിക്കാറുണ്ടായിരുന്നത്) മൊത്തുള്ള സ്നേഹസന്തോഷങ്ങളുടെ ആ കാലത്തേക്ക്.
വിവാഹിതരായിട്ട് ഏകദേശം നാല്പതുവർഷത്തോളമായെങ്കിലും ഞങ്ങൾ ഒരുമിച്ചുജീവിച്ചത് ഏതാനും വർഷം മാത്രം. ബാക്കി സമയമെല്ലാംതന്നെ ഞാൻ വീട്ടിലും അദ്ദേഹം സിനിമയിലും. സിനിമ എന്ന മേഖല ഭ്രമാത്മകവും എനിക്കിടപെടാൻപറ്റാത്ത ഒരിടവുമാണെന്ന് ഞാൻ നേരത്തേ മനസ്സിലാക്കിയിരുന്നു. ശശിച്ചേട്ടന്റെ പ്രവർത്തനമേഖല അതായതിനാൽ അതിനനുസരിച്ചുള്ള മാറ്റം എന്നിലും വേണമെന്ന് ഒരിക്കലും നിർബന്ധിച്ചിട്ടില്ല. സിനിമ വേറെ, വീടു വേറെ എന്നനിലയിൽ ജീവിച്ച് എന്റെ വ്യക്തിത്വത്തിന് ഒരുമാറ്റവും വരാതെ എന്നെ ഞാനായി ജീവിക്കാൻവിട്ടു എന്നത് ഏറ്റവുംവലിയ അനുഗ്രഹമായെന്ന് ഞാൻ എന്നും മനസ്സിലോർക്കുന്നു.
ജീവിതത്തെ അതിന്റെ തനതായ അവസ്ഥയോടെ സ്വീകരിക്കാനും വിഷമസന്ധികളെ ലഘൂകരിച്ചുകാണാനുമുള്ള ഒരു മനോഭാവം ഉണ്ടാക്കിയെടുക്കാനും എന്നെ ഏറ്റവും സഹായിച്ചത് ശശിച്ചേട്ടനാണ്. എന്റെ എന്തു വിഡ്ഢിത്തരമായ സംശയവും തുറന്നുചോദിക്കാനും മടിയില്ലാതെ പ്രായോഗികതയിലൂന്നിയ പരിഹാരങ്ങൾ നിർദേശിക്കാനും പറ്റിയ ഒന്നാംതരം ഒരധ്യാപകൻ തന്നെയായിരുന്നു അദ്ദേഹം. ദേഷ്യം, അക്ഷമ ഇതൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത അഥവാ കുട്ടികളോടുപോലും കയർത്തുസംസാരിച്ചാൽ -‘ഇന്നത്തെ ദിവസം പോയി’ എന്നുപറഞ്ഞ് തളർന്ന് കട്ടിലിൽപോയി കിടക്കും – അത്ര ശാന്തപ്രകൃതൻ. ഏതുനേരവും മനസ്സിനെ തരളമാക്കുന്ന പലതരം സംഗീതത്തിൽ മുഴുകുന്ന ആളായിരുന്നു. വീട്ടിലുള്ളപ്പോഴൊക്കെ പാടിക്കൊണ്ടിരിക്കും. വീട്ടിൽ സദാ സംഗീതത്തിന്റെ അലകൾ ഒഴുകിനടക്കുന്നതാണിഷ്ടം. താളം ശശിച്ചേട്ടന്റെ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമായിരുന്നു. വീട്ടിൽവന്നാൽ ബെല്ലടിക്കാറില്ല. കതകിൽ പലതരം താളങ്ങൾ കൊട്ടിയാണ് വന്നതറിയുന്നത്. വെറുതേയിരിക്കുമ്പോഴും കുട്ടികൾ അടുത്തുചെന്നാലും സ്നേഹം പ്രകടിപ്പിക്കുന്നത് പുറത്തും കൈയിലും മറ്റും കൊട്ടിക്കയറിക്കൊണ്ടാണ്. ഒരു താളം പിടിക്കാൻപോലും അറിയാത്ത ഞാൻപോലും മറഞ്ഞുനിന്ന് ഈ താളശരീരന്റെ കൊട്ടും പാട്ടും ആസ്വദിച്ചിട്ടുണ്ട് -എത്രയോ സമയം.
ഏതുകാര്യവും ഒരു തമാശയിലൂടെയും കുസൃതിയിലൂടെയുമേ അവതരിപ്പിക്കൂ. അതും പറഞ്ഞ് സ്വയം ചിരിക്കുകയും മറ്റുള്ളവരെക്കൂടി അതിലേക്ക് ചേർത്ത് വലിയ ഒരു പൊട്ടിച്ചിരിയാക്കി മാറ്റാനുള്ള മിടുക്കും. ഞാൻതന്നെ എന്തെങ്കിലും ഒരബദ്ധം കാണിച്ചാൽ തീർന്നു കഥ. കളിയാക്കി കുളിപ്പിക്കും. കുട്ടികളെയും അങ്ങനെത്തന്നെ. ഷൂട്ടിങ് ഒഴിച്ച്, ബാക്കി മുഴുവൻ വീട്ടുകാര്യങ്ങളും എന്റെ തലയിൽ നിക്ഷേപിച്ച് സുഖമായി പോയിക്കിടന്ന് ഉറങ്ങുകയാണ് വീട്ടിൽവന്നാൽ ചെയ്യുന്നത്. ചിലപ്പോൾ ദൃശ്യവേദിയുടെ കഥകളികാണാനോ എന്തെങ്കിലും പ്രത്യേക പരിപാടികളിൽ പങ്കെടുക്കേണ്ട ആവശ്യമുണ്ടെങ്കിൽ മാത്രമേ പുറത്തിറങ്ങൂ. അല്ലാത്ത മുഴുവൻസമയവും വീട്ടിൽത്തന്നെ വിശ്രമം. അടുത്ത ഷൂട്ടിങ്ങിനുപോകുന്നതുവരെ. എപ്പോൾ കിടന്നാലും ഉടൻ ഉറങ്ങാൻപറ്റുന്ന ഒരു പ്രത്യേക സിദ്ധിയുമുണ്ടായിരുന്നു. അതു കാറിലാണെങ്കിലും ഫ്ലൈറ്റിലാണെങ്കിലും എല്ലാം അങ്ങനെതന്നെ. പരാതിപ്പെട്ടാൽ ഉടൻ പറയും: ‘‘ശല്യപ്പെടുത്തരുത് വളരെ ഗഹനമായ ഒന്നു രണ്ടു കാര്യങ്ങൾ ആലോചിച്ചു തീരുമാനമെടുക്കുകയാണ്. ഉറങ്ങുകയല്ല’’ (രോഗാവസ്ഥക്കാലത്ത് ഈ സ്വഭാവങ്ങളെല്ലാം മാറി ഉറക്കംകിട്ടാതെ രാത്രിയിൽ ഉണർന്നിരുന്ന് നേരംവെളുപ്പിക്കുന്ന വിഷമംപിടിച്ച അവസ്ഥയും ഞാൻ കണ്ടു).
പ്രതിഫലത്തിന്റെ കാര്യത്തിൽ യാതൊരു നിഷ്കർഷയും ഇല്ലായിരുന്നു. കിട്ടുന്ന തുകയിൽ അത്യാവശ്യം വിതരണംചെയ്തതിനുശേഷം എന്റെ കൈയിൽ കൊണ്ടുവന്നുതന്ന് ആ ബാധ്യത തീർക്കുകയാണ് പതിവ്. പണം കൈയിൽവെച്ച് കൈകാര്യംചെയ്യാൻ യാതൊരു താത്പര്യവുമില്ല. പണം സമ്പാദിച്ചുവെക്കുന്നതിലും വലിയ താത്പര്യമില്ലായിരുന്നു. കൊടുത്താലേ കിട്ടൂ എന്നും കടംവാങ്ങി ജീവിക്കരുതെന്നും നിർബന്ധമുള്ള കാര്യമായിരുന്നു. ഏറ്റവുംവലിയ സ്വപ്നം എന്താണെന്ന് ഒരിക്കൽ എന്നോടു പറഞ്ഞു. ‘‘എസ്തപ്പാനെപ്പോലെ തോളിൽ തൂക്കിയിട്ട ഭാണ്ഡത്തിൽനിന്നും സ്വർണവും വെള്ളിയും കലർന്ന നാണയത്തുട്ടുകൾ വാരിവിതറി കടൽത്തീരത്തുകൂടിയും തെരുവിലൂടെയും അലയുക. പാവങ്ങളായ ആളുകൾ പിറകേനടന്നു സന്തോഷത്തോടെ അവ പെറുക്കിയെടുത്തുകൊണ്ടുപോകുന്നത് നോക്കിനിൽക്കുക.’’
സിനിമയിൽ വന്നശേഷം ശശിച്ചേട്ടന്റെ വായന തീരെ കുറഞ്ഞു. എഴുത്തു തീരെയില്ലാതായി. ആരെങ്കിലും എന്തെങ്കിലും ലേഖനം എഴുതാൻ ആവശ്യപ്പെട്ടാൽ കൊടുക്കേണ്ടതിന്റെ അന്നു വെളുപ്പിനേ അല്ലെങ്കിൽ തലേന്നുരാത്രി മാത്രമേ എഴുത്തു തുടങ്ങൂ. തുടങ്ങിയാൽ നിർത്താതെ ഒഴുക്കോടെ ഒറ്റയിരുപ്പിന് എഴുതിത്തീർക്കും. വെട്ടും തിരുത്തലും പോലും കുറവായിരിക്കും. എഴുതിയത് എനിക്ക് തരും. വായിച്ചുനോക്കാൻ. പത്താംക്ലാസ് ‘മലയാളി’യായ എനിക്ക് നല്ല ഒന്നാംതരം ലേഖനം എന്നു വിളിച്ചുപറയാനാവും തോന്നുന്നത്. ഇത് നേരത്തേ കാലത്തേ ആലോചിച്ചെഴുതിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നുവല്ലോ എന്നുപറഞ്ഞ് അത് വെള്ളപേപ്പറിലേക്ക് പകർത്തിക്കൊടുക്കുകയും ചെയ്യും. അതൊന്നും കേട്ടഭാവംപോലും കാണിക്കില്ല.
ജീവിതസായന്തനത്തിൽ വായിക്കാനും എഴുത്തുതുടങ്ങാനും ആഗ്രഹിച്ചിരുന്നു. അതിനായി വാങ്ങിക്കൂട്ടിയ ബുക്കുകൾ ഏറെയാണ്. കണ്ണിന്റെ തകരാറുമൂലം വായന പ്രയാസമായിരുന്നു. കോവിഡ് തീർന്നുവരുന്ന സമയത്ത് കാഴ്ച ശരിയാക്കിവെക്കുകയും ചെയ്തു. പ്രമേഹത്തിന്റെ ആലസ്യം, ലിവർസംബന്ധമായ ബുദ്ധിമുട്ടുകൾ എല്ലാം വായനയും എഴുത്തും ഇഷ്ടപ്പെട്ടിരുന്ന ആ മനുഷ്യന്റെ ഊർജത്തെ നിർവീര്യമാക്കിക്കൊണ്ടിരുന്നു. സുഹൃത്തുക്കളായ ഫാസിലുൾപ്പെടെയുള്ളവർ പറഞ്ഞു: ‘‘വേണു ജീവിതം എഴുതണം. അത് ഒരു കാലഘട്ടത്തിന്റെതന്നെ ചരിത്രമാകു’’മെന്ന്. എന്തുകൊണ്ടോ ആത്മകഥ എഴുതുന്നതിനോട് തീരെ താത്പര്യമില്ലായിരുന്നു. അവനവനെക്കുറിച്ച് -ഞാൻ, എന്റെ- എന്നൊക്കെയുള്ള പദങ്ങൾ ആവർത്തിച്ചുപ്രയോഗിക്കുന്നതിലെ അപാകം, മോശത്തരം ഒക്കെ അദ്ദേഹത്തെ അതിൽനിന്ന് മാറ്റിനിർത്തി. ഒരിക്കൽ സംവിധായകൻ സേതുമാധവൻ സാറും ഭാര്യയുംകൂടി ഇവിടെ വന്നിരുന്നു. ഊണുകഴിഞ്ഞു സംസാരിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു: ‘‘വേണുവിന്റെ അഭിനയം എനിക്കിഷ്ടമാണ്. തികഞ്ഞ ഒരഭിനേതാവുതന്നെ. പക്ഷേ, അതിലും ഞാനിഷ്ടപ്പെടുന്നത് വേണുവിന്റെ തിരശ്ശീലയ്ക്കുപിന്നിലെ കലാപരിപാടികളാണ്. കവിതയും പാട്ടും കൊട്ടും വായ്ത്താരികളും (മിമിക്രിയും) ചുവടുവെപ്പുകളും എല്ലാം എന്നെന്നും ഞാനോർക്കും.’’ അതുപോലെ ഭാസ്കരൻമാഷും ഒരിക്കൽ ഇവിടെ വന്നിരുന്നു. പാട്ടും മറ്റുമായി അല്പസമയം അവർ ചെലവഴിച്ചു. അന്ന് സാറ് അഭിപ്രായപ്പെട്ടത് വേണുവിന്റെ പാട്ടുകേട്ടപ്പോഴാണ് വാക്കുകളുടെ അർഥതലങ്ങളുടെ വ്യാപ്തി ഇത്രകണ്ട് വിശദമായത് എന്നാണ്.
വീട്ടിൽ സഹോദരിമാർ ആരുമില്ലാതെ വളർന്നതിനാൽ (അഞ്ചാൺകുട്ടികൾ) സർവസ്വതന്ത്രനും പെൺകുട്ടികളുടെ മാനസികവ്യാപാരങ്ങൾ അത്രയ്ക്കടുത്ത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരാളാണെന്നുമാണ് എനിക്ക് ശശിച്ചേട്ടനെക്കുറിച്ച് തോന്നിയിട്ടുള്ളത്. ഒന്നു പിണങ്ങിയിരുന്നാൽ -എന്തിനാണു പിണങ്ങിയത് എന്നു സ്വന്തമായി മനസ്സിലാക്കാത്ത- അല്ലെങ്കിൽ പിണക്കംതീർക്കാൻ ശ്രമിക്കാത്ത സന്ദർഭങ്ങൾ പലവട്ടം ഉണ്ടായിട്ടുണ്ട്. അവസാനം സഹികെട്ട് ഞാൻതന്നെ പറയേണ്ടിവരും രണ്ടുദിവസമായി ഞാനിന്നകാര്യത്തിന് പിണങ്ങിയിരിക്കുകയായിരുന്നുവെന്ന്. ഒരു മടിയുമില്ലാതെ പറയും. ‘ആണോ ഞാനറിഞ്ഞതേയില്ല’. നാണക്കേടുപിടിച്ച് ഞാനാ പ്രസ്ഥാനമേ നിർത്തിക്കളഞ്ഞു. പിണക്കമൊഴിച്ചുള്ള എന്റെ മനസ്സു വായിച്ചെടുക്കാൻ വളരെ നിസ്സാരമായിക്കഴിഞ്ഞിരുന്നു. എന്റെ ചെറിയ മുക്കലും മൂളലും ഭാവത്തിലും പ്രവൃത്തിയിലും ഒക്കെക്കൂടി ഞാൻ ഉദ്ദേശിച്ച കാര്യങ്ങൾ കൃത്യമായി വിളിച്ചുപറയുമായിരുന്നു.
ഞങ്ങളുടെ വിവാഹംകഴിഞ്ഞ വർഷംതന്നെ ശശിച്ചേട്ടനു പ്രമേഹം സ്ഥിരീകരിച്ചിരുന്നു. അച്ഛനിൽനിന്നും പാരമ്പര്യമായി ഏറ്റവും കൂടുതൽ കലാവാസന ലഭിച്ചത് ഏറ്റവും ഇളയമകനായ ശശിച്ചേട്ടനാണ്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രമേഹം പകർന്നുകിട്ടിയതും ഇളയമകനുതന്നെ. ഒരു ജ്യോതിഷി മൂകാംബികാസന്ദർശനവേളയിൽ വെളിപ്പെടുത്തിയിരുന്നുവത്രെ. പ്രമേഹസാധ്യത ഭാവിയിൽ കാണുന്നുണ്ട്. പക്ഷേ, നിങ്ങളെസംബന്ധിച്ച് അത് ഗുണകരമായി ഭവിക്കും. കാരണം ജീവിതത്തിന് ഒരടുക്കും ചിട്ടയും ഉണ്ടാവും. ഒരുകണക്കിന് അതു ശരിയുമായിരുന്നു. വർഷങ്ങളോളം കലയുടെ പൊരുൾതേടി ഒരു നാടോടിയെപ്പോലെ ജീവിച്ച ശശിച്ചേട്ടന്റെ ജീവിതത്തിന് ഒരു താളവും കൃത്യതയും ഉത്തരവാദിത്വവും വന്നത് പ്രമേഹവും വിവാഹവും വന്നുഭവിച്ചതിനുശേഷമാണ്. വർഷങ്ങളോളം സിനിമയുടെ തിരക്കിൽപ്പെട്ട് അലഞ്ഞതുമുഴുവൻ ഈ പ്രമേഹവുമായിട്ടായിരുന്നു. അവസാനകാലത്തുമാത്രമേ അതു ശരീരത്തിനെ കാര്യമായി ബാധിച്ചുള്ളൂ. കൃത്യമായ മരുന്നുകഴിക്കലും ആഹാരനിയന്ത്രണവും നിഷ്ഠയാക്കിയിരുന്നു. ഉറക്കവും വ്യായാമവുമായിരുന്നു മുടങ്ങിയിരുന്നത്. അവസാനം വർഷങ്ങൾക്കുശേഷം 2016-ൽ ഒരു പരിശോധനയിൽ ലിവറിനു ചില കേടുപാടുകൾ കണ്ടുപിടിക്കപ്പെട്ടു.
ലിവറിന്റെ നീണ്ട ശസ്ത്രക്രിയയ്ക്കു പോകുംമുൻപ് പറഞ്ഞ വാക്കുകൾ ഓർക്കുന്നു: ‘‘ഞാൻ എന്റെ ശരീരത്തെ പൂർണമായും ഡോക്ടർക്ക് വിട്ടുകൊടുക്കുകയാണ്. എനിക്കൊന്നും ചെയ്യാനില്ല. ഡോക്ടർ വേണ്ടതു ചെയ്യും.’’ അത്രമേൽ വിശ്വാസമായിരുന്നു. മരണഭയം എന്നത് തീരെ ഇല്ലായിരുന്നു എന്നുവേണം പറയാൻ. ലിവർ വെച്ചുപിടിപ്പിക്കേണ്ട ഒരാവശ്യത്തിലേക്കു സാവകാശം കാര്യങ്ങൾ നീങ്ങിയ കാലം. ട്രാൻസ്പ്ളാന്റ് എന്തുകൊണ്ടോ ഒരിക്കലും സമ്മതിച്ചിരുന്നില്ല. എങ്കിലും ഇടയ്ക്കിടെ ഞങ്ങളുടെ സംസാരത്തിൽ ഞാൻ അതു പറയാൻ ശ്രമിക്കും. ‘ഇനി ഇതേക്കുറിച്ച് സംസാരം വേണ്ടാ’ എന്ന മുഖവുരയോടെ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും എന്നോടു വിശദീകരിക്കുകയാണു ചെയ്തത്.
‘‘ഇപ്പോൾ നടന്നുനീങ്ങുന്ന ഈ വർഷങ്ങൾ കാലത്തിന്റെ ബോണസായി നീ കണക്കാക്കണം. ഒരു ജനനത്തിന് ഒരു മരണമെന്നത് സുനിശ്ചിതമായ പ്രകൃതിനിയമമാണ്. അതിനെ സമചിത്തതയോടെ നേരിടുകയാണു വേണ്ടത്. സ്വാഭാവികമായ അന്ത്യത്തെ പ്രാപിക്കാൻ പ്രാപ്തനാകുകയാണു വേണ്ടത് അല്ലാതെ എണീറ്റുനടക്കാനോ ആളുകളുമായി ഇടപെടാനോ സാധിക്കാതെ കുറച്ച് ആയുസ്സുകൂടി നീട്ടിക്കിട്ടുന്നതിൽ എന്തർഥമാണ്. ആർക്കും ബുദ്ധിമുട്ടില്ലാതെ കിടത്താതെ അനന്തതയിൽ വിലയം പ്രാപിക്കണം’’² -അതായിരുന്നു അഭിപ്രായം.
കോവിഡ്കാലം വല്ലാത്ത നിരാശയുടേതായിരുന്നു. വീട്ടിൽ ഞങ്ങൾ രണ്ടുപേർ മാത്രം. പുറത്തുപോകാനോ പുറത്തുനിന്നാർക്കും വീട്ടിലേക്കുവരാനോ വയ്യാത്ത അന്തരീക്ഷം. മറ്റൊന്നിലും ശ്രദ്ധപതിപ്പിക്കാൻ പറ്റാത്തരീതിയിൽ ടി.വി. വാർത്തകൾക്കുമുന്നിൽ വീട്ടിലുള്ളവർ കൂടിയിരിക്കുന്ന സമയം. രോഗം ബാധിച്ചവരുടെ എണ്ണം ഓരോദിവസവും കൂടിവരുകയാണ്. മരണനിരക്കും അങ്ങനെതന്നെ. ഉറ്റവരും സുഹൃത്തുകളുമായി അനേകംപേർ കോവിഡ് ബാധിച്ച് മരിക്കുന്നു. ഈ വാർത്തകൾ കേട്ടുതന്നെ മനസ്സുമരവിച്ച പ്രതീതി. സഹായത്തിനാരുമില്ല. എനിക്ക് അടുക്കളയിൽ പിടിപ്പതുപണിയും. ഒറ്റയ്ക്കിരുന്ന് കണ്ടും കേട്ടും ശശിച്ചേട്ടന്റെ മനസ്സു വല്ലാതെയുലഞ്ഞു. ആദ്രമായ ഒരു മനസ്സിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു കോവിഡിന്റെ ഭീകരത. ആരോഗ്യം വീണ്ടും വഷളായി. കോവിഡ് കാരണം മക്കൾക്കും കൊച്ചുമക്കൾക്കുമൊന്നും എത്തിപ്പെടാൻവയ്യാതെ ഫ്ലൈറ്റുകൾ മുടങ്ങി. അവരെ കാണാനുള്ള ആഗ്രഹവും നടക്കാതെയായി.
ഒരുദിവസം മ്ലാനമായി ശശിച്ചേട്ടനെ കണ്ട നേരത്ത് ഞാൻ വെറുതെ ചോദിച്ചു. ‘‘ശശിച്ചേട്ടാ, എന്തുപറ്റി ഒരു വിഷമംപോലെ. ശശിച്ചേട്ടനെ സിനിമാലോകം വേണ്ടത്ര അംഗീകരിച്ചില്ല എന്ന തോന്നലുണ്ടോ? അതോ ഒരു ദേശീയപുരസ്കാരം കിട്ടാത്തതിൽ ദുഃഖം തോന്നുന്നുണ്ടോ? അതിനെക്കാൾ എത്രയോവലുതാണ് കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ശശിച്ചേട്ടനെ തലയിലേറ്റിവെച്ചിരിക്കുന്നത്. ഇതിൽക്കൂടുതൽ എന്തുവേണം ശശിച്ചേട്ടന്.’’
‘‘നീ എന്തു വട്ടാണ് ഈ പറയുന്നത്. നീ ഈ പറഞ്ഞ യാതൊരുതോന്നലുകളും എനിക്കില്ല. അവാർഡുകളെന്നത് മേന്മയുള്ളതും സ്വയംപ്രാപ്യമാകേണ്ടതുമാണ്. അതു സ്വന്തം കുഞ്ഞുങ്ങളും അടുത്തതലമുറകളും അഭിമാനത്തോടെ നോക്കിനിന്നുകാണേണ്ടവയാണ്. അത് കളങ്കരഹിതവും തീർത്തും പരിശുദ്ധിയുള്ളതുമായിരിക്കണം. എത്രയോവട്ടം ഓരോ കാരണങ്ങളാൽ ദേശീയ അവാർഡ് കൈവിട്ടുപോയിട്ടുള്ളത് നീയും കണ്ടതല്ലേ. പല കാര്യങ്ങൾ ഒരുമിച്ച് ഒത്തുവന്നാലേ ഇത്തരം കാര്യങ്ങൾ നടക്കൂ. തനിയെ എന്ന അഭിനയപ്രാധാന്യമുള്ള പടം ഒരുതവണ മത്സരത്തിന് വരേണ്ടതായിരുന്നു. ബന്ധപ്പെട്ടവർ അതയക്കാൻ വിട്ടുപോയി. ജൂറിയിലെ സായ് പരഞ്ജ്പേയ് ചോദിച്ചുവത്രെ, നെടുമുടി വേണുവിന്റെ ചിത്രങ്ങളൊന്നും സ്ക്രീനിങ്ങിൽ കണ്ടില്ലല്ലോയെന്ന്. നമുക്കെന്തു ചെയ്യാൻപറ്റും. എനിക്കതിലൊന്നും യാതൊരു നിരാശയും ഇല്ല. എത്രയോ പ്രതിഭാസമ്പന്നരായ കലാകാരന്മാർ, സാഹിത്യകാരന്മാർ, കൂടിയാട്ടപ്രതിഭകൾ, കഥകളിനടന്മാർ, സംഗീതചക്രവർത്തിമാർ, വാദ്യകലാനിപുണന്മാർ, കവികൾ, നാടകക്കാർ, അഭിനയപ്രതിഭകൾ എന്നിവരെല്ലാം ജീവിച്ച ഒരു കാലഘട്ടത്തിൽ ജീവിക്കാനും അവരുമായി അടുത്തിടപഴകാനും കഴിഞ്ഞു എന്നതുതന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവുംവലിയ ഭാഗ്യവും നേട്ടവും’’
-അതായിരുന്നു എന്റെ ശശിച്ചേട്ടൻ, മലയാളിയുടെ പ്രിയപ്പെട്ട നെടുമുടിവേണു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]