മോഹൻലാലിന്റെയും എം.ജി. ശ്രീകുമാറിന്റെയും ഗിരീഷ് പുത്തഞ്ചേരിയുടേയുമെല്ലാം ചലച്ചിത്രജീവിതത്തിലെ സുപ്രധാനമായ ഏടാണ് ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രം. ഈ ചിത്രത്തിനായി എം.ജി. രാധാകൃഷ്ണൻ ഈണം പകർന്ന ഗാനങ്ങളിൽ സൂര്യകിരീടം വീണുടഞ്ഞു… എന്ന ഗാനത്തിന് ആസ്വാദകഹൃദയങ്ങളിൽ ഇപ്പോഴും പ്രത്യേകസ്ഥാനമുണ്ട്. ദേവാസുരം എന്ന ചിത്രത്തിനായി പാട്ടെഴുതാൻ തന്റെ വീട്ടിൽ വന്ന ഗിരീഷ് പുത്തഞ്ചേരിയേക്കുറിച്ചോർമിക്കുകയാണ് ഗായകൻ എം.ജി. ശ്രീകുമാർ.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗിരീഷ് പുത്തഞ്ചേരിയെ ആദ്യമായി കണ്ട കഥ എം.ജി. ശ്രീകുമാർ പറഞ്ഞത്. മേടയിൽ വീട്ടിൽവെച്ചാണ് തന്റെ ഓർമകൾ തുടങ്ങുന്നതെന്നുപറഞ്ഞുകൊണ്ടാണ് ശ്രീകുമാർ കഥ തുടങ്ങുന്നത്. ഒരു ദിവസം കാലത്ത് എട്ടര മണിയായിക്കാണും. അമ്മയ്ക്കൊപ്പം കാപ്പിയൊക്കെ കുടിച്ചിരിക്കുമ്പോഴാണ് ഒരാൾ വരുന്നത്. പച്ച ഷർട്ടാണ് ധരിച്ചതെന്ന് തോന്നുന്നു. ഷർട്ടിന്റെ ആദ്യത്തെ മൂന്ന് ബട്ടൺസ് അഴിച്ചിട്ടിരുന്നു അയാൾ. അവയുടെ ആവശ്യമേയില്ലെന്ന് തോന്നും. രാധാകൃഷ്ണൻ ചേട്ടനുണ്ടോ എന്ന് ചോദിച്ചു. അകത്തുണ്ടെന്ന് താൻ പറഞ്ഞു. ആരാണെന്നും എവിടെ നിന്നാണ് വരുന്നതെന്നും ചോദിച്ചപ്പോൾ ഗിരീഷെന്നാണ് പേരെന്നും കോഴിക്കോട്ടുനിന്നാണ് വരുന്നതെന്നും പറഞ്ഞു. എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോൾ സംവിധായകൻ ശശിയേട്ടനാണ് പറഞ്ഞുവിട്ടത്. ദേവാസുരം എന്ന സിനിമയുടെ പാട്ടെഴുതാനാണെന്നും പറഞ്ഞുവെന്ന് എം.ജി. ശ്രീകുമാർ ഓർത്തെടുത്തു.
ഇതുകേട്ടുകൊണ്ടിരുന്ന അമ്മ അപ്പോൾ ഇടപെട്ടു. അതിഥിയെ വിളിച്ച് അകത്തുകൊണ്ടുപോയി ആഹാരം കൊടുക്കാൻ ആവശ്യപ്പെട്ടു. ഭക്ഷണമൊക്കെ കഴിച്ചിരിക്കുമ്പോഴേക്കും കുളിച്ചുകൊണ്ടിരുന്ന ചേട്ടൻ വന്നു. നേരത്തേ ഏതെങ്കിലും പാട്ടെഴുതിയ പരിചയമുണ്ടോ എന്ന് ഗിരീഷിനോടുചോദിച്ചു. എഴുതിയിട്ടുണ്ടെന്നും ഒന്നും പുറത്തുവന്നിട്ടില്ലെന്നുമായിരുന്നു മറുപടി. അര മണിക്കൂർ കഴിഞ്ഞ് ട്രിവാൻഡ്രം ക്ലബ്ബിലേക്ക് പോയി ബാക്കി കാര്യങ്ങൾ അവിടെവെച്ചാകാം എന്ന് ചേട്ടനും പറഞ്ഞു.
‘നാലാം നമ്പർ കോട്ടേജിലാണ് ട്രിവാൻഡ്രം ക്ലബ്ബിൽ റൂമെടുത്തിരിക്കുന്നത്. ചേട്ടന്റെ വണ്ടിയിലാണ് ഞങ്ങൾ അങ്ങോട്ട് പോയത്. ഹാർമോണിയമെടുത്ത് അടുത്തുവെച്ചു, ചേട്ടൻ പതിവുപോലെ മുറുക്കാൻ തുടങ്ങി. ഗിരീഷ് മുറിയുടെ ഒരു മൂലയ്ക്ക് ഇരിക്കുകയാണ്. മോനേ ഒരു നാലു വരിയെഴുത് എന്ന് ചേട്ടൻ ആവശ്യപ്പെട്ടു. അപ്പോൾ ഗിരീഷ് വളരെ വിനയത്തോടെ പറഞ്ഞു, ചേട്ടാ ഒരു ഈണം പറഞ്ഞു തന്നാൽ അതിനനുസരിച്ച് എഴുതാമെന്ന്. ചേട്ടന് സത്യത്തിൽ ഈണമിട്ടതിന് ശേഷം വരികളെഴുതുന്നത് ഇഷ്ടമേയല്ല. എങ്കിലും അദ്ദേഹം ഹാർമോണിയമെടുത്തുവെച്ച് ഒരു ഈണം മൂളിക്കേൾപ്പിച്ചു. ഒരു മൂഡുണ്ടാക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. എന്നിട്ട് ഗിരീഷിനോട് വരികളെഴുതാനാവശ്യപ്പെട്ടു.’ ശ്രീകുമാർ തുടർന്നു.
ഉച്ചവരെ അന്ന് ഒന്നും നടന്നിട്ടില്ല. ഒരു രണ്ടര മൂന്നുമണിയായപ്പോൾ എല്ലാവരും വീണ്ടും ഒത്തുകൂടി. അപ്പോൾ ഗിരീഷ് ഒരു ചെറിയ കടലാസെടുത്ത് ചേട്ടാ ഇത് ചേരുമോ എന്നൊന്ന് നോക്കാൻ പറഞ്ഞു. നേരത്തേ ചേട്ടൻ വെറുതേ പാടിയ ആ ഈണത്തിനനുസരിച്ച്, മീറ്ററിനനുസരിച്ച് എഴുതിയ വരികളായിരുന്നു അത്. “സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ, പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു” എന്നായിരുന്നു ആ വരികൾ. എന്റെ പൊന്നുമോനേ, നീ എവിടെയായിരുന്നു എന്ന് ചോദിച്ച് ചേട്ടൻ ഗിരീഷിനെ കെട്ടിപ്പിടിച്ചുവെന്നും എം.ജി. ശ്രീകുമാർ പറഞ്ഞു.
രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി. ശശി സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ദേവാസുരം’. മംഗലശ്ശേരി നീലകണ്ഠനായി മോഹൻലാലും മുണ്ടയ്ക്കൽ ശേഖരനായി നെപ്പോളിയനും ഭാനുമതിയായി രേവതിയും തകർത്താടിയ ചിത്രമായിരുന്നു ‘ദേവാസുരം’. വാര്യർ എന്ന കഥാപാത്രമായി ഇന്നസെന്റും ഗംഭീര പ്രകടനം കാഴ്ചവെച്ചു. അനുഗ്രഹ സിനി ആർട്സിന്റെ ബാനറിൽ വി.ബി.കെ മേനോനായിരുന്നു ചിത്രം നിർമിച്ചത്.