
ഇറങ്ങിയ കാലത്ത് വേണ്ടത്ര വിജയം ലഭിക്കാതിരുന്ന ചിത്രങ്ങൾ പലതും വർഷങ്ങൾക്കുശേഷം ഗംഭീര അഭിപ്രായം നേടാറുണ്ട്. അങ്ങനെയൊരു ചിത്രമാണ് 2000-ൽ പുറത്തിറങ്ങിയ സിബി മലയിൽ മോഹൻലാൽ ടീമിന്റെ ദേവദൂതൻ. എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന ചോദ്യം ഇപ്പോഴുമുയരുന്ന ചിത്രം വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ്. അതും ഫോർ കെ മികവിൽ.
രഘുനാഥ് പലേരി തിരക്കഥയെഴുതിയ ചിത്രം ഉടൻ റീ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനുമുന്നോടിയായി നിർമാതാക്കളായ കോക്കേഴ്സ് മീഡിയാ എന്റർടെയിൻമെന്റ്സ് ദേവദൂതന്റെ ഒരു പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. പറന്നുയരുന്ന പ്രാവിനെ നോക്കുന്ന നായകന്റെ പിന്നിൽനിന്നുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്.
പ്രധാന അണിയറപ്രവർത്തകരുടെ പേരുവിവരങ്ങൾ പോസ്റ്ററിലുണ്ടെങ്കിലും എന്നാണ് റിലീസെന്ന് വ്യക്തമായിട്ടില്ല. ചിത്രത്തിന്റെ ഡിജിറ്റൽ കളർ കറക്ഷൻ ജോലി പൂർത്തിയായതായി നിർമാതാക്കൾ നേരത്തേ അറിയിച്ചിരുന്നു.
ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറായിരുന്നു ദേവദൂതൻ. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. മോഹൻലാൽ അവതരിപ്പിച്ച വിശാൽ കൃഷ്ണമൂർത്തി, ജയപ്രദയുടെ അലീന അഥവാ ആഞ്ജെലീന, വിനീത് കുമാറിന്റെ മഹേശ്വർ എന്നീ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിലുണ്ട്. ജഗതി ശ്രീകുമാർ, ജനാർദനൻ, മുരളി, ശരത്, ജഗദീഷ്, വിജയലക്ഷ്മി, ലെന, രാധിക, നിർമല തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളിൽ.
വിദ്യാസാഗർ ഈണമിട്ട ഗാനങ്ങൾക്ക് ഇന്നും ആരാധകരുണ്ട്. ഇതിൽത്തന്നെ എന്തരോ മഹാനുഭാവുലു എന്ന ഗാനത്തിന് ആരാധകമനസുകളിൽ ഒരു പ്രത്യേക ഇടം തന്നെയുണ്ട്. എന്തരോ മഹാനുഭാവുലു ഒഴികെയുള്ള മറ്റുഗാനങ്ങൾ കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു രചിച്ചത്. ഈ ചിത്രത്തിലൂടെ വിദ്യാസാഗറിനെ ആ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും തേടിയെത്തി.