
കന്നഡ സിനിമാലോകത്ത് നടുക്കവും പുതിയ ചർച്ചകളും തീർത്തിരിക്കുകയാണ് രേണുകാ സ്വാമി എന്ന യുവാവിന്റെ കൊലപാതകവും ഇതുമായി ബന്ധപ്പെട്ട് സൂപ്പർ താരം ദർശൻ, നടി പവിത്രാ ഗൗഡ എന്നിവരുടെ അറസ്റ്റും. കേസിൽ പവിത്രയാണ് ഒന്നാംപ്രതി. ദർശൻ രണ്ടാം പ്രതിയും. ഈ വിഷയത്തിൽ സിനിമാലോകത്തുനിന്ന് ആദ്യമായി രണ്ടുപേർ പ്രതികരിച്ചിരിക്കുകയാണ്.
സംവിധായകൻ രാം ഗോപാൽ വർമ, നടിയും രാഷ്ട്രീയ നേതാവുമായ ദിവ്യ സ്പന്ദന എന്നിവരാണ് ദർശന്റെയും പവിത്രയുടേയും അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരുടേയും കമന്റ് വന്നിരിക്കുന്നത്.
തന്റെ വ്യക്തിജീവിതത്തിൽ ഇടപെട്ടതിനേത്തുടർന്ന് ഒരു താരം തന്റെ ഒരു ആരാധകനെ മറ്റൊരു ആരാധകനെ ഉപയോഗിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. താരാരാധന ഒരു രോഗലക്ഷണമാണെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്. തങ്ങളാരാധിക്കുന്ന താരങ്ങൾ എങ്ങനെ ജീവിതം നയിക്കണമെന്ന് തീരുമാനിക്കാൻ ആഗ്രഹിക്കുന്ന ആരാധകർ ഇതേ രോഗലക്ഷണത്തിൻ്റെ ഒഴിവാക്കാനാകാത്ത പാർശ്വഫലമാണ് എന്നാണ് രാം ഗോപാൽ വർമ എക്സിൽ കുറിച്ചത്.
രേണുകാ സ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനേയും പവിത്രയേയും അറസ്റ്റ് ചെയ്തതിൽ കർണാടക പോലീസിനെ ദിവ്യ സ്പന്ദന അഭിനന്ദിച്ചു. ദ പോലീസ് ഇൻ കർണാടക എന്നെഴുതി മൂന്ന് സല്യൂട്ട് ഇമോജികൾ പോസ്റ്റ് ചെയ്യുകയായിരുന്നു അവർ.
സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു നടൻ ഉൾപ്പെടെ രണ്ടുപേർകൂടി കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ദർശനൊപ്പം സിനിമയിൽ അഭിനയിക്കുന്ന നടൻ പ്രദോഷ്, ദർശന്റെ അടുത്ത സഹായി നാഗരാജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ദർശന്റെ മുഴുവൻ ഇടപാടുകളും നോക്കിനടത്തിയിരുന്നയാളാണ് നാഗരാജ് എന്ന് പോലീസ് പറഞ്ഞു. ദർശന്റെ മൈസൂരുവിലെ ഫാം ഹൗസ് നോക്കിനടത്തിയിരുന്നതും ഇയാളാണ്. ദർശനെയും നടി പവിത്രയെയും മറ്റും അറസ്റ്റുചെയ്തതോടെ നാഗരാജ് ഒളിവിൽപ്പോയതായിരുന്നു. അതേസമയം, നടൻ പ്രദോഷിന്റെ പങ്കെന്താണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ ചോദ്യംചെയ്യുകയാണ്.
ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ചൊവ്വാഴ്ചയാണ് ദർശനയെയും സുഹൃത്തായ നടി പവിത്രയെയും കൂട്ടാളികളായ 11 പേരെയും ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തത്. കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയ 13 പേരുടെയും ചോദ്യംചെയ്യൽ തുടരുകയാണ്. ഒരാഴ്ചത്തേക്കാണ് ഇവരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. പവിത്രയ്ക്കെതിരേ സാമൂഹികമാധ്യമത്തിൽ രേണുകാസ്വാമി നിരന്തരം മോശം പരാമർശം പോസ്റ്റുചെയ്തതിനാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.
അതിനിടെ, ദർശനെതിരേ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് നടപടിയെടുക്കണമെന്ന് സിനിമാ പ്രവർത്തകരുടെയിടയിൽ ആവശ്യം ശക്തമായി. ദർശൻ മുമ്പും കേസുകളിലും വിവാദങ്ങളിലും കുടുങ്ങിയപ്പോഴൊന്നും ഫിലിം ചേംബർ നടപടിയെടുത്തിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]