
‘പ്രിയതമ’യിലൂടെയാണ് ‘സംഘട്ടനം ത്യാഗരാജന്’ എന്ന ടൈറ്റില്‍ ആദ്യമായി തിരശ്ശീലയില്‍ തെളിയുന്നത്. അതിനു മുമ്പ് ‘സ്റ്റണ്ട്: പുലികേശി ആന്‍ഡ് പാര്‍ട്ടി’ എന്നായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. 1966 ഡിസംബര്‍ 22-ന് കേരളത്തിലെ ഒമ്പതു കേന്ദ്രങ്ങളില്‍ ‘പ്രിയതമ’ റിലീസ് ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് സുബ്രഹ്മണ്യം എ.വി.എം. സ്റ്റുഡിയോയിലേക്ക് ത്യാഗരാജനെ വിളിപ്പിച്ചു. അഭിനേതാക്കളും എഴുത്തുകാരും സാങ്കേതികപ്രവര്‍ത്തകരും ഒത്തുചേര്‍ന്ന ചെറിയ ചടങ്ങില്‍ ‘പ്രിയതമ’യുടെ ആദ്യപ്രദര്‍ശനം നടന്നു. നീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തുവന്ന മുന്‍കാല ചിത്രങ്ങളെ അപേക്ഷിച്ച് ‘പ്രിയതമ’യ്ക്ക് വലിയ സ്വീകാര്യത ലഭിക്കാനിടയില്ലെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും സിനിമയിലെ സ്റ്റണ്ട് സീക്വന്‍സുകളെക്കുറിച്ച് എല്ലാവരും വാചാലരായി. സംഘട്ടനത്തിലുള്ള ത്യാഗരാജന്റെ കഴിവുകളെക്കുറിച്ചും, ഫൈറ്റിനിടയില്‍ അദ്ദേഹത്തിന്റെ കൈയ്ക്ക് പരിക്കേറ്റ കാര്യവുമെല്ലാം പ്രേംനസീറും സുബ്രഹ്മണ്യവും എടുത്തുപറഞ്ഞു. ത്യാഗരാജന് മുന്നോട്ടുപോകാനുള്ള കരുത്തായിരുന്നു ആ വാക്കുകള്‍.
‘പ്രിയതമ’ നല്കിയ പ്രതിഫലത്തില്‍ 150 രൂപയോളം പുലികേശിയുടെ മരണവുമായി ബന്ധപ്പെട്ട് ചെലവായെങ്കിലും ഒരു കാര്യം ത്യാഗരാജന് ആദ്യമേ നിശ്ചയിച്ചിരുന്നു. വാടകയ്ക്ക് സൈക്കിളെടുത്തുള്ള യാത്ര ഇനി വേണ്ട. കൈയില്‍ 150 രൂപ ബാക്കിയുണ്ട്. അന്നുതന്നെ അറ്റ്ലസ് സൈക്കിള്‍ 120 രൂപയ്ക്ക് സ്വന്തമാക്കി. സിനിമയുടെ പണംകൊണ്ട് ആദ്യം വാങ്ങിയ വാഹനം. തിരക്കുകളില്‍നിന്ന് തിരക്കുകളിലേക്കുള്ള പ്രയാണങ്ങളിലെ പങ്കാളിയായി ആ സൈക്കിള്‍ മാറി.
മരിക്കുന്നതിനു മുമ്പ് കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുലികേശി ചെയ്തുകൊണ്ടിരുന്ന വസന്തസേന എന്ന ചിത്രം പൂര്‍ത്തീകരിക്കാന്‍ ത്യാഗരാജനെയായിരുന്നു വിളിച്ചത്. കന്നടത്തില്‍ രാജ്കുമാറും തെലുങ്കില്‍ നാഗേശ്വര റാവുവും ഹിന്ദിയില്‍ സുനില്‍ ദത്തുമാണ് അഭിനയിച്ചത്. തുടക്കത്തില്‍ നാഗേശ്വര റാവുവടക്കം പലര്‍ക്കും ത്യാഗരാജന് സ്വീകാര്യനായില്ല. ‘ആ പയ്യന് ശരിയാകുമോ’ എന്നായിരുന്നു പലരുടെയും ചിന്ത. തന്നെക്കുറിച്ചുള്ള ധാരണ തിരുത്തിയെടുക്കാന്‍ ത്യാഗരാജന് അധികസമയം വേണ്ടിവന്നില്ല. മൂന്നു ഭാഷകളിലും ‘വസന്തസേന’ സൂപ്പര്‍ ഹിറ്റായി. പുലികേശി ചെയ്ത മറ്റു പല സിനിമകളുടെയും ബാലന്‍സ് വര്‍ക്കുകള്‍ ത്യാഗരാജനാണ് ചെയ്തത്. വി.പി. ബലരാമന്, എം.എസ്. ദാസ്, സോമു, ആര്.എന്‍. നമ്പ്യാര്‍, സ്വാമിനാഥന്, ജ്യോതികൃഷ്ണ, രാഘവേല്, കെ.എസ്. മാധവന്, സാംബശിവം, ശിവയ്യ, ശ്യാം സുന്ദര്‍, പരമശിവം, ജൂഡോ രത്തിനം തുടങ്ങിയ നിരവധി ഫൈറ്റ് മാസ്റ്റര്‍മാര്‍ സജീവമായിരുന്ന കാലം. ഇവര്‍ക്കൊപ്പം ഗോപാലന് ഗുരുക്കളെപ്പോലെയുള്ള കളരിയാശാന്മാരും കളമുറപ്പിച്ചിരുന്നു.
‘പ്രിയതമ’യ്ക്കുശേഷം, മധു നായകനായ ‘കറുത്ത രാത്രികള്‍’ക്ക് വേണ്ടിയായിരുന്നു ത്യാഗരാജന് സംഘട്ടനമൊരുക്കിയത്. ആ സിനിമ സൂപ്പര്‍ഹിറ്റായി. ജയ്മാരുതിക്കു വേണ്ടി എം. കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത ‘കൊച്ചിന് എക്സ്പ്രസ്’ കൂടി വന്നതോടെ ത്യാഗരാജന് മലയാളത്തില്‍ സംഘട്ടനം എന്ന വാക്കിന്റെ പര്യായമായി. അതോടെ അഭിനയമോഹം അദ്ദേഹം ഉപേക്ഷിച്ചു. എം.ജി.ആറും ശിവാജി ഗണേശനും പ്രേംനസീറുമാവാന് തനിക്കൊരിക്കലും കഴിയില്ലെന്ന് അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു. എങ്കിലും സ്റ്റണ്ട് രംഗങ്ങളില്‍ മിന്നിമറയുന്ന ത്യാഗരാജന്റെ മുഖം ഇടയ്ക്കിടെ തിയേറ്ററുകളെ ഇളക്കിമറിച്ചു. ഭാഷയുടെ അതിരുകള്‍ ഭേദിച്ച് സംഘട്ടനകലയില് ഒരു തമിഴ് പയ്യന് കയറിവരുന്നത് സിനിമയ്ക്കകത്തും പുറത്തും വലിയ സംസാരവിഷയമായി.
ത്യാഗരാജന്റെ ജീവിതകഥയുടെ മുന്‍ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Also Read
Premium
ശ്രീനിവാസൻ എം.ജി.ആറിനോട് അലറിക്കരഞ്ഞ് പറഞ്ഞു: …
Premium
ആക്രമണത്തിൽ വാരിയെല്ല് തകർന്നു, ചോരയിൽ …
Premium
കൂർത്ത കമ്പിയിൽ തലയിടിച്ചു, അന്നാദ്യമായി …
Premium
കത്തി ഫൈറ്റ് കഴിഞ്ഞപ്പോൾ പുലികേശി പറഞ്ഞു: …
Premium
എല്ലുംതോലുമായ രൂപം കണ്ടപ്പോൾ ചേട്ടൻ പൊട്ടിക്കരഞ്ഞു: …
Premium
സിനിമാമോഹവുമായി വന്ന പയ്യനോട് സെറ്റിലുള്ളവർ …
Premium
‘മെലിഞ്ഞുനീണ്ട നിന്നെ ആര് സിനിമയിലെടുക്കാൻ?’ …
Premium
നടനായശേഷമേ തിരിച്ചുവരൂ എന്ന ശപഥവുമായി അമ്മയുടെ …
Premium
അമ്മയിൽ നിന്നു ലഭിച്ച വലിയൊരു തിരിച്ചറിവായിരുന്നു …
Premium
തല്ലാണല്ലേ ജോലി, ആരാണ് നിനക്ക് ത്യാഗരാജൻ …
ഒളിപ്പോരുകള്‍ അനവധി ത്യാഗരാജന് നേരിടേണ്ടിവന്നതും ഈ കാലത്താണ്. നേരിട്ടും അല്ലാതെയുമുള്ള വധഭീഷണികള്ക്കൊപ്പം ജീവന് അപകടത്തില്‍പ്പെടുത്താന്‍ ആസൂത്രണങ്ങളുമുണ്ടായി. ‘കറുത്ത രാത്രികള്‍’ ചെയ്യുന്ന കാലത്താണ് തിരുവനന്തപുരത്തുള്ള കുറെ കളരിയാശാന്മാര് എതിരായി വന്നത്. ത്യാഗരാജന് ചെയ്യുന്നതൊന്നും കളരിമുറകളെല്ലെന്നും തട്ടിപ്പുവിദ്യകളാണെന്നും അവര്‍ നേരത്തേ പ്രചരിപ്പിച്ചു തുടങ്ങിയിരുന്നു. കേരളത്തില്‍നിന്ന് ത്യാഗരാജനെ ഓടിക്കുകയായിരുന്നു ലക്ഷ്യം. തിരുവനന്തപുരത്ത് ത്യാഗരാജന് താമസിക്കുന്ന ഹോട്ടലില്‍ എത്തി അവര്‍ പ്രശ്നമുണ്ടാക്കി. ‘വേഗം സ്ഥലം വിട്ടോളണം’ എന്ന് ഭീഷണിയുയര്‍ത്തിയപ്പോള്‍, എന്നാല്‍ പൊരുതിയിട്ട് പോകാമെന്നായി ത്യാഗരാജന്. എല്ലാവരും വായയില്‍ തോന്നിയതെല്ലാം വിളിച്ചു പറയുകയല്ലാതെ ആരും മറ്റൊന്നും ചെയ്യുന്നില്ല. അവഹേളനവാക്കുകള് കേട്ട് സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ മുന്നില്‍നിന്നിരുന്ന മൂന്നാശാന്മാരുടെയും കരണത്ത് ത്യാഗരാജന് ഓരോന്ന് പൊട്ടിച്ചുകൊടുത്തു. അതോടെ പിറകിലുണ്ടായിരുന്നവര്‍ ഓടിയൊളിച്ചു. മൂന്നുപേര്‍ക്കും കണക്കിനു കൊടുത്തശേഷം പറഞ്ഞു: ‘തല്ക്കാലം ഈ അഭ്യാസമേ ഞാന്‍ എടുക്കുന്നൂള്ളൂ. ഇനി ഇതുപോലുള്ള ഏര്‍പ്പാടുകളുമായി എന്റെ മുന്നില്‍ വന്നേക്കരുത്.’ അന്നോടിപ്പോയവര് പിന്നെ അദ്ദേഹത്തിന്റെ കണ്‍വെട്ടത്ത് വന്നിട്ടില്ല. പക്ഷേ, ആക്രമണങ്ങള്‍ പലവഴിക്ക് വീണ്ടും വന്നുകൊണ്ടിരുന്നു. തോറ്റു പിന്മാറാന് ത്യാഗരാജനും ഒരുക്കമായിരുന്നില്ല.
‘കൊച്ചിന് എക്സ്പ്രസ്’ ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തിലെ നമ്പര്‍ വണ്‍ ബാനറുകളുടെ സിനിമകള്‍ ത്യാഗരാജനെ തേടിവരാന്‍ തുടങ്ങി. ദിവസം അഞ്ചു പടത്തിനുവരെ വര്‍ക്ക് ചെയ്യേണ്ട അവസ്ഥ. രാവിലെ ആറിനു തുടങ്ങുന്ന ജോലി പിറ്റേന്ന് വെളുപ്പിന് നാലു മണി വരെയൊക്കെ നീളും. പന്ത്രണ്ടു പേര് അപ്പോള്‍ ശിഷ്യന്മാരായി ഉണ്ടായിരുന്നു. ഓരോ സിനിമയിലെയും സംഘട്ടനത്തില്‍ എന്തെങ്കിലുമൊരു പുതുമ കൊണ്ടുവരാന്‍ ത്യാഗരാജന് ശ്രദ്ധിച്ചു. നായകനടന്മാരുടെ ഫൈറ്റിങ് കപ്പാസിറ്റി പരിഗണിച്ചായിരുന്നു അദ്ദേഹം സ്റ്റണ്ട് കമ്പോസ് ചെയ്തത്. അക്കാലത്ത് ഡ്യൂപ്പില്ലാതെ ഒരു നടനും പൂര്‍ണമായി സ്റ്റണ്ട് ചെയ്യാനാകുമായിരുന്നില്ല. നായകന്റെ ക്ലോസപ്പ് ഷോട്ടുകള്‍ എടുത്തുവെച്ച് ലോങ് ഷോട്ടുകള്‍ ഡ്യൂപ്പുകളെ വെച്ച് ചെയ്യിക്കുകയായിരുന്നു പതിവ്.
‘കൊച്ചിന് എക്സ്പ്രസ്’ സൂപ്പര്‍ ഹിറ്റായതും ത്യാഗരാജന് ഇന്‍ഡസ്ട്രിയില്‍ സജീവമായതും മലയാളത്തിലെ പല ഫൈറ്റ് മാസ്റ്റര്‍മാര്‍ക്കും സഹിച്ചില്ല. ‘ഒരു തമിഴ് പയ്യനെ നിങ്ങളെല്ലാവരും ചേര്‍ന്ന് ഇങ്ങനെ പൊക്കിയാല്‍ മലയാളിയായ ഞാന്‍ എന്തു ചെയ്യും’ എന്നായിരുന്നു ഫൈറ്റ് മാസ്റ്റര്‍ കെ.എസ്. മാധവന് പലരോടും ചോദിച്ചത്.
സംവിധായകന് എം. കൃഷ്ണന് നായര്‍ ഇതിന് നല്ല മറുപടി കൊടുക്കുകയും ചെയ്തു: ‘എനിക്ക് തമിഴനെന്നോ മലയാളിയെന്നോ വ്യത്യാസമില്ല. കന്നടക്കാരനായാലും തെലുങ്കനായാലും ഹിന്ദിക്കാരനായാലും അവന് ഇന്ത്യനാണ്. ത്യാഗരാജനെക്കാള് ബെറ്ററായി മാധവന് ചെയ്തുകാണിക്ക്, അപ്പോള്‍ നോക്കാം.’ കൃഷ്ണന് നായരുടെ വാക്കുകള്‍ കേട്ട് പത്തി താഴ്ത്താന്‍ മാധവന് തയ്യാറായിരുന്നില്ല. ഒരു വര്‍ഷം അറുപത്തിയഞ്ചു പടങ്ങള്ക്കുവരെ ഫൈറ്റ് മാസ്റ്ററായി ജോലി ചെയ്ത ത്യാഗരാജനോട് പലര്‍ക്കും പക തോന്നിയത് സ്വാഭാവികം. അദ്ദേഹത്തെ വകവരുത്താന്‍ സകല അഭ്യാസങ്ങളും പഠിച്ച പക്കാ ഗുണ്ടകള്‍ തന്നെ നിയോഗിക്കപ്പെട്ടു. പക്ഷേ, അങ്ങനെയൊന്നും ത്യാഗരാജനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അവര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ അവര്‍ ആസൂത്രിതമായ ഒരു നീക്കത്തിലേര്പ്പെട്ടു.
കൂടുതൽ പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
രാത്രിയാകുമ്പോള്‍ സ്റ്റണ്ട് മാസ്റ്റര്മാരെല്ലാം മദിരാശിയിലെ വി.ജി.പി. ഗാര്‍ഡനില്‍ ഒത്തുകൂടും. സൗഹൃദസദസ്സെന്നാണ് പറയുക. മദ്യപാനത്തില്‍ തുടങ്ങും. എതിരാളിയെ വകവരുത്തുന്നതിലേക്കുവരെ എത്താറുണ്ട് അവിടെ നടക്കുന്ന ചര്‍ച്ചകള്‍. സൗഹൃദവ്യാജേന ത്യാഗരാജനെ അവിടേക്ക് ക്ഷണിച്ചു. ആ വരവില്‍ എന്നന്നേക്കുമായി ഇല്ലാതാക്കണമെന്ന് അവര്‍ ഉറപ്പിച്ചു. രാത്രി ഷൂട്ടിങ് കഴിഞ്ഞ് മുറിയിലെത്തിയ അദ്ദേഹത്തിന് സ്റ്റണ്ട് സംഘക്കാരുടെ അപ്രതീക്ഷിത ക്ഷണത്തില്‍ എന്തോ പന്തികേടു തോന്നി. അടുത്ത ദിവസം വൃശ്ചികം ഒന്നായിരുന്നു. അക്കാലംവരെ ശബരിമല ദര്‍ശനത്തിന് മല കയറിയിട്ടില്ലാത്ത ആള് വെളുപ്പിന് വടപളനിയിലെ അയ്യപ്പന്‍കോവിലില്‍ പോയി മാലയിട്ടു. പകല്‍ ഷൂട്ടിങ് കഴിഞ്ഞ് സന്ധ്യയോടെ വി.ജി.പി. ഗാര്‍ഡനിലെത്തിയപ്പോള്‍ മുമ്പില്‍ മദ്യവും മാംസാഹാരങ്ങളും നിരന്നു. എത്ര നിര്‍ബ്ബന്ധിച്ചിട്ടും ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ കൂട്ടാക്കാതെ, കഴുത്തിലണിഞ്ഞ അയ്യപ്പസ്വാമിയുടെ ചിത്രം പതിച്ച മാല കാണിച്ചുകൊണ്ട് ത്യാഗരാജന് പറഞ്ഞു: ‘ഞാന്‍ സ്വാമിയാണ്. നിങ്ങളുടെ സല്‍ക്കാരത്തില്‍ മറ്റൊരവസരത്തില്‍ പങ്കുചേരാം.’
അധികം സംസാരത്തിന് ഇടംകൊടുക്കാതെ അവിടെനിന്ന് ഇറങ്ങി. വി.ജി.പി. ഗാര്‍ഡനില്‍ തന്നെ എത്തിക്കുന്നതിലൂടെ സ്റ്റണ്ട് മാസ്റ്റര്‍മാര്‍ ഉദ്ദേശിച്ചത് എന്തായിരുന്നുവെന്ന് അടുത്തദിവസം തന്നെ ത്യാഗരാജന്റെ ചെവിയിലെത്തി. വിഷം കലര്‍ത്തിയ ഭക്ഷണമായിരുന്നു തലേന്ന് അദ്ദേഹത്തിനു മുന്നില്‍ വിളമ്പിയത്. കഴിച്ചയുടന്‍ മരണം സംഭവിക്കില്ല. ശരീരത്തിന്റെ ഓരോ ഭാഗവും തളര്‍ത്തിയശേഷം മൂന്നോ നാലോ ദിവസങ്ങള്‍കൊണ്ട് ജീവനെടുക്കുന്ന വിഷമായിരുന്നു ഭക്ഷണത്തില്‍ ചേര്‍ത്തത്. ത്യാഗരാജനെ പ്രാണനെപ്പോലെ സ്നേഹിച്ചിരുന്ന ഫൈറ്റര്‍ രാമകൃഷ്ണനെ തലേന്ന് വി.ജി.പി. ഗാര്‍ഡനിലുണ്ടായിരുന്ന സ്റ്റണ്ടുകാരിലാരോ അറിയിച്ച വിവരമായിരുന്നു അത്. അതറിഞ്ഞതു മുതല്‍ കുറച്ചു നാളത്തേക്ക് കുടിക്കുന്ന വെള്ളത്തില്‍പ്പോലും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. ഷൂട്ടിങ് സെറ്റില്‍ വെള്ളവും ഭക്ഷണവുമെല്ലാം സ്വയം എടുത്തു കഴിച്ചു. ഇനി മുന്നോട്ടു പോകണമെങ്കില്‍ എം.ജി.ആര്. സഹായിക്കണം. അല്ലാതെ മറ്റൊരു രക്ഷയുമില്ല. ത്യാഗരാജന്റെ മനസ്സ് പറഞ്ഞു.
പുലികേശിക്കൊപ്പം നിന്ന കാലത്ത് എം.ജി.ആറിന്റെ സിനിമകള്‍ക്കു വേണ്ടിയും അദ്ദേഹം ജോലി ചെയ്തിരുന്നു. ആദ്യകാലത്ത് എം.ജി.ആറിന് ത്യാഗരാജനോട് വലിയ താത്പര്യമുണ്ടായിരുന്നില്ല. സ്റ്റണ്ടുകാരുടെ സംഘടനയുണ്ടായതിന്റെ പ്രധാന കാരണക്കാരന്‍ അദ്ദേഹമാണല്ലോ എന്ന ചെറിയൊരു നീരസം എം.ജി.ആര്. പുലര്‍ത്തിയിരുന്നു. പക്ഷേ, ക്രമേണ ത്യാഗരാജനെ എം.ജി.ആര്. ഇഷ്ടപ്പെട്ടുതുടങ്ങി. കന്നടയില്‍ ‘ബലേ ബസവ’ ചെയ്ത സമയം. വിക്രം സ്റ്റുഡിയോയില്‍നിന്ന് ‘ബലേ ബസവ’ കണ്ട് പുറത്തു വന്ന എം.ജി.ആര്. ആദ്യം പറഞ്ഞത് ‘ബെസ്റ്റ് ഫൈറ്റ്’ എന്നാണ്. കാറില്‍ കയറുന്നതിനിടയില്‍ അദ്ദേഹം സംവിധായകനോട് ചോദിച്ചു: ‘ആരാണ് ഈ സിനിമയുടെ ഫൈറ്റ് മാസ്റ്റര്‍?’ ‘ത്യാഗരാജന്’ എന്ന മറുപടി കേട്ടപ്പോള്‍ എം.ജി.ആര്. പറഞ്ഞു: ‘ഓ… ചിന്നപയ്യനല്ലേ, ജീനിയസ്.’ ഒരു മഹാപ്രതിഭയില്‍നിന്ന് ത്യാഗരാജനു കിട്ടിയ വലിയ ബഹുമതി. ഫൈറ്റിനെക്കുറിച്ച് എം.ജി.ആറിന് നല്ല ധാരണയുണ്ടായിരുന്നു. ആക്ടറായിരുന്നില്ലെങ്കില് ഒരുപക്ഷേ, ഇന്ത്യ കണ്ട മികച്ച ഫൈറ്റ് മാസ്റ്ററാകുമായിരുന്നു എം.ജി.ആര്. ഏറെ വൈകാതെ പല പ്രൊഡ്യൂസര്‍മാരോടും എം.ജി.ആര്. പറയാന്‍ തുടങ്ങി: ‘ത്യാഗരാജനെ വിളിക്കൂ, നല്ല പയ്യനാണ്. ആത്മാര്‍ത്ഥമായി ജോലിചെയ്യും.’
എം.ജി.ആർ. | ഫോട്ടോ: പുനലൂർ രാജൻ
തന്നെ വകവരുത്താന്‍ സിനിമയ്ക്കുള്ളില്നിന്നുതന്നെ ഗൂഢശ്രമങ്ങള്‍ നടക്കുന്ന കാര്യം എം.ജി.ആറിനോട് പറഞ്ഞത് ത്യാഗരാജന് തന്നെയാണ്. എന്തുവന്നാലും താന്‍ നോക്കാമെന്ന് എം.ജി. ആര്. ഉറപ്പുനല്‍കി. മദിരാശിയില്‍ സിനിമാപ്രവര്‍ത്തകര്‍ ഒത്തുകൂടിയ ഒരു ചടങ്ങില്‍വെച്ച് എം.ജി.ആര്. പരസ്യമായി പറഞ്ഞു: ‘ത്യാഗരാജന്റെ ശരീരത്തില്‍ ഒരു തരി മണ്ണുവീഴ്ത്താന് ഞാനനുവദിക്കില്ല.’ ആ വാക്കുകള്‍ ത്യാഗരാജനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ ഭയപ്പെടുത്തി. ഇന്നോ നാളെയോ ഒരു ആക്സിഡന്റിലൂടെ ജീവിതം അവസാനിക്കുമെന്നു കരുതിയ അദ്ദേഹത്തിന് എം.ജി.ആര്. പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഷൂട്ടിങ്ങിനു പോകുമ്പോഴും വരുമ്പോഴും അദ്ദേഹത്തിന്റെ വാഹനത്തിന് മുന്നിലും പിന്നിലുമായി പോലീസ് വണ്ടികള്‍ അകമ്പടി നല്കി. എം.ജി.ആറിന്റെ ആ കരുതല്‍ നാലുവര്‍ഷം തുടര്‍ന്നു. അതിനിടയില്‍ ത്യാഗരാജന് തനിക്കുചുറ്റും ഒരു കവചം സൃഷ്ടിക്കാന്‍ തുടങ്ങിയിരുന്നു.
മദിരാശിയില്‍ അക്കാലത്തെ ഒരു താരമായിരുന്നു ബോക്സര്‍ മനീറുദ്ദീന്. അയാളെ അറിയാത്ത സിനിമക്കാരും രാഷ്ട്രീയക്കാരും കുറവായിരുന്നു. ഒത്ത ഉയരവും കാരിരുമ്പിന്റെ ശരീരഘടനയും മൃഗത്തിന്റെ ക്രൗര്യം ഓര്‍മ്മിപ്പിക്കുന്ന മുഖഭാവങ്ങളുമുള്ള മനീറുദ്ദീനെ കണ്ടാല്‍ ആരും ഒന്നു ഭയക്കും. അയാള്‍ക്ക് തടിമിടുക്കുള്ള അമ്പതോളം ചെറുപ്പക്കാരുടെ ഒരു ഗ്യാങ് തന്നെയുണ്ടായിരുന്നു. ത്യാഗരാജനോട് മുനീറുദ്ദീന്‍ വലിയ ബഹുമാനമായിരുന്നു. ബാവ എന്നാണ് മുനീറുദ്ദീന്‍ ത്യാഗരാജനെ വിളിച്ചിരുന്നത്. മുനീറുദ്ദീനുമായി സംസാരിച്ച് അയാളുടെ ഗ്യാങ്ങിനെ ത്യാഗരാജന് തനിക്കൊപ്പം നിര്‍ത്തി. അവര്‍ക്ക് താമസിക്കാന്‍ ഹോട്ടല്‍ വാടകയ്ക്കെടുത്തു. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ആ അമ്പതു പേര് ത്യാഗരാജന് സഹായികളായി. ഡ്യൂപ്പിടുകയും ഫൈറ്റ് ചെയ്യുകയും മാത്രമായിരുന്നില്ല അവരുടെ ഡ്യൂട്ടി. വേണ്ടിവന്നാല്‍ തല്ലാനും കൊല്ലാനും ഒട്ടും മടിക്കാത്ത ഗ്യാങ്ങായിരുന്നു അത്. ത്യാഗരാജന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആ സഹോദരന്മാര്. എപ്പോഴും അദ്ദേഹത്തിനു ചുറ്റും അവരുണ്ടായിരുന്നു. ആ കാവലില്ലായിരുന്നെങ്കില്, വിഷം കലര്‍ന്ന ഭക്ഷണത്തിലൂടെയോ വാഹനാപകടത്തിലൂടെയോ അതുമല്ലെങ്കില്‍ ഒരു വെടിയുണ്ടയിലൂടെയോ ത്യാഗരാജന് അവസാനിക്കുമായിരുന്നു.
(തുടരും)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net