നടന് സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ ആദ്യം ലക്ഷ്യമിട്ടത് ഷാരൂഖ് ഖാനെയാണെന്ന റിപ്പോര്‍ട്ടുകൾക്കു പിന്നാലെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ഷാരൂഖിന്റെ വീടിന് സമീപത്ത് നില്ക്കുന്ന ഒരാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജനുവരി 14-ാം തീയതിയിലെ സി.സി.ടി.വി ദൃശ്യങ്ങളാണിത്.
കറുത്ത ടി-ഷര്‍ട്ട് ധരിച്ച ഒരാള്‍ ബാക്ക്പാക്കുമായി നില്‍ക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണുന്നത്. വെളുത്ത തുണി കൊണ്ട് ഇയാള്‍ മുഖം മറച്ചിട്ടുമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സെയ്ഫ് അലി ഖാനെ അക്രമിച്ചയാൾ ആദ്യം ഷാരൂഖിന്റെ മന്നത്ത് ബംഗ്ലാവില്‍ കയറാന്‍ ശ്രമിച്ചിരുന്നെന്നും കനത്ത സുരക്ഷാസജ്ജീകരണങ്ങള്‍ ഉള്ളതിനാല്‍ ഈ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
സെയ്ഫിനെ അക്രമിച്ച കേസില്‍ ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഇതിനിടെയാണ് അക്രമി ഷാരൂഖിനേയും ലക്ഷ്യമിട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഷാരൂഖിന്റെ വീടിനടുത്ത് ഒരാള്‍ കൈയില്‍ 6-8 അടി നീളമുള്ള ഇരുമ്പ് ഏണിയുമായി ചുറ്റിത്തിരിയുന്നത് കണ്ടിരുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. ഇതും സെയ്ഫ് അലി ഖാനെ അക്രമിച്ച പ്രതിയും ഒരാളെന്നാണ് പോലീസ് സംശയിക്കുന്നത്. സെയ്ഫിനെ ആക്രമിച്ചുവെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റിഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതേസമയം പരിക്കേറ്റ സെയ്ഫ് അപകടനില തരണം ചെയ്തതായാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. മുംബൈ ലീലാവതി ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്. താരത്തെ ഐ.സി.യുവില്‍ നിന്ന് മാറ്റിയിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തിലെ നടന്റെ വീട്ടില്‍ വെച്ചായിരുന്നു ആക്രമണം. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലില്‍നിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായി നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]