തങ്ങളുടെ അഭിനയം കണ്ടറിയാനും കഥാപാത്രങ്ങളെ ഉൾക്കൊള്ളാനും കാത്തിരിക്കുന്നവർക്ക് മുന്നിലേക്കുള്ള യാത്രയിലാണ് അഞ്ജലിയെയും ജെസി മോഹനെയും വാഹനാപകടത്തിന്റെ വേഷത്തിലെത്തി മരണം കവർന്നെടുത്തത്. അടുത്ത വേദിയിൽ ഒന്നിച്ച് വേഷമാടിത്തിമിർക്കേണ്ട രണ്ടുപേർ തങ്ങൾക്കൊപ്പമില്ലെന്ന യാഥാർഥ്യമറിയാതെ പരിക്കുമായി ആസ്പത്രിയിൽ കഴിയുന്നവർക്ക് മുന്നിൽ എല്ലാവരും യഥാർഥത്തിൽ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ നാടകമാടുകയായിരുന്നു.
കണ്ടുമടുത്ത തമാശരംഗങ്ങളിൽനിന്ന് വ്യത്യസ്തമായ രംഗങ്ങളുമായി കൂട്ടച്ചിരിയുണർത്തി ഏറെ പ്രസക്തവും സാമൂഹികവുമായ ദൗത്യം നിർവഹിക്കുന്നതായിരുന്നു ‘വനിതാ മെസ്’. വനിതകൾ പൊതുരംഗത്ത് വരുമ്പോൾ ചില വീട്ടുകാർക്കും ഭർത്താക്കന്മാർക്കും ഉണ്ടാകുന്ന ആകുലതകളും ഈഗോയും നിറയുന്ന നാടകം ഒടുവിൽ സ്ത്രീപക്ഷ നിലപാടിന്റെ കാലികപ്രസക്തി വിളംബരം ചെയ്യുന്നു. കടന്നപ്പള്ളി തെക്കേക്കര റെഡ്സ്റ്റാർ നാടകോത്സവത്തിന്റെ രണ്ടാംദിനമെത്തി ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകരെ പിടിച്ചിരുത്തുകയായിരുന്നു കായംകുളം ദേവ കമ്യൂണിക്കേഷൻ. യവനിക വീണപ്പോൾ നീണ്ട കൈയടി. അഭിനന്ദനവും ഭക്ഷണവും നൽകി നാടകക്കാരെ യാത്രയാക്കിയപ്പോൾ കടന്നപ്പള്ളിക്കാർ അറിഞ്ഞില്ല, അടുത്ത മണിക്കൂറുകളിൽ ആ ദുഃഖവാർത്ത തേടിയെത്തുമെന്ന്.
മലയാളത്തിന്റെ ഹൃദയങ്ങളെ ഇളക്കിമറിച്ച് വ്യത്യസ്തങ്ങളായ നിരവധി നാടകങ്ങൾ, നിരവധി വേദികളിൽ അഭിനയിച്ച് ജീവിച്ചവരാണ് അഞ്ജലിയും ജെസിയും. രാത്രി 7.45-നാണ് നാടകം തുടങ്ങിയത്. 9.45 -ഓടെ അവസാനിച്ചു. ശനിയാഴ്ച വയനാട് സുൽത്താൻബത്തേരിയിൽ സംസ്ഥാന പ്രൊഫഷണൽ നാടകമേളയിലായിരുന്നു അടുത്ത വേദി. പൾസ് കേരള അക്കാദമി ഓഫ് എൻജിനിയറിങ്ങും ബത്തേരി നഗരസഭയും പ്രസ് ക്ലബും ചേർന്നാണ് സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ നാടകമേള നടത്തുന്നത്. അതിനായാണ് കടന്നപ്പള്ളിയിലെ പരിപാടിക്കുശേഷം നാടകസംഘം അർധരാത്രിയോടെ പുറപ്പെട്ടത്. യാത്ര തുടങ്ങിയപ്പോൾ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നുവെന്ന് അപകടത്തിൽ പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലുള്ള നടനും കായംകുളം ദേവ കമ്യൂണിക്കേഷന്റെ പ്രധാന സംഘാടകനുമായ സുരേഷ് തൂലിക ഓർക്കുന്നു. തമാശകൾ പറഞ്ഞും നാടകത്തിലെ ഡയലോഗുകളെടുത്തും യാത്ര സജീവമാക്കി. കണ്ണൂരിലെ പ്രിയപ്പെട്ട ഭക്ഷണത്തെക്കുറിച്ചും ചർച്ചയാക്കി. അതിനിടയിൽ ചിലർ പതുക്കെ ഉറക്കത്തിലേക്ക് വഴുതി. പുലർച്ചെ മൂന്നോടെ കേളകം മലയാംപടിയിലെ ചെങ്കുത്തായ കുന്നിൽനിന്ന് നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെടുകയായിരുന്നു.
വനിതാ മെസിന്റെ ബ്രോഷർ. മുകളിൽ പച്ച സാരിയിൽ ജെസി, താഴെ കറുത്ത വേഷത്തിൽ അഞ്ജലി
ഈ വർഷം ബുക്ക് ചെയ്തത് 75 സ്റ്റേജുകൾ
വനിതാ മെസിന് ഈ വർഷം 75 സ്റ്റേജുകളിലേക്കാണ് ബുക്കിങ് ലഭിച്ചത്. മുതുകുളം ശ്രീനാരായണ മന്ദിരത്തിൽ ഒന്നിനാണ് പൂജ കഴിഞ്ഞ് നാടകം അരങ്ങേറിയത്. പിന്നീട് 10 ദിവസത്തിനുള്ളിൽ അഞ്ച് സ്റ്റേജുകളിൽ അവതരിപ്പിച്ചു. അതിൽ മൂന്നെണ്ണം കണ്ണൂരിലാണ്. സി.പി.എം. അഞ്ചരക്കണ്ടി ഏരിയാസമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ജില്ലയിൽ നാടകം ആദ്യം അവതരിപ്പിച്ചത്.
നിറഞ്ഞ കണ്ണീരുമായി അവരെത്തി
അപകടവിവരമറിഞ്ഞ് പുലർച്ചെതന്നെ നിരവധി നാടകപ്രവർത്തകർ കണ്ണൂരിലെ ആസ്പത്രിയിലേക്ക് ഒഴുകിയെത്തി. സംസ്ഥാനത്തെ നിരവധി നാടകസംഘങ്ങളിലെ നടീനടന്മാരുടെയും അണിയറ പ്രവർത്തകരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അഭിനയത്തിന്റെ പാതിവഴിയിൽ ജീവിതം അവസാനിച്ച അഞ്ജലിയുടെയും ജെസി മോഹന്റെയും ചലനമറ്റ ശരീരം കണ്ട് അവർ പൊട്ടിക്കരഞ്ഞു. പരിക്കേറ്റ് ചികിത്സയിലായവരെ സാന്ത്വനിപ്പിക്കാനും സഹായത്തിനുമായി അവരെത്തി. നാടകപ്രവർത്തകരുടെ വാഹനങ്ങൾ കൊണ്ട് ആസ്പത്രി പരിസരം നിറഞ്ഞിരുന്നു. നൂറിലധികം നാടകാസ്വാദകരും ആസ്പത്രിയിലെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]