വാക്വിന് ഫീനിക്സിനെ നായകനാക്കി ടോഡ് ഫിലിപ്പ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ജോക്കര്‍ ഒരു ക്ലാസിക്ക് ചിത്രമായിരുന്നു. ലോകമൊട്ടാകെ ആരാധക പ്രീതി പിടിച്ചു പറ്റിയ ജോക്കര്‍ ആര് റേറ്റഡ് സിനിമയുടെ ചരിത്രത്തില്‍ സാമ്പത്തികമായി വലിയ വിജയമാണ് നേടിയത്. സ്യൂഡോ ബുള്‍ബാര്‍ എന്ന അവസ്ഥയ്ക്ക് സമാനമായ മാനസിക വെല്ലുവിളി നേരിടുന്ന ആര്‍തറിനെ അതിമനോഹരമായാണ് വാക്വിന് ഫീനിക്സ് അവതരിപ്പിച്ചിച്ചത്. കഥാപാത്രത്തിന്റെ പരാധീനതകള്‍ തന്നിലേക്ക് പൂര്‍ണമായും ആവേശിച്ച് പ്രേക്ഷരില്‍ കടുത്ത വൈകാരികഭാരമാണ് വാക്വിന് ഫീനിക്സ് സൃഷ്ടിച്ചത്. ആ വര്‍ഷത്തെ ഓസ്കര് അടക്കം മികച്ച നടനുള്ള നടനുള്ള ഒട്ടേറെ പുരസ്കാരങ്ങള്‍ വാക്വിന് ഫീനിക്സ് സ്വന്തമാക്കുകയും ചെയ്തു.
രണ്ടാം ഭാഗത്തിനായുള്ള തുറന്ന സാധ്യതകള്‍ മുന്നോട്ടു വെച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിച്ചത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ‘ജോക്കര്‍; ഫോളി അഡ്യൂ’ എന്ന പേരില്‍ ഒക്ടോബര്‍ 2-ന് ഇന്ത്യയിലും ഒക്ടോബര്‍ 4-ന് വിദേശത്തും ലോകമൊട്ടാകെ റിലീസ് ചെയ്തു. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ജൂക്ക്ബോക്സ് മ്യൂസിക്കല്‍ സൈക്കോളജിക്കല്‍ ത്രില്ലറായാണ് ജോക്കര്‍ 2 ഒരുക്കിയത്. വാക്വിന് ഫിനിക്സും ലേഡിഗാഗയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതെ സിനിമ പരാജയമായി. യുഎസ് ആഭ്യന്തര ബോക്സ് ഓഫീസില്‍ 51.5 മില്യണ്‍ ഡോളര്‍ മാത്രമാണ് നേടാനായത്. ആഗോളതലത്തില്‍ 165 മില്യണ്‍ ഡോളറാണ് വരുമാനം. സിനിമയുടെ ബജറ്റ് 200 മില്യണോളം വരും. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ ഷോകളുടെ എണ്ണം 50 ശതമാനത്തോളം ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ വര്‍ഷങ്ങളില്‍ ഏറെ പ്രതീക്ഷകളോടെ എത്തുകയും മോശം അഭിപ്രായം നേടുകയും ചെയ്ത ഡിസിയുടെ ജസ്റ്റിസ് ലീഗിനെക്കാളും താഴെയാണ് ‘ജോക്കര്‍: ഫോളി എ ഡ്യൂക്സ്’ ന്റെ റേറ്റിങ്.
ജോക്കര്‍ 2 അസഹനീയമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രശസ്ത അമേരിക്കന്‍ തിരക്കഥാകൃത്തും സംവിധായകനും നിരൂപകനുമായ പോള്‍ ഷ്റേഡര്‍. മാര്ട്ടിന് സ്കോസെസി സംവിധാനം ചെയ്ത ടാക്സി ഡ്രൈവര്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് പോള്‍ പാള്‍ ഷ്റേഡര്‍. വളരെ മോശം മ്യൂസിക്കല്‍ ഡ്രാമ എന്നാണ് അദ്ദേഹം ജോക്കര്‍ 2 നെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞത്.
‘പത്ത് പതിനഞ്ച് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ താന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോന്നു. അസഹനീയമാണ്. അവര്‍ രണ്ടുപേരെയും എനിക്ക് ഇഷ്ടമല്ല. അവരെ അഭിനേതാക്കളെന്ന നിലയിലും ഇഷ്ടമല്ല. അവരെ ആ കഥാപാത്രങ്ങളായി കാണുന്നതേ എനിക്ക് ഇഷ്ടമല്ല. അവര്‍ നിങ്ങളുടെ വീട്ടിലേക്ക് വന്നാല്‍, അവര്‍ കാണാതെ നിങ്ങള്‍ ഒഴിഞ്ഞു പോകും’- പോള്‍ ഷ്റേഡര്‍ പറഞ്ഞു. ഷ്റേഡറിന്റെ അഭിപ്രായം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ബോക്സോഫീസില്‍ ദയനീയ പരാജയമായതോടെ ചിത്രം ഒടിടിയിലെത്തുകയാണ്. ചിത്രം ഒക്ടോബര്‍ 29 മുതല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുമെന്ന് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]