
കൊച്ചി: താര സംഘടനയായ ‘അമ്മ’ പിളർപ്പിലേക്കെന്ന് സൂചന. ‘അമ്മ’യിലെ ഇരുപതോളം അംഗങ്ങൾ പുതിയ സംഘടന ആരംഭിക്കാനായി ഫെഫ്ക്കയെ സമീപിച്ചിട്ടുണ്ട്. പുതിയ ട്രേഡ് യൂണിയൻ ആരംഭിക്കാനുള്ള സാധ്യതകളാണ് താരങ്ങൾ തേടുന്നത്.
ട്രേഡ് യൂണിയൻ രൂപീകരിക്കാൻ താരങ്ങൾ തങ്ങളെ സമീപിച്ച കാര്യം ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മയുടെ സ്വത്വം നിലനിർത്തിയാണ് പുതിയ സംഘടനയെക്കുറിച്ച് ആലോചിക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. താരങ്ങൾ ചർച്ച നടത്തിയെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ‘അമ്മ’ ഒരു ട്രേഡ് യൂണിയൻ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ഞൂറിലധികം താരങ്ങളാണ് അമ്മയിൽ അംഗങ്ങളായുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിവാദങ്ങൾ ഉടലെടുക്കുകയും ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. ‘അമ്മ’യുടെ ഭരണസമിതി ഒന്നടങ്കം പിരിച്ചുവിട്ടതിൽ താരസംഘടനയിൽ അഭിപ്രായഭിന്നതയും ഉടലെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെയ്ക്കാൻ തീരുമാനിച്ചപ്പോൾ ‘അമ്മ’ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ഒന്നടങ്കം ബാധിക്കില്ലേ എന്നാണ് ആദ്യമുയർന്ന ആശങ്ക. ഇത് അംഗങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഏതാനും ചിലരുടെ പേരിലുള്ള ആരോപണങ്ങളുടേയും പരാതികളുടേയും പേരിൽ കമ്മിറ്റി ഒന്നടങ്കം രാജിവെയ്ക്കേണ്ടതുണ്ടോ എന്ന ചോദ്യം ചില യുവ അംഗങ്ങൾ ഉയർത്തിയത്.
ഹേമ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഡബ്ലുസിസി ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമ കമ്മിറ്റി വിളിക്കുകയോ വിവര ശേഖരണം നടത്തുകയോ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി ആളുകളെ കണ്ടതെന്നും നിർമാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങൾ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഫെഫ്ക കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.
ഫെഫ്കയിലെ ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറിമാരെ പോലും കമ്മിറ്റി കണ്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരമർശിച്ച പേരുകളും 15 അംഗ പവർ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണം. സാക്ഷികളിൽ ചിലർ പ്ലാൻ ചെയ്തതാണ് 15 അംഗ പവർ ഗ്രൂപ്പും മാഫിയയും. സിനിമയിൽ ഇത് അസാധ്യമാണ്. പവർ ഗ്രൂപ്പിൽ ആരൊക്കെയാണെന്നുള്ളത് നിയമപരമായി പുറത്തുവരണമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]