
ട്രെയിലറും പോസ്റ്ററും സൂചിപ്പിച്ചതുപോലെ ഇടി, ആൻ്റണി വർഗീസ് പെപ്പെയുടെ നല്ല ഒന്നാന്തരം ക്വിന്റൽ ഇടി. അതുതന്നെയാണ് അജിത് മാമ്പള്ളി സംവിധാനം ചെയ്ത ‘കൊണ്ടൽ’. പെപ്പെയ്ക്ക് ഒപ്പം കന്നഡ സൂപ്പർതാരം രാജ് ബി ഷെട്ടിയും ചേരുന്നുണ്ട് ചിത്രത്തിന് ആവേശം പകരാൻ.
കടൽ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഒരു ആക്ഷൻ ചിത്രമാണ് ‘കൊണ്ടൽ’. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുജനതയുടെ ജീവിതം പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. അവരുടെ പ്രശ്നങ്ങളും സന്തോഷങ്ങളുമെല്ലാം പകർത്തി മുന്നോട്ട് പോകുന്ന ചിത്രം വളരെപ്പെട്ടെന്നാണ് ട്രാക്ക് മാറുന്നത്. പിന്നീട് കഥാപശ്ചാത്തലം കടലും ഒരു ബോട്ടുമായി മാറുകയാണ്. കടലിന് നടുവിലെ ഒരുപിടി സംഭവവികാസങ്ങളാണ് പിന്നീട് ചിത്രം.
ഇമ്മാനുവൽ എന്ന നായക കഥാപാത്രമായാണ് ആൻ്റണി വർഗീസ് ചിത്രത്തിലെത്തുന്നത്. നാട്ടിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ ഇമ്മാനുവലിനെ മാറിനിൽക്കാൻ പ്രേരിപ്പിക്കുകയാണ്. മീൻപിടിക്കാൻ പോകുന്ന ബോട്ടിലാണ് അയാൾ ഒടുവിൽ എത്തിച്ചേരുന്നത്. അവിടെ ഇമ്മാനുവൽ നേരിടേണ്ടി വരുന്ന സംഭവവികാസങ്ങൾ അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നുണ്ട്. സൗഹൃദവും വെെകാരിക നിമിഷങ്ങളുമെല്ലാം ചേർന്നാണ് പിന്നീട് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
പ്രതികാരമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്ന മറ്റൊരു പ്രധാനപ്പെട്ടൊരു ഘടകം. കുടുംബ ബന്ധങ്ങളുടെ ആഴത്തിലേയ്ക്കും ചിത്രം സഞ്ചരിക്കുന്നുണ്ട്. വിക്രം മോർ, കലൈ കിങ്സൺ, തവസി രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിനായി സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
ആദ്യം മുതൽ ഉഗ്രൻ ഇടി ഇടിക്കുന്ന പെപ്പെയെ ചിത്രത്തിൽ കാണാം. കന്നഡ താരം രാജ് ബി ഷെട്ടി ഒരു സുപ്രധാന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യത വർധിപ്പിക്കുന്ന പ്രകടനമാണ് രാജ് ബി ഷെട്ടി ചിത്രത്തിൽ നടത്തിയിരിക്കുന്നതും. ചിത്രത്തിലെ പ്രധാന കഥാപാത്രമായി ഷബീർ കല്ലറക്കലും എത്തുന്നുണ്ട്. ഡാനിയലായി രാജ് ബി ഷെട്ടി വേഷമിട്ടപ്പോൾ ജൂഡ് എന്ന കഥാപാത്രത്തെയാണ് ഷബീർ കല്ലറക്കൽ അവതരിപ്പിച്ചിരിക്കുന്നത്.
നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, പി എൻ സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ, ആഷ്ലി, രാഹുൽ രാജഗോപാൽ, അഫ്സൽ പി എച്ച്, റാം കുമാർ, രാഹുൽ നായർ, ഉഷ, കനക, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും അഭിനയിച്ചിട്ടുണ്ട്.
കടലിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ദീപക് ഡി മേനോൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
അജിത് മാമ്പള്ളി, റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]