
അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാവാൻ, അവരുടെ പ്രശ്നങ്ങളും പ്രതിഷേധങ്ങളും ഉയർത്തിക്കാട്ടാൻ എന്നും ശ്രമിച്ചിട്ടുള്ളവയാണ് പാ രഞ്ജിത്ത് ചിത്രങ്ങൾ. അട്ടകത്തി മുതൽ ഈയൊരു വിഷയം കൃത്യമായി പറയാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. തമിഴകത്ത് ഇപ്പോഴും നിലനിൽക്കുന്ന ജാതിവ്യവസ്ഥയുൾപ്പെടെയുള്ള ഉച്ചനീചത്വങ്ങൾ തന്റെ സിനിമകളിലൂടെ രഞ്ജിത്ത് തുറന്നുകാട്ടാറുമുണ്ട്. ആ സിനിമാ കണ്ണിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് തങ്കലാൻ. പീരിയോഡിക് ആക്ഷൻ ഡ്രാമ വിഭാഗത്തിലാണ് ഉൾപ്പെടുന്നതെങ്കിലും ഇന്നും തുടരുന്ന, ഇന്നത്തെ കാലത്തും പ്രസക്തിയുള്ള കഥ തന്നെയാണ് തങ്കലാനിലൂടെയും പാ രഞ്ജിത്ത് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.
വേപ്പൂർ എന്ന പിന്നാക്കവിഭാഗക്കാരായ ആളുകൾ താമസിക്കുന്ന പ്രദേശത്തുനിന്നാണ് കഥയുടെ തുടക്കം. ജന്മി-കുടിയാൻ വ്യവസ്ഥ നിലനിൽക്കുന്ന സമയം. കൃഷി ചെയ്ത് വയർ നിറയ്ക്കുന്ന ഒരു വിഭാഗം ജനങ്ങൾ. കർണാടകയിലെ ആനമല എന്ന പ്രദേശത്ത് വൻതോതിൽ സ്വർണനിക്ഷേപമുണ്ടെന്ന് കണ്ട് വേപ്പൂർ ഗ്രാമനിവാസികളെ ബ്രിട്ടീഷുകാർ സ്വർണം ഖനനം ചെയ്യാനായി കൂട്ടിക്കൊണ്ടുപോകുന്നു. ഇതിനെത്തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് രാഷ്ട്രീയത്തിന്റെ നിറംകലർത്തി പാ രഞ്ജിത്ത് പറയുന്നത്.
ഒറ്റനോട്ടത്തിൽ പീരിയോഡിക് ചിത്രമെന്ന് തോന്നാമെങ്കിലും ഒരു പ്രത്യേക ജോണറിൽ ഒതുക്കിനിർത്താവുന്നതല്ല തങ്കലാനെ. ഫാന്റസിയും വിശ്വാസവും ആക്ഷനും പ്രണയവും ഒരേസമയം പറയുന്നുണ്ട് തങ്കലാൻ. അതേസമയം പക്കാ ദളിത് രാഷ്ട്രീയവും വിപ്ലവവും സംസാരിക്കുന്നുമുണ്ട് ഈ പാ രഞ്ജിത്ത് ചിത്രം. സ്വർണം തേടിയുള്ള യാത്രയിൽ ബ്രിട്ടീഷുകാർക്കൊപ്പം ആദ്യം പോകുന്നവരിൽ പ്രധാനിയാണ് തങ്കലാൻ. സമൂഹത്തിന്റെ താഴെത്തട്ടിൽ കിടന്ന് അധികാരവർഗത്തിന്റെ ആട്ടും തുപ്പുമേൽക്കാനുള്ളതല്ല തന്റെ ജീവിതം എന്ന് കരുതുന്നയാളാണ് തങ്കലാൻ. കുഴിച്ചെടുക്കുന്ന സ്വർണത്തിൽ ഒരംശമെങ്കിലും കിട്ടിയാൽ തന്റെയും കുടുംബത്തിന്റെയും ഭാവി രക്ഷപ്പെടുമെന്നും സമൂഹത്തിൽ ഉയർച്ചയുണ്ടാകുമെന്നും ഇയാൾ കരുതുന്നുണ്ട്. പക്ഷേ ആ യാത്രയിൽ അയാൾക്ക് നേരിടാനുള്ളതും നഷ്ടപ്പെടാനുള്ളതും രക്തത്തിന്റെ മണമുള്ള അനുഭവങ്ങളായിരുന്നു.
കോലാർ സ്വർണ ഖനിയേക്കുറിച്ച് മലയാളികൾ വെള്ളിത്തിരയിൽ ഇതിനുമുൻപ് കണ്ടിട്ടുള്ളത് കെ.ജി.എഫ് ചിത്രങ്ങളിലൂടെയാണ്. എന്നാൽ അതിൽനിന്നൊക്കെ വിഭിന്നമായ ഒരു കോലാർ സ്വർണ ഖനിയാണ് പാ രഞ്ജിത്ത് ഒരുക്കിവെച്ചിരിക്കുന്നത്. കെ.ജി.എഫിൽ സ്വർണ ഖനനം ആരംഭിച്ച കാലഘട്ടത്തെയാണ് തങ്കലാനിൽ കാണാനാവുക.
പല ലേയറുകളിലായാണ് തങ്കലാന്റെ അവതരണം. ഫാന്റസി, വിശ്വാസം എന്നീ ഘടകങ്ങൾ അവിടെ നിലനിൽക്കുമ്പോഴും ദളിത് രാഷ്ട്രീയം എന്ന ഘടകം പലപ്പോഴും ഉയർന്നുനിൽക്കുന്നതായി കാണാം. വേപ്പൂരിൽ ആദ്യമായി ജന്മിത്ത വ്യവസ്ഥിതിയ്ക്കെതിരെ സംസാരിക്കുന്നത് തങ്കലാനാണ്. തങ്ങൾ പണിയെടുക്കുന്ന നിലത്തിന്റെ ഉടമകൾ തങ്ങൾ തന്നെയാണെന്ന് ഈ കഥാപാത്രം ഉറക്കെ പറയുന്നുണ്ട്. ജീവിതനിലവാരം ഉയർത്താനുള്ള തങ്കലാന്റെ യാത്രയാണ് ചിത്രത്തിന്റെ ആദ്യ പകുതിയിൽ. മുതലാളിമാർക്ക് അടിമയെപ്പോലെ നിൽക്കുകയാണ് ഈ പകുതിയിൽ തങ്കലാൻ. എന്നാൽ സിനിമയുടെ രണ്ടാം പകുതിയിൽ താനുൾപ്പെടുന്ന പിന്നാക്ക സമുദായത്തെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന വിപ്ലവകാരിയാണ് തങ്കലാൻ. ഈ രംഗങ്ങളിൽ ഒരു സാമൂഹ്യ പരിഷ്കർത്താവെന്ന് ഈ കഥാപാത്രത്തെ വിശേഷിപ്പിച്ചാലും തെറ്റുപറയാനാവില്ല.
തങ്കലാനായി അതിഗംഭീര പ്രകടനമാണ് വിക്രം കാഴ്ചവെച്ചിരിക്കുന്നത്. ഇത്തരം പരീക്ഷണാത്മക വേഷങ്ങൾ ചെയ്യാൻ തന്നോളം മിടുക്ക് മറ്റാർക്കുമില്ല എന്ന് അടിവരയിടുന്നുണ്ട് വിക്രം. തങ്കലാൻ എന്ന കഥാപാത്രത്തിന്റെ യാഥാർത്ഥ്യത്തിനും ഭ്രമാത്മകതയ്ക്കും ഇടയിലുള്ള മനോസഞ്ചാരങ്ങൾ കയ്യടിപ്പിക്കുംവിധം അനായാസം കൈകാര്യം ചെയ്തിട്ടുണ്ട് ചിയാൻ. മാളവിക അവതരിപ്പിച്ച ആരതി എന്ന കഥാപാത്രത്തിനും നിറഞ്ഞ കയ്യടി നൽകാം. പോരാളിയായും തങ്കലാന്റെ മനസിനെ മഥിക്കുന്ന സങ്കല്പ സൃഷ്ടിയായും ഉഗ്രൻ പ്രകടനമാണ് മാളവിക നടത്തിയിരിക്കുന്നത്. തങ്കലാൻ എന്ന കഥാപാത്രത്തിന് ഒപ്പം നിൽക്കുന്ന കഥാപാത്രമാണ് പാർവതി തിരുവോത്തിന്റേത്. പ്രണയവും നിരാശയും ഭയവും വീര്യവും എല്ലാം ഒത്തിണങ്ങിയ കഥാപാത്രം പാർവതിയിൽ ഭദ്രമായിരുന്നു. മരിച്ചുകഴിഞ്ഞാൽ നാരായണപാദം പൂകാമെന്ന് കരുതി നടക്കുന്ന കോലാറിലെ തൊഴിലാളിയെ പശുപതി മികവുറ്റതാക്കിയിട്ടുണ്ട്. സാർപ്പട്ട പരമ്പരയിലെ ബോക്സിങ് കോച്ചിൽനിന്ന് തികച്ചും വിഭിന്നമായ വേഷം പശുപതിയിൽ ഭദ്രമായിരുന്നു.
വേട്ടക്കാർ ഭൂമിയുടെ സംരക്ഷകരാവുന്ന കാഴ്ചയാണ് തങ്കലാനിലൂടെ പാ രഞ്ജിത്ത് പറഞ്ഞുവെയ്ക്കുന്നത്. അതിലൂടെ അധികാരി വർഗത്തിന്റെ തിട്ടൂരത്തെ ഭയക്കാത്ത, സ്വയം തിരിച്ചറിയുന്ന ഒരു സമൂഹത്തെയും അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു. സ്വർണത്തെ വെല്ലുന്ന, കണ്ണുകളെ മഞ്ഞളിപ്പിക്കുന്ന വാഗ്ദാനങ്ങൾ അധികാരികൾ നൽകുമ്പോൾ അതിനുപിന്നിലെ കുടിലതയുടെ നിറം തിരിച്ചറിഞ്ഞ് ചോദ്യം ചോദിക്കുകതന്നെ വേണമെന്നും ചിത്രം പറഞ്ഞുവെയ്ക്കുന്നു. പാൻ ഇന്ത്യൻ പീരിയോഡിക് ചിത്രങ്ങളിൽ സ്ഥിരം വാർപ്പുമാതൃകകളെ പൊളിച്ചെഴുതുന്നുണ്ട് തങ്കലാൻ. അതുകൊണ്ടാണ് തീർച്ചയായും കണ്ടിരിക്കേണ്ടത് എന്ന ഗണത്തിലേക്ക് തങ്കലാൻ ചേർക്കപ്പെടുന്നതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]