
ഫിലിം ഫെയർ അവാർഡ്സ് സൗത്ത് 2023-ലെ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് നേടി ദുൽഖർ സൽമാൻ. സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിനാണ് ഫിലിം ഫെയർ ക്രിട്ടിക്സ് അവാർഡ് ദുൽഖർ സൽമാൻ സ്വന്തമാക്കിയത്. ദുൽഖർ സൽമാൻ നേടുന്ന നാലാമത്തെ ഫിലിം ഫെയർ അവാർഡ് ആണിത്. തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹം സ്വന്തമാക്കുന്ന രണ്ടാമത്തെ ഫിലിം ഫെയർ അവാർഡ് എന്ന പ്രത്യേകതയും ഇതിനുണ്ട്. 2019-ൽ മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിനും മികച്ച നടനുള്ള ഫിലിം ഫെയർ ക്രിട്ടിക്സ് അവാർഡ് സൗത്ത് ദുൽഖർ സൽമാൻ നേടിയിരുന്നു.
ദുൽഖർ സൽമാൻ മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് നേടിയതിനൊപ്പം, ഫിലിം ഫെയർ അവാർഡ്സ് സൗത്ത് 2023-ലെ മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്സ് അവാർഡും സീതാരാമം നേടിയെടുത്തു. 2022-ൽ റിലീസ് ചെയ്ത സീതാരാമം എന്ന തെലുങ്ക് ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ചിത്രമാണ്. ദുൽഖർ സൽമാന്റെ സിനിമാ ജീവിതത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് കൂടിയായ സീതാരാമം രചിച്ചു സംവിധാനം ചെയ്തത് ഹനു രാഘവപുടിയാണ്.
മൃണാൾ താക്കൂർ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ രശ്മിക മന്ദാനയും നിർണ്ണായകമായ കഥാപാത്രത്തിന് ജീവൻ പകർന്നു, തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചത് വൈജയന്തി മൂവീസ്, സ്വപ്ന സിനിമാസ് എന്നിവയുടെ ബാനറിൽ സി അശ്വനി ദത്താണ്. സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സിൽ മികച്ച തെലുങ്ക് ചിത്രം, മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് എന്നിവയും ഈ ചിത്രം നേടിയെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]