
കണ്ണൂർ: ‘ഇത് കളിയാട്ടം മാത്രം, വരാനിരിക്കുന്നത് പെരുങ്കളിയാട്ടം’- കളിയാട്ടം സിനിമയിൽ നിറഞ്ഞാടിയ വേഷത്തിന് മികച്ച അഭിനയത്തിനുള്ള ദേശീയ പുരസ്കാരം നേടിയതറിഞ്ഞ് സുരേഷ് ഗോപിയെ അനുഗ്രഹിച്ച ഇ.പി. നാരായണ പെരുവണ്ണാൻ അന്നുപറഞ്ഞ വാക്കുകളാണിത്.
കളിയാട്ടത്തിൽ സുരേഷ് ഗോപി കെട്ടിയ കണ്ടനാർകേളൻ തെയ്യവേഷത്തിന് മുഖത്തെഴുതിയതും തെയ്യത്തിന്റെ ചടുലഭാവങ്ങൾ പഠിപ്പിച്ചതും പദ്മശ്രീ നേടിയ നാരായണ പെരുവണ്ണാനായിരുന്നു. സുരേഷ്ഗോപി കേന്ദ്രമന്ത്രിപദവിലെത്തിയതിൽ ആഹ്ലാദത്തിലാണ് അദ്ദേഹവും. അന്ന് പറഞ്ഞതൊന്നും പാഴായില്ലെന്ന് അദ്ദേഹം പറയുന്നു.
കളിയാട്ടം സിനിമയുടെ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് സുരേഷ്ഗോപിയെ പെരുവണ്ണാൻ ആദ്യമായി നേരിൽ കാണുന്നത്. ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് തികഞ്ഞ ഭക്തിയോടെയാണ് സുരേഷ് ഗോപി കണ്ടനാർ കേളനായി മാറിയതെന്ന് പെരുവണ്ണാൻ പറഞ്ഞു. പാലക്കാട് കാവശ്ശേരിയിലായിരുന്നു ചിത്രീകരണം. താടിയും മീശയും വടിച്ച് മുഖത്തെഴുത്തിനായി കണ്ണടച്ച് കിടന്നു. ആടയുടയാടകൾ ധരിക്കുമ്പോഴും പ്രാർഥനാനിരതനായിരുന്നു. തെയ്യത്തിന്റെ മുടി കെട്ടിവെച്ചപ്പോൾ സുരേഷ് ഗോപി ശരിക്കും കോലധാരിയാകുകയായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.
പദ്മശ്രീ ലഭിച്ച വിവരം പെരുവണ്ണാൻ അറിയുന്നത് വളപട്ടണം മുച്ചിലോട്ട് കാവിൽ തോറ്റത്തിന് നിൽക്കുമ്പോഴാണ്. തോറ്റം കഴിഞ്ഞപ്പോൾ സുരേഷ്ഗോപി വിളിച്ചു.
രാവിലെ ആറിന് മട്ടന്നൂരിലെ താമസസ്ഥലത്ത് എത്താൻ ആവശ്യപ്പെട്ടു. കുടുംബസമേതമാണ് പോയത്. ‘എന്നെക്കാൾ ഉയർച്ചയിലെത്തിയല്ലോ, സന്തോഷമായില്ലേ’ എന്നുപറഞ്ഞ് കെട്ടിപ്പിടിച്ചു. രാഷ്ട്രപതിയിൽനിന്ന് പദ്മശ്രീ ലഭിച്ചപ്പോഴുണ്ടായ അതേ സന്തോഷം സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ടെലിവിഷനിൽ കണ്ടപ്പോഴും തോന്നിയെന്നും പെരുവണ്ണാൻ പറഞ്ഞു.
കോവിഡ് കാലത്ത് ദുരിതത്തിലായിരുന്ന തെയ്യം കലാകാരന്മാരെ സഹായിക്കാനും സുരേഷ്ഗോപിയെത്തി. 30 തെയ്യം കലാകാരന്മാരുടെ പ്രയാസങ്ങൾ വിവരിച്ച് സന്ദേശമയച്ചു. 24 മണിക്കൂറിനുള്ളിൽ സഹായമെത്തിയതായി നാരായണ പെരുവണ്ണാൻ ഓർത്തെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]