
ചെന്നൈ: ബി.ജെ.പി.വിട്ട നടി ഗൗതമി അണ്ണാ ഡി.എം.കെ.യിൽ ചേർന്നു. ബുധനാഴ്ച പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ചെന്നൈ ഗ്രീൻവേയ്സ് റോഡിലെ വീട്ടിലായിരുന്നു പാർട്ടി പ്രവേശം. ജനസേവനത്തിന് ഏറ്റവും യോജിച്ച പാർട്ടിയാണ് അണ്ണാ ഡി.എം.കെ.യെന്ന് ഗൗതമി പറഞ്ഞു.
തമിഴ്, തെലുഗു, ഹിന്ദി, മലയാളം ഭാഷകളിൽ തിരക്കുള്ള നടിയായിരുന്ന ഗൗതമി 1997 മുതൽ ബി.ജെ.പി. പ്രവർത്തകയായിരുന്നു. ആന്ധ്രയിലും കർണാടകത്തിലും തമിഴ്നാട്ടിലും പാർട്ടിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് പാർട്ടിവിട്ടത്. തന്റെ സ്വത്തു തട്ടിയെടുത്തയാളെ പാർട്ടി നേതൃത്വം സംരക്ഷിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു രാജി. പ്രതിസന്ധിഘട്ടത്തിൽ പാർട്ടി ഒപ്പംനിൽക്കാത്തതിൽ മനംനൊന്താണ് 25 വർഷമായുള്ള ബന്ധം ഉപേക്ഷിക്കുന്നതെന്ന് രാജിക്കത്തിൽ ഗൗതമി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് അവർ ബുധനാഴ്ച പറഞ്ഞു. ബി.ജെ.പി.വിട്ട നടി ഗായത്രി രഘുറാം കഴിഞ്ഞമാസം അണ്ണാ ഡി.എം.കെ.യിൽ ചേർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]