നടൻ ദിലീപുമായി താരതമ്യം ചെയ്യുന്നതിൽ പ്രതികരണവുമായി ബേസിൽ ജോസഫ്. പ്രാവിൻകൂട് ഷാപ്പ് എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലായിരുന്നു ബേസിലിന്റെ പ്രതികരണം. ദിലീപിനെ പോലെ ജനപ്രിയ നായകൻ എന്ന വിശേഷണം സോഷ്യൽ മീഡിയിൽ ചർച്ച ചെയ്യപ്പെടുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബേസിൽ. തന്നെ ആൾക്കാർ സ്നേഹിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും പക്ഷേ തനിക്ക് തന്റേതായ ഐഡന്റിറ്റി ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബേസിൽ വ്യക്തമാക്കി .
അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ട്. നമ്മുടെയൊക്കെ ചെറുപ്പക്കാലത്ത് കണ്ട സിനിമകൾ കൊണ്ട് അദ്ദേഹം ഉണ്ടാക്കിയെടുത്ത പേരാണത്. എന്നെ ആൾക്കാർ ഇഷ്ടപ്പെടുന്നു എന്ന് പറയുന്നതിൽ സന്തോഷം. പക്ഷേ എനിക്ക് എന്റേതായ ഐഡന്റിറ്റി ഉണ്ടാവണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ആ ലെഗസി അദ്ദേഹം ഒറ്റയ്ക്ക് ഉണ്ടാക്കിയെടുത്തതാണ് അതുമായി താരതമ്യം ചെയ്യപ്പെടാൻ എനിക്ക് താത്പര്യമില്ല.- ബേസിൽ പറഞ്ഞു.
പ്രാവിൻകൂട് ഷാപ്പിലെ പോലീസ് കഥാപാത്രത്തിന് തന്റെ മനസിലുണ്ടായിരുന്ന മോഡൽ സൂര്യയുടെ സിങ്കം ആയിരുന്നുവെന്നും ബേസിൽ പറഞ്ഞു. ഷൂട്ട് തുടങ്ങുന്ന സമയം താൻ സെറ്റിൽ വന്നിറങ്ങുമ്പോൾ കാണുന്നവരുടെ മനസിൽ സിങ്കത്തിലെ ബിജിഎം വരണമെന്നായിരുന്നു തന്റെ ജിം ട്രെയ്നറോട് ആവശ്യപ്പെട്ടിരുന്നത്. പക്ഷേ ഷൂട്ടിന് രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. സിങ്കമാവാൻ ഒരു സാധ്യതയുമില്ലെന്ന് ട്രെയ്നർ അന്നേ പറഞ്ഞുവെന്നും ബേസിൽ കൂട്ടിച്ചേർത്തു.
അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന പ്രാവിൻകൂട് ഷാപ്പിൽ സൗബിൻ ഷാഹിർ, ചാന്ദ്നി ശ്രീധരന്, ശിവജിത് പത്മനാഭന്, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന് കെ.എസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളത്തും തൃശൂരുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]