
കാലം എത്രയൊക്കെ പുരോഗമിച്ചുവെന്ന് പറയുമ്പോഴും പ്രകടമായും പരോക്ഷമായും ജാതി അധിക്ഷേപങ്ങൾ കണ്മുന്നിൽ ഇന്നും തെളിയുന്നുണ്ട്. നവമാധ്യമങ്ങളുടെ വരവോടെ ജാതിവെറിക്കും വർണ വിവേചനത്തിനും മറ്റൊരു മുഖം കൂടി ലഭിച്ചു. നവമാധ്യമങ്ങൾക്ക് പ്രാധാന്യമേറെയുള്ള ഇക്കാലത്ത് കാലിക പ്രസക്തിയുള്ള ശക്തമായ ഒരു പ്രമേയം പുതുമയുള്ള രീതിയിൽ അവതരിപ്പിച്ച ചിത്രമാണ് ‘നീലമുടി’.
ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ശരത്കുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം റാം ഡി സ്റ്റുഡിയോസിന്റെ ബാനറിൽ റാംമോഹനും ദീപ്തി റാമും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
പെരിങ്ങോട് എന്ന ഗ്രാമത്തിലെ ഒരു വ്ലോഗറുടെ ജീവിതത്തിലൂടെ ആരംഭിക്കുന്ന ചിത്രം പതിയെ പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്. വ്ലോഗർ ആയ ചെറുപ്പക്കാരനെയും അവന്റെ കൂട്ടുകാരെയും കുടുംബത്തെയും ചുറ്റുപറ്റിയാണ് കഥ പുരോഗമിക്കുന്നത്. ചില സംഭാഷണങ്ങളിലൂടെയും ഫ്രെയിമിലൂടെയുമെല്ലാം പതിയെ ശക്തമായ പ്രമേയം സംസാരിച്ചുതുടങ്ങുന്ന ചിത്രം ക്ലൈമാക്സിനോട് അടുക്കുന്തോറും തീവ്രമാകുന്നുണ്ട്.
വ്ലോഗറും അവന്റെ രണ്ട് കൂട്ടുകാരും ചേർന്ന് ‘അടിമ’ എന്ന് വട്ടപ്പേരുള്ള സുഹൃത്തിന്റെ മുടിമുറിയ്ക്കാൻ തീരുമാനിക്കുകയാണ്. മുടി നീട്ടി വളർത്തിയ കണ്ണൻ എന്ന ഈ യുവാവ് മുടിയ്ക്ക് നീല നിറം നൽകിയത് അവന്റെ അമ്മ ഉൾപ്പടെയുള്ളവർക്ക് ഇഷ്ടമാകാത്തതാണ് ഈ തീരുമാനത്തിലേയ്ക്ക് സുഹൃത്തുക്കളെ നയിക്കുന്നത്.
മുടി മുറിക്കാൻ കണ്ണന്റെ കൂട്ടുകാർ തിരഞ്ഞെടുക്കുന്നതാകട്ടെ സ്വാതന്ത്ര്യ ദിനവും. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം സംസാരിക്കുന്നത്. സുബ്രഹ്മണ്യൻ, ശ്രീനാഥ്, മജീദ്, ആദിത്യ ബേബി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൂട്ടുകാരെ വിളിക്കുന്ന ചില വട്ടപ്പേരുകൾ, അതിരുവിടുന്ന ചില ‘തമാശകൾ’, വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ഒക്കെ മറ്റുള്ളവരിൽ എത്രത്തോളം ആഴത്തിൽ മുറിവുണ്ടാക്കിയേക്കാമെന്ന് ചിത്രം ചൂണ്ടിക്കാട്ടുന്നു. വളരെയേറെ പ്രാധാന്യമർഹിക്കുന്ന പ്രമേയം തീവ്രത ഒട്ടും ചോരാതെയും പുതുമയുള്ളതുമായ രീതിയിൽ അവതരിപ്പിച്ച അണിയറപ്രവർത്തകർ കൈയടി അർഹിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]