കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് രാഘവാ ലോറൻസ്, എസ്.ജെ. സൂര്യ എന്നിവർ മുഖ്യവേഷത്തിലെത്തിയ ചിത്രമാണ് ജിഗർതണ്ട-ഡബിൾ എക്സ്. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായംനേടി പ്രദർശനം തുടരുകയാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ ഏറെ ടെൻഷൻ അനുഭവിച്ച ഒരു കാര്യത്തേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് തുറന്നുപറഞ്ഞിരിക്കുകയാണ് രാഘവാ ലോറൻസ്.
നൃത്തം ചെയ്യുന്ന കാര്യത്തിൽ തനിക്ക് ചില നിയന്ത്രണങ്ങൾ സംവിധായകൻ കാർത്തിക് സുബ്ബരാജ് വരുത്തിയിരുന്നെന്നാണ് ലോറൻസ് പറഞ്ഞത്. കാർത്തിക് സുബ്ബരാജ് സാർ വന്ന് ഡാൻസ് കൺട്രോൾ ചെയ്യണമെന്ന് പറഞ്ഞപ്പോൾ കുറച്ച് ബുദ്ധിമുട്ടായി. നൃത്തം എന്നുപറയുന്നത് തന്റെ ഹൃദയവും ജീവനുമാണ്. ഡാൻസ് വേണ്ടെന്ന് പറഞ്ഞപ്പോൾ പിന്നെ എന്തിനാണ് എന്നെ വിളിച്ചതെന്ന് ചോദിച്ചു. നൃത്തം ചെയ്യുന്നത് വേറൊരു രീതിയിൽ വേണമെന്നാണ് ഇതിന് മറുപടിയായി കാർത്തിക് പറഞ്ഞത്. രണ്ട് ദിവസമാണ് അതിന്മേൽ ടെൻഷനായിരുന്നത്. ഡാൻസ് അറിയാത്ത ഒരാളായിരുന്നെങ്കിൽ എന്നാലോചിച്ച് ചെയ്യാനാണ് പറഞ്ഞത്. താളത്തിന് അനുസരിച്ചല്ലാതെ നൃത്തം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. സ്ക്രീനിൽ കണ്ടപ്പോൾ ഇതൊരു പുതിയ രാഘവാ ലോറൻസ് ആണല്ലോ എന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.
ക്യാമറയ്ക്ക് മുന്നിലും പുറത്തും എസ്.ജെ. സൂര്യക്കൊപ്പമുള്ള നിമിഷങ്ങളേക്കുറിച്ചും ലോറൻസ് വാചാലനായി. എസ്.ജെ. സൂര്യയുടെ ഖുഷി വളരെ ഇഷ്ടമുള്ള ചിത്രമാണ്. അദ്ദേഹത്തിന്റെ ഡാൻസും ഏറെ ഇഷ്ടമാണ്. സംവിധായകനും വലിയ നടനുമൊക്കെയാണ്, സെറ്റിൽ വളരെ സൈലന്റായി ഇരിക്കുമെന്നാണ് കരുതിയത്. അഞ്ച് മിനിറ്റ് സംസാരിച്ചപ്പോഴാണ് കൊച്ചുകുഞ്ഞാണെന്ന് മനസിലായത്. വിഷമമുണ്ടായാലും അദ്ദേഹം പുഞ്ചിരിച്ചുകൊണ്ടേയിരിക്കുമെന്നും ലോറൻസ് പറഞ്ഞു.
ഒരാളിൽ ഈഗോ ഒരിക്കലും പാടില്ല. ഈഗോ ഇല്ലെങ്കിൽ എന്റെയുള്ളിലെ കുട്ടി പുറത്തുവരും. കുറച്ച് ഈഗോയേ ഉള്ളെങ്കിൽപ്പോലും ഞാൻ നിശ്ശബ്ദനാവും. ഈഗോ ഇല്ലാത്ത ആളെയാണ് ഞാൻ ദൈവം പോലെ കാണുക. എസ്.ജെ. സൂര്യ അങ്ങനെയുള്ള ഒരാളാണ്. ഉള്ളിലൊന്നുവെച്ച് പുറത്ത് മറ്റൊന്ന് കാണിക്കുന്നയാളല്ല അദ്ദേഹം. എപ്പോഴും കൂടെയുണ്ടാവും. പക്ഷേ ഡയലോഗ് പേപ്പർ കിട്ടിയാൽ മാറിക്കളയും. സാർ എന്നുവിളിച്ചാൽ ഡയലോഗ് പഠിക്കാനുണ്ടെന്ന് പറയും. അപ്പോൾ ഞാൻ വിചാരിക്കും ഡാൻസ് സീൻ വരട്ടെ, കാട്ടിത്തരാമെന്ന്. ലോറൻസ് തമാശയായി പറഞ്ഞു.
ജിഗർതണ്ട-ഡബിൾ എക്സിൽ നായകൻ, വില്ലൻ എന്നൊന്നില്ല. എല്ലാവരും കഥാപാത്രങ്ങൾ മാത്രം. രണ്ടുപേരിലും നല്ലതിന്റേയും ചീത്തയുടേയും അംശങ്ങളുണ്ട്. പിന്നെ തങ്ങൾക്ക് രണ്ടുപേർക്കും വില്ലനായിരുന്നത് സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണെന്ന് അദ്ദേഹം തമാശയായി പറഞ്ഞു. ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ഗുഡ് ബാഡ് അഗ്ലിയുടെ വലിയ ആരാധകനാണ് താനെന്നും ലോറൻസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിമിഷ സജയൻ, സഞ്ജന നടരാജൻ, നവീൻ ചന്ദ്ര എന്നിവരാണ് ഡബിൾ എക്സിലെ മറ്റഭിനേതാക്കൾ. എസ്.എസ് തിരുനാവക്കരശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിവേക്, മുത്തമിൾ ആർ.എം.എസ് എന്നിവരുടേതാണ് വരികൾ. ഷഫീഖ് മൊഹമ്മദാലിയാണ് എഡിറ്റിങ്. സ്റ്റോൺബെഞ്ച് ഫിലിംസ്, ഫൈവ് സ്റ്റാർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ കാർത്തികേയൻ സന്താനം, കതിരേശൻ എന്നിവരാണ് ചിത്രം നിർമിച്ചത്.