
കൊച്ചി: മഹാരാഷ്ട്രയിലെ എൻ.സി.പി. നേതാവ് നവാബ് മാലിക്കുൾപ്പെട്ട കേസിൽ വെർച്വൽ അറസ്റ്റിലാണെന്ന് പറഞ്ഞ് നടി മാലാ പാർവതിയിൽനിന്ന് പണം തട്ടാൻ ശ്രമം. മുംബൈ പോലീസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് കാണിച്ചായിരുന്നു തട്ടിപ്പുസംഘത്തിന്റെ ചോദ്യംചെയ്യൽ. തട്ടിപ്പ് തിരിച്ചറിഞ്ഞതിനാൽ പണം നഷ്ടമായില്ല.
മധുരയിൽ ഞായറാഴ്ച രാവിലെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. പാഴ്സൽ തടഞ്ഞുവെച്ചെന്ന് പറഞ്ഞാണ് ഡി.എച്ച്.എൽ. എന്ന സ്ഥാപനത്തിൽനിന്നാണെന്ന വ്യാജേന കോളെത്തിയത്. നേരത്തേ ഇതേ സ്ഥാപനത്തിൽനിന്ന് കോൾ വന്നിരുന്നതിനാൽ സത്യമാണെന്നാണ് കരുതിയതെന്ന് പാർവതി പറഞ്ഞു.
കസ്റ്റമർ കെയറിലേക്ക് കണക്ടുചെയ്തപ്പോൾ തയ്വാനിലേക്ക് അയച്ച പാഴ്സലിൽ പാസ്പോർട്ട്, ക്രെഡിറ്റ് കാർഡ്, 200 ഗ്രാം എം.ഡി.എം.എ. എന്നിവയുണ്ടെന്നും തടഞ്ഞുവെച്ചിരിക്കുകയാണെന്നും പറഞ്ഞു. പാഴ്സൽ അയച്ചിട്ടില്ലെന്നു പറഞ്ഞപ്പോൾ ആധാർ കാർഡ് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പാകാൻ സാധ്യതയുണ്ടെന്നും പോലീസിൽ പരാതിപ്പെടാൻ നമ്പറുണ്ടെന്നും അറിയിച്ചു. താത്പര്യമുണ്ടെങ്കിൽ മാത്രം പരാതിപ്പെട്ടാൽ മതിയെന്നും പറഞ്ഞതോടെ വിശ്വസിച്ചുവെന്ന് പാർവതി പറഞ്ഞു.
പിന്നീട് മുംബൈ പോലീസിൽനിന്നാണെന്ന് പറഞ്ഞ് പ്രകാശ് കുമാർ ഗുണ്ടു എന്നയാൾ വാട്സാപ്പ് വീഡിയോ കോളിൽ സംസാരിച്ചു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറാണെന്ന തിരിച്ചറിയൽ കാർഡും അയച്ചു. നരേഷ് ഗുപ്ത ബാനർജി എന്ന് പരിചയപ്പെടുത്തിയ മറ്റൊരാളും കൂടെയുണ്ടായിരുന്നു. ഇയാൾ വീഡിയോയിൽ ദൃശ്യമല്ലായിരുന്നു. വെർച്വൽ അറസ്റ്റ് എന്ന വാക്ക് ഉപയോഗിച്ചില്ലെങ്കിലും ഫോൺ കട്ട് ചെയ്യാനും ആർക്കും കൈമാറാനും സമ്മതിച്ചില്ല.
സംശയംതോന്നിയ പാർവതി ഇൻസ്പെക്ടറുടെ പേര് ഗൂഗിളിൽ തിരഞ്ഞപ്പോൾ സമാനമായ തട്ടിപ്പിനെക്കുറിച്ചുള്ള വിവരം കിട്ടി. കൂടെയുണ്ടായിരുന്ന ആൾക്ക് ഫോൺ കൈമാറിയതോടെ തട്ടിപ്പുകാർ കോൾ കട്ടുചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]