
യാതൊരു ബഹളങ്ങളുമില്ലാതെയെത്തി തിയേറ്ററുകളിൽ നിന്ന് ഈ വർഷം കോടികൾ കൊയ്ത മലയാളചിത്രമാണ് രോമാഞ്ചം. നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിറും അർജുൻ അശോകനുമൊപ്പം ഒരുപിടി യുവതാരങ്ങളും അണിനിരന്നിരുന്നു. ഈ ചിത്രത്തിനുശേഷം ജിത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ നായകനാവുന്ന ചിത്രം രോമാഞ്ചത്തിന്റെ സ്പിൻ ഓഫ് ആണെന്ന സൂചന നൽകിയിരിക്കുകയാണ് നടൻ ചെമ്പൻ വിനോദ്.
രോമാഞ്ചം എന്ന ചിത്രത്തിൽ സയിദ് എന്ന കഥാപാത്രത്തെയാണ് ചെമ്പൻ വിനോദ് അവതരിപ്പിച്ചത്. ഈ കഥാപാത്രത്തെ പ്രധാനവേഷത്തിൽ അവതരിപ്പിക്കുന്ന ചിത്രമാവും ആവേശം എന്നാണ് ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ചെമ്പൻ വിനോദ് പറഞ്ഞത്. റിയൽ ലൈഫ് കഥാപാത്രമാണ് സയിദ്. പൂർണമായും സിനിമയിൽ കാണിച്ചിരിക്കുന്നതു പോലെയല്ലെങ്കിലും 80 ശതമാനം ശരിക്കും സംഭവിച്ചതാണെന്നാണ് പറയുന്നത്. പിന്നെ ആ കഥാപാത്രത്തിന്റെ ഫുൾ ഫ്ളെഡ്ജ്ഡ് സിനിമ എന്തോ വരുന്നുണ്ട്. ഫഹദിനെ വച്ചാണ് ചെയ്യുന്നതെന്നാണ് ചെമ്പൻ വിനോദ് പറഞ്ഞത്.
സംവിധായകൻ ജിത്തു മാധവന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് രോമാഞ്ചം എന്ന ചിത്രത്തിൽ കാണിച്ചത്. ആവേശവും അങ്ങനെയൊരു ചിത്രമായിരിക്കാം എന്നാണ് ചെമ്പൻ വിനോദ് പറയുന്നത്. ‘‘അവരുടെ കോളജ് ലൈഫിൽ എന്തോ ഭയങ്കര സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ വർക്കാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് പറഞ്ഞത്. ഇനി എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയെന്ന് അറിയില്ല. ആ കഥാപാത്രമാണ് രോമാഞ്ചത്തിൽ വന്നുപോയത്. അയാളുടെ പുറത്തുള്ള ആക്ടിവിറ്റികളും റിയൽ ലൈഫ് സംഭവങ്ങളുമാണ് ഇനി ഫഹദിന്റെ സിനിമയിൽ കാണിക്കുന്നത്.’’– ചെമ്പൻ വിനോദ് പറഞ്ഞു.
‘‘വിക്രം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലായിരുന്നു ഞാൻ. ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ് സയിദ് എന്ന കഥാപാത്രത്തേക്കുറിച്ച് വിളിച്ചുപറഞ്ഞത്. വിക്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് രാത്രി പ്ലാൻ ചെയ്യാമെന്നാണ് പറഞ്ഞത്. രോമാഞ്ചത്തിലെ രംഗത്തേക്കുറിച്ച് കേട്ടപ്പോൾത്തന്നെ ഞാൻ ചിരിച്ചുപോയി. പിന്നെ സംവിധായകനും ഞാനും ബെംഗളൂരു ഉണ്ടായിരുന്നതുകൊണ്ട് ആ സീൻ കണക്റ്റായി പെട്ടന്ന്.’’ ചെമ്പൻ വിനോദ് കൂട്ടിച്ചേർത്തു.
നേരത്തേ ‘ആവേശം’ സിനിമയിെല ഫഹദിന്റെ ലുക്ക് പുറത്തുവന്നിരുന്നു. ഗുണ്ടാ നേതാവായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. രോമാഞ്ചം സിനിമയിലൂടെ ശ്രദ്ധേയനായ സജിൻ ഗോപുവിനെയും ചിത്രത്തിൽ കാണാം. രോമാഞ്ചത്തിന് സമാനമായി ബെംഗളൂരൂ കേന്ദ്രീകരിച്ചാണ് ആവേശത്തിന്റെയും കഥ. കോമഡി എൻറർടെയ്നർ സ്വഭാവത്തിൽ, ക്യാംപസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രോമാഞ്ചത്തിൽ മികച്ച വേഷം കൈകാര്യം ചെയ്ത സിജു സണ്ണിയും പുതിയ ചിത്രത്തിലുണ്ടാവും. സംവിധായകനായ ജിത്തു മാധവൻ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. സമീർ താഹിർ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നു. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം.