
ചെന്നൈ: സിനിമ- നാടകനടനും ചെന്നൈയിലെ അറിയപ്പെടുന്ന മലയാളി സംഘടനാപ്രവർത്തകനുമായ വി. പരമേശ്വരൻ നായർ (85) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂർ വടക്കാഞ്ചേരി മുണ്ടത്തിക്കോട് വടക്കൂട്ട് കുടുംബാംഗമായ പരമേശ്വരൻ നായർ അഞ്ചുപതിറ്റാണ്ടിലധികമായി ചെന്നൈയിൽ സ്ഥിരതാമസമാണ്. തുടക്കത്തിൽ ഏതാനും വർഷം പട്ടാളത്തിൽ ജോലിചെയ്തു. പിന്നീട് 1968 മുതൽ 1991 വരെ കേന്ദ്രസർക്കാർ സ്ഥാപനമായ ഐ.ഡി.പി.എലിലെ ജിവനക്കാരനായി.
വിരമിച്ചശേഷം പുരോഗമനാശയങ്ങളുമായി ട്രേഡ് യൂണിയൻ പ്രവർത്തനം, നാടകപ്രവർത്തനം, മലയാളിസംഘടനാ പ്രവർത്തനം, രാഷ്ട്രീയപ്രവർത്തനം എന്നിവയിൽ ആകൃഷ്ടനായി പൊതുപ്രവർത്തനരംഗത്ത് സജീവമായി. മദിരാശി കേരളസമാജം ഉൾപ്പെടെ ഒട്ടേറെ സംഘടനകളിൽ പ്രവർത്തിക്കുകയും ഉപദേശകനാവുകയും ഒട്ടനവധി മലയാളിസംഘടനകളുടെ ബീജാവാപത്തിനു കാരണക്കാരനാവുകയും ചെയ്തു. സിനിമ, സീരിയൽ, നാടകം, പരസ്യചിത്രം എന്നിവയിൽ അഭിനയിച്ചു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘അനന്തഭദ്രം’ എന്ന ചിത്രത്തിലെ വെളിച്ചപ്പാടിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സന്തോഷ് ശിവന്റെ ഇംഗ്ലീഷ് ചിത്രത്തിലും പ്രധാനവേഷം ചെയ്തു. ദൂരദർശനിലും സ്വകാര്യ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു.
സംഘമിത്ര എന്ന നാടകസംഘം തുടങ്ങിയപ്പോൾ മുൻനിരയിലുണ്ടായത് പരമേശ്വരൻ നായരായിരുന്നു. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. കേരള സംഗീതനാടക അക്കാദമിയുടെ പ്രഥമഗുരുപൂജ പുരസ്കാരം പരമേശ്വരൻ നായരെത്തേടിയെത്തി. ‘നഷ്ടവർണങ്ങൾ’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് ടാറ്റ ധൻ ഫൗണ്ടേഷന്റെ മികച്ച അഭിനേതാവിനുളള പുരസ്കാരം നേടി. തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി.ടി.എം.എ, ഫെയ്മ തുടങ്ങിയ സംഘടനകളുടെ തുടക്കക്കാരിൽ ഒരാളായ പരമേശ്വരൻനായർ അവസാനംവരെ അതിന്റെ നേതൃത്വപ്രവർത്തകനായി തുടർന്നു. രാജലക്ഷ്മിയാണ് ഭാര്യ. മക്കൾ: ധനഞ്ജയൻ, സംഘമിത്ര, ഐശ്വര്യ. മരുമകൻ: കപിലൻ.
നന്ദംപാക്കം ട്രേഡ് സെന്ററിനടുത്തുള്ള വുഡ് ക്രീക്ക് കൊൺടിയിലെ വീട്ടിൽ അന്ത്യകർമങ്ങൾക്കുശേഷം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നന്ദംപാക്കം ശ്മശാനത്തിൽ സംസ്കാരം നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]