
തമിഴ് സിനിമയിലിപ്പോള് റീ റിലീസുകളുടെ കാലമാണ്. പഴയചിത്രങ്ങൾ റീമാസ്റ്റർ ചെയ്ത് മികച്ച ദൃശ്യമികവിലാണ് ഇവ വീണ്ടും തിയേറ്ററുകളിലെത്തുന്നത്. സൂപ്പർതാരങ്ങളുടെ പഴയചിത്രങ്ങൾ തിയേറ്ററുകളിൽ കാണാൻ ആഗ്രഹിക്കുന്നവർ ഈ അവസരം ശരിക്ക് വിനിയോഗിക്കുന്നുണ്ട്. അടുത്തിടെ പുതിയ ചിത്രങ്ങൾ കാര്യമായി പ്രദർശനത്തിനെത്താത്തത് ഈ ട്രെൻഡിന് കരുത്തേകി. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് മറ്റൊന്നുകൂടി എത്തുകയാണ്. വിജയ് നായകനായ ‘വില്ല്’ ആണ് ആ ചിത്രം.
പ്രഭുദേവ സംവിധാനംചെയ്ത് 2009-ൽ പുറത്തിറങ്ങിയ ചിത്രമാണ് വില്ല്. ഈ വർഷം ജൂൺ 21-നാണ് ചിത്രം 15 വർഷങ്ങൾക്കുശേഷം വീണ്ടും തിയേറ്ററുകളിലെത്തുന്നത്. നിർമാതാവായ കരൺ ഐങ്കരൻ എക്സിലൂടെ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. വിജയിയുടെ 50-ാം പിറന്നാൾദിനത്തോടനുബന്ധിച്ചാണ് സിനിമയെത്തുന്നത്. എല്ലാവരേയും ആവേശംകൊള്ളിക്കുന്ന ഒരു പ്രഖ്യാപനം നടത്താൻപോകുന്നു എന്നാണ് റീറിലീസ് പ്രഖ്യാപിച്ചുകൊണ്ട് നിർമാതാവ് കുറിച്ചത്.
പോക്കിരി എന്ന ചിത്രത്തിനുശേഷം പ്രഭുദേവയുടെ സംവിധാനത്തിലൊരുങ്ങിയ വിജയ് ചിത്രമായിരുന്നു വില്ല്. ബോളിവുഡ് ചിത്രം സോൾജിയറിന്റെ റീമേക്കായിരുന്നു ഇത്. നയൻതാരയായിരുന്നു നായിക. വടിവേലുവിന്റെ തമാശരംഗങ്ങൾക്ക് ഇന്നും പ്രേക്ഷകരുണ്ട്. ദേവി ശ്രീ പ്രസാദ് ഒരുക്കിയ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ ഇതെല്ലാമുണ്ടായിട്ടും ചിത്രം തിയേറ്ററിൽ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ വില്ലിന്റെ റീ റിലീസ് പ്രഖ്യാപനത്തെ അത്ര ആവേശത്തോടെയല്ല ആരാധകരിൽ ഒരുവിഭാഗം സ്വീകരിച്ചത്. വേട്ടൈക്കാരനോ മധുരയോ തുപ്പാക്കിയോ തിരുപ്പാച്ചിയോ മതിയായിരുന്നുവെന്നും വില്ലിന്റെ റീ റിലീസ് അംഗീകരിക്കാനാവില്ലെന്നുമാണ് ഇവർ പറയുന്നത്.
ഈയിടെ വിജയ് നായകനായ ഗില്ലി റീ റിലീസ് ചെയ്തിരുന്നു. ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. 20 കോടിയോളം രൂപയാണ് ചിത്രം ബോക്സോഫീസിൽനിന്ന് സ്വന്തമാക്കിയത്. ഈ സ്വീകരണത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ വില്ലും വീണ്ടും പ്രദർശനത്തിനെത്താനൊരുങ്ങുന്നത്. അതേസമയം വെങ്കട്ട് പ്രഭു സംവിധാനംചെയ്യുന്ന ദി ഗോട്ട് ആണ് വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ഈ വർഷം ഒക്ടോബർ റിലീസായാണ് ഗോട്ട് എത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]