
പുലികേശിയുടെ മരണത്തോടെ ത്യാഗരാജന്റെ ജീവിതം അനാഥാവസ്ഥയിലൂടെയാണ് കുറച്ചുനാള്‍ കടന്നുപോയത്. സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ച പ്രിയതമ സിനിമ റിലീസായിട്ടില്ലാതിരുന്നതിനാല് അക്കാലത്തെ പേരുകേട്ട സ്റ്റണ്ട് മാസ്റ്റര്‍മാരുടെ സഹായിയായി വീണ്ടും പ്രവര്‍ത്തിക്കേണ്ടിവന്നു. അങ്ങനെയൊരു ഘട്ടത്തിലാണ് ത്യാഗരാജനെത്തേടി കെ.എസ്. മാധവന് മാസ്റ്ററുടെ അസിസ്റ്റന്റ് രാജു വരുന്നത്.
‘ത്യാഗരാജനെ കൂട്ടിക്കൊണ്ടുവരാന്‍ മാസ്റ്റര്‍ പറഞ്ഞു.’
അതുകേട്ട നിമിഷം തന്നെ ത്യാഗരാജന് രാജുവിനൊപ്പം ഇറങ്ങി.
വിജയവാഹിനി സ്റ്റുഡിയോയിലെത്തുംവരെ മാധവന് മാസ്റ്റര്‍ തന്നെ വിളിപ്പിച്ച കാര്യമെന്താണെന്ന് രാജുവിനോടു ചോദിച്ചില്ല. അവരുടെ സംസാരമത്രയും പുലികേശിയെക്കുറിച്ചു മാത്രമായിരുന്നു. രാജുവിനൊപ്പം സ്റ്റുഡിയോയുടെ ഏഴാം നിലയിലേക്കു ചെന്നപ്പോള്‍ വിജയവാഹിനിയുടെ ഉടമയും നിര്‍മ്മാതാവുമായ ബി. നാഗിറെഡ്ഡിയുമായി മാധവന് മാസ്റ്റര്‍ സംസാരിച്ചിരിക്കുന്നതാണ് കണ്ടത്. ഒപ്പം പരിചയമില്ലാത്ത ചിലരുമുണ്ടായിരുന്നു.
സംവിധായകന് ചാണക്യയും തിരക്കഥാകൃത്ത് ഡി.എച്ച്. നരസരാജുവും സംഗീതസംവിധായകന് നൗഷാദും ഛായാഗ്രഹകന് മാര്‍കസ് ബര്ട്ലിയുമാണ് അവരെന്ന് രാജു പറഞ്ഞു. ചര്‍ച്ചകഴിഞ്ഞപ്പോള്‍ മാധവന് മാസ്റ്റര്‍ ത്യാഗരാജനെ അരികിലേക്കു വിളിച്ചു. ബോളിവുഡിലെ സ്വപ്നനായകന്‍ ദിലീപ്കുമാര് ആദ്യമായി ഡബിള്‍ റോളില്‍ അഭിനയിക്കുന്ന രാം ഔര്‍ ശ്യാമിന്റെ ഷൂട്ടിങ് ആരംഭിക്കാന്‍ പോകുകയാണ്. ‘ചിത്രത്തില്‍ ഫൈറ്ററായി ത്യാഗരാജന് വേണം. ആക്ഷന്‍ സീക്വന്‍സുകള്‍ കമ്പോസ് ചെയ്യുന്നതിലും സഹായിക്കണം.’
മാധവന് മാസ്റ്ററുടെ വാക്കുകള്‍ വലിയൊരു വിസ്മയമാണ് ത്യാഗരാജന്റെ മനസ്സില്‍ ഉളവാക്കിയത്. ദിലീപ്കുമാര് എന്ന ഇതിഹാസതാരമായിരുന്നു അതിനു കാരണം.
ത്യാഗരാജന്റെ ജീവിതകഥയുടെ മുൻലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ത്യാഗരാജന്റെ ബാല്യകാലത്ത് ആമ്പൂരിലെ തീയേറ്ററുകളില്‍ വല്ലപ്പോഴും മാത്രമേ ഹിന്ദി സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നുള്ളൂ. ഏറെ വൈകിയാണെങ്കിലും ആമ്പൂരിലെ തീയേറ്ററില്‍ വെച്ചുതന്നെയാണ് ദിലീപ്കുമാറിന്റെ ദാഗ്, ദേവദാസ് എന്നീ ചിത്രങ്ങളൊക്കെ കാണുന്നത്. ദിലീപ്കുമാറിന്റെ വിഷാദനായകന്മാര് പ്രേക്ഷകലക്ഷങ്ങളുടെയെന്നപോലെ ത്യാഗരാജന്റെ കണ്ണും നിറയിച്ചിരുന്നു. വീടിന്റെ ഭിത്തികളില്‍ ആ സുന്ദരരൂപം പതിച്ചുവെച്ചില്ലെങ്കിലും, പി.യു. ചിന്നപ്പയോടും ശിവാജി ഗണേശനോടും എം.ജി. ആറിനോടുമൊക്കെ തോന്നിയ ആരാധന ദിലീപ്കുമാര് എന്ന ഇതിഹാസതാരത്തിനോട് കൗമാരകാലം മുതലേ ഉണ്ടായിരുന്നു.
നയകന് കൊട്ടാരസദൃശമായ വീടിന്റെ മുകളില്‍നിന്നു താഴക്കു ചാടുന്നതും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് തൂങ്ങിക്കയറുന്നതും പിന്നെ പുഴയിലേക്ക് ചാടുന്നതുംപോലുള്ള അപകടം നിറഞ്ഞ സ്വീക്വന്‍സുകള്‍ രാം ഔര്‍ ശ്യാമിനുവേണ്ടി ത്യാഗരാജന് നിര്‍ദ്ദേശിച്ചു. അതെല്ലാം ചിത്രത്തില്‍ ഉപയോഗിക്കാമെന്ന് മാധവന് മാസ്റ്റര്‍ പറഞ്ഞു. ബോളിവുഡ് അന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മൂന്നു ഫൈറ്റുകളും ചിത്രത്തിനുവേണ്ടി കമ്പോസ് ചെയ്തു. ദിലീപ്കുമാര് ഡബിള്‍ റോളില്‍ അഭിനയിക്കുന്ന സിനിമയെന്ന നിലയില്‍ ചിത്രീകരണകാലം മുതലേ രാം ഔര്‍ ശ്യാം പ്രേക്ഷകശ്രദ്ധ നേടി. വഹീദ റഹ്മാന്, മുംതാസ്, പ്രാണ്‍ തുടങ്ങിയ പ്രഗല്ഭരുടെ നിരതന്നെ ചിത്രത്തിലുണ്ടായിരുന്നു. വിജയവാഹിനിയിലും ചെങ്കല്പ്പേട്ടിലുമായിരുന്നു രാം ഔര്‍ ശ്യാമിന്റെ ചിത്രീകരണം.
Also Read
Premium
തല്ലാണല്ലേ ജോലി, ആരാണ് നിനക്ക് ത്യാഗരാജൻ …
Premium
അമ്മയിൽ നിന്നു ലഭിച്ച വലിയൊരു തിരിച്ചറിവായിരുന്നു …
Premium
നടനായശേഷമേ തിരിച്ചുവരൂ എന്ന ശപഥവുമായി അമ്മയുടെ …
Premium
‘മെലിഞ്ഞുനീണ്ട നിന്നെ ആര് സിനിമയിലെടുക്കാൻ?’ …
Premium
സിനിമാമോഹവുമായി വന്ന പയ്യനോട് സെറ്റിലുള്ളവർ …
Premium
എല്ലുംതോലുമായ രൂപം കണ്ടപ്പോൾ ചേട്ടൻ പൊട്ടിക്കരഞ്ഞു: …
Premium
കത്തി ഫൈറ്റ് കഴിഞ്ഞപ്പോൾ പുലികേശി പറഞ്ഞു: …
Premium
കൂർത്ത കമ്പിയിൽ തലയിടിച്ചു, അന്നാദ്യമായി …
Premium
ആക്രമണത്തിൽ വാരിയെല്ല് തകർന്നു, ചോരയിൽ …
Premium
ശ്രീനിവാസൻ എം.ജി.ആറിനോട് അലറിക്കരഞ്ഞ് പറഞ്ഞു: …
ഷൂട്ടിങ് തുടങ്ങി മൂന്നാമത്തെ ദിവസമാണ് ദിലീപ്കുമാര് എത്തുന്നത്. കാറില്‍ വന്നിറങ്ങുന്ന അദ്ദേഹത്തെ ആരാധനയോടെ നോക്കിനിന്ന നൂറുകണക്കിനാളുകള്‍ക്കിടയില്‍ ത്യാഗരാജനുമുണ്ടായിരുന്നു. നിര്‍മ്മാതാവും സംവിധായകനും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് ദിലീപ്കുമാറിന് വലിയ വരവേല്‍പ്പാണ് നല്‍കിയത്. സ്റ്റുഡിയോയുടെ ഒമ്പതാമത്തെ ഫ്ളോറിലായിരുന്നു ദിലീപും പ്രാണും തമ്മിലുള്ള ക്ലൈമാക്സ് ഫൈറ്റ് ചിത്രീകരിച്ചത്. ചിത്രത്തിലെ നായികമാരിലൊരാളായ മുംതാസും ഫൈറ്റ് സീനിലുണ്ടായിരുന്നു. ദിലീപ്കുമാറിനുവേണ്ടി മാധവന് മാസ്റ്ററാണ് ഡ്യൂപ്പിട്ടത്. പ്രാണിനുവേണ്ടി ത്യാഗരാജനും. കൈയില്‍ വാളും തീപ്പന്തവുമായുള്ള അത്യുഗ്രന്‍ സംഘട്ടനത്തിലെ അപകടകരമായ പല രംഗങ്ങളും പ്രാണിനുവേണ്ടി ത്യാഗരാജന് ചെയ്യുന്നതു കണ്ടപ്പോള്‍ നാഗിറെഡ്ഡിയോട് ദിലീപ് കുമാര്‍ പറഞ്ഞു:
‘ഗംഭീരമായി ചെയ്യുന്നുണ്ടല്ലോ. ഏതാണ് ഈ പയ്യന്?’
ദിലീപ്കുമാറില്നിന്ന് അങ്ങനെയൊരു പ്രശംസ ത്യാഗരാജനു ലഭിച്ചത് മാധവന് മാസ്റ്ററുള്‍പ്പെടെ സ്റ്റണ്ട് ഗ്രൂപ്പിലുണ്ടായിരുന്നവര്ക്ക് അത്രകണ്ട് രസിച്ചില്ല. അടുത്ത സീനില്‍ അവര്‍ ആളെ മാറ്റി, പ്രാണിന്റെയത്ര പൊക്കമില്ലാത്ത രാജുവിനെയാണ് പകരംവെച്ചത്. തന്റെ ശരീരഭാഷയ്ക്ക് ഒത്ത ത്യാഗരാജനെ മാറ്റി രാജുവിനെ വെച്ചതില്‍ പ്രാണ്‍ പ്രതികരിച്ചു. മാധവന് മാസ്റ്റര്‍ക്ക് അത് ക്ഷീണമായി. എന്തുചെയ്യണമെന്നറിയാതെ നില്ക്കുന്ന മാധവന് മാസ്റ്ററോട് ദിലീപ്കുമാര് പറഞ്ഞു:
‘നിങ്ങള്‍ ആ പയ്യനെക്കൊണ്ട് ചെയ്യിക്കൂ, മാസ്റ്റര്‍.’
രാം ഔർ ശ്യാമിലെ ഒരു സംഘട്ടനരംഗം. Photo: screenbgrab
സംവിധായകന് ചാണക്യ അല്‍പ്പം ഗൗരവത്തോടെ ഇടപെട്ടു.
‘മാധവന്, പറഞ്ഞതു കേട്ടില്ലേ..? അയാളെ മാറ്റി ത്യാഗരാജനെക്കൊണ്ട് ചെയ്യിക്കൂ.’
ഒരേസമയം അഭിനന്ദനവും അസൂയയുമായാണ് ആ വാക്കുകള്‍ ത്യാഗരാജന്നുമേല് വന്നുപതിച്ചത്.
പ്രാണിനുവേണ്ടി ത്യാഗരാജനെ വീണ്ടും ഡ്യൂപ്പായി ഇടുമ്പോള്‍ മാധവന് മാസ്റ്റര്‍ ഒരു കാര്യം മനസ്സിലുറപ്പിച്ചു. ‘ഇവന് വളര്‍ന്നാല്‍ അത് എനിക്കെന്നും ഭീഷണിയായിരിക്കു’മെന്ന് തന്നെയായിരുന്നു മാധവന് മാസ്റ്റര്‍ മനസ്സില്‍ കണ്ടതെന്ന് ഏറെ വൈകാതെ ത്യാഗരാജനു ബോദ്ധ്യമായി.
കൂടുതൽ പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാനുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
രണ്ടു ദിവസംകൊണ്ടാണ് ക്ലൈമാക്സ് ഫൈറ്റിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. അതിനിടയില്‍ ദിലീപ്കുമാറിന്റെയും പ്രാണിന്റെയും സ്നേഹവലയത്തിലേക്ക് ത്യാഗരാജന് എത്തിച്ചേര്‍ന്നു. അതെങ്ങനെ സംഭവിച്ചുവെന്നു ത്യാഗരാജനറിയില്ല. ഒരുപക്ഷേ, ഫൈറ്റില്‍ കാണിച്ച സമര്പ്പണമനോഭാവത്താലാകാം, അല്ലെങ്കില്‍ തനിക്കുമേലെ മറ്റൊരുത്തന് വരരുതെന്ന ദുഷ്ചിന്തയോടെ ഫൈറ്റില്നിന്നു തന്നെ മാറ്റിനിര്‍ത്താന്‍ മാധവന് മാസ്റ്റര്‍ കാണിച്ച തന്ത്രങ്ങള്‍ ദിലീപ്കുമാറും പ്രാണും തിരിച്ചറിഞ്ഞതുകൊണ്ടാവാം. എന്നാല്‍, അതന്വേഷിക്കുകയായിരുന്നില്ല ത്യാഗരാജന്. തന്നെ ഏല്‍പ്പിച്ച ജോലി ഏറ്റവും മനോഹരമായി ചെയ്യുക എന്നതില്‍ മാത്രമായിരുന്നു ആ മനസ്സ്.
പന്ത്രണ്ടു ദിവസം കൊണ്ടാണ് രാം ഔര്‍ ശ്യാമിലെ ആക്ഷന്‍ സ്വീക്വന്‍സുകള്‍ പൂര്‍ത്തീകരിച്ചത്. ദിലീപ്കുമാറിനുവേണ്ടി ത്യാഗരാജന് കമ്പോസ് ചെയ്ത ആക്ഷന്‍ സീനുകളൊന്നും പിന്നീട് ഷൂട്ട് ചെയ്തില്ല. തങ്ങള്‍ക്കു കിട്ടാത്ത അഭിനന്ദനം ഇന്നലെ വന്ന ഒരാള്‍ക്കു ലഭിച്ചതിലുള്ള മാധവന് മാസ്റ്ററുടെ ഈഗോ മാത്രമായിരുന്നു അതിനു പിറകില്‍. പരാതി പറയാനൊന്നും പോയില്ല. ഷൂട്ടിങ് തീരൂന്നതിന്റെ തലേന്നു രാത്രി വാഹിനി സ്റ്റുഡിയോയില്‍ വെച്ച് ദിലീപ്കുമാര് ത്യാഗരാജനോടു പറഞ്ഞു
‘നിങ്ങളുടെ കഴിവുകളെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു, ത്യാഗരാജന്. ഇനിയും നമ്മള്‍ക്ക് ഒന്നിക്കാന്‍ കഴിയട്ടെ.’
പക്ഷേ, സിനിമയുടെ ഉന്നതങ്ങളിലേക്ക് കയറിപ്പോയിട്ടും ദിലീപ്കുമാറും ത്യാഗരാജനും പിന്നീട് സംഗമിച്ചില്ല. രാം ഔര്‍ ശ്യാം ബോളിവുഡിലെ വന്‍ഹിറ്റുകളിലൊന്നായി മാറിയെങ്കിലും പിന്നീടൊരു കൂടിക്കാഴ്ച അവരുടെ ജീവിതത്തിലുമുണ്ടായില്ല.
(തുടരും)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]