
മനുഷ്യരുടെ സ്നേഹത്തിൻറെ, സൗഹൃദത്തിൻറെ, പ്രണയത്തിൻറെ, വേദനകളുടെ, നിസ്സഹായതകളുടെ, വഞ്ചനയുടെ, ജാതിയുടെ ഒക്കെ ഉള്ളുലയ്ക്കുന്ന കഥയുമായി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് ടിനു പാപ്പച്ചൻ – കുഞ്ചാക്കോ ബോബൻ ചിത്രം ‘ചാവേർ’. ചിത്രത്തിൽ ഏവരുടേയും ഹൃദയം കവർന്ന ഗാനമാണ് ചെന്താമര പൂവിൻ…എന്ന് തുടങ്ങുന്ന തെയ്യം പാട്ട്. തെയ്യത്തിൻറെ അത്ഭുതം ജനിപ്പിക്കുന്ന ദൃശ്യങ്ങളുമായി എത്തിയിരിക്കുകയാണ് ഈ ഗാനം.
തെയ്യങ്ങളുടെ നാടെന്നറിയപ്പെടുന്ന കണ്ണൂരിലെ ഒട്ടേറെ മനുഷ്യരുടെ രക്തത്തിലേക്ക് ആഴ്ന്നിറങ്ങിയ അനുഭവമാണ് തെയ്യവും തെയ്യത്തിലെ ദേവതകളുമൊക്കെ. ആ തെയ്യ പ്രപഞ്ചത്തിൻറെ വിസ്മയങ്ങളും നിഗൂഢതകളുമൊക്കെയാണ് ഈ തെയ്യം പാട്ടിലുള്ളത്. ചിത്രത്തിലേതായി മുമ്പ് പുറത്തിറങ്ങിയ ‘പൊലിക പൊലിക…’ എന്ന പാട്ടിന് ശേഷമെത്തിയിരിക്കുന്ന ഈ ഗാനത്തിൽ തെയ്യത്തിൽ കോലക്കാരനിൽ ദൈവത്തെ ആവാഹിക്കാനുള്ള പ്രാർത്ഥനാപൂർവ്വമായ വരവിളിയുടേയും ഉറച്ചിൽ തോറ്റത്തിൻറേയുമൊക്കെ സ്വഭാവമുണ്ട്.
കേൾക്കുന്നവരിലും കാണുന്നവരിലും വിസ്മയം ജനിപ്പിക്കുന്ന രീതിയിലുള്ള വരികളും സംഗീതവും ആലാപനവുമാണ് ഗാനത്തിലേത്. പാട്ടിൽ തെയ്യത്തിൻറെ വേഷത്തിൽ കാണിക്കുന്നത് ആൻറണി വർഗ്ഗീസിനെ തന്നെയോ എന്നാണ് പാട്ടിറങ്ങിയ ശേഷം സോഷ്യൽമീഡിയയിലുൾപ്പെടെ ചർച്ചകൾ തുടങ്ങിയിരിക്കുന്നത്. ഹരീഷ് മോഹനൻറെ ഏറെ വ്യത്യസ്തമായ വരികൾക്ക് ദൈവികമായ സംഗീതമാണ് ജസ്റ്റിൻ വർഗ്ഗീസ് നൽകിയിരിക്കുന്നത്. പ്രണവ് സിപിയും സന്തോഷ് വർമ്മയും ചേർന്നാണ് തോറ്റം പാട്ട് മാതൃകയിലുള്ള ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ഭാഗത്ത് വരുന്ന ഈ ഗാനം സിനിമയിറിങ്ങിയ ശേഷം ഏവരുടേയും ശ്രദ്ധയാകർഷിച്ചിരുന്നു. യൂട്യൂബിൽ ഗാനമെത്തിയതോടെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പാട്ടിലെ വരികളും സംഗീതവും രംഗങ്ങളുമൊക്കെ ഏറെ ചർച്ചയായിരിക്കുകയാണ്.
ചടുലമായ ദൃശ്യങ്ങളും വേറിട്ട സംഗീതവുമൊക്കെയായി തിയേറ്ററുകളിൽ കാണികളെ പിടിച്ചിരുത്തുന്ന സിനിമാനുഭവം തന്നെയായിരിക്കുകയാണ് പ്രണയവും സൗഹൃദവും രാഷ്ട്രീയ കൊലപാതകങ്ങളും ജാതി വിവേചനവുമൊക്കെ വിഷയമാക്കി എത്തിയിരിക്കുന്ന ‘ചാവേർ’. കുഞ്ചാക്കോ ബോബനും ആൻറണി വർഗ്ഗീസും അർജുൻ അശോകനും മനോജ് കെയുവും തങ്ങളുടെ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷപകർച്ചയിലാണ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതം പറഞ്ഞിരിക്കുന്ന ചിത്രം ഗംഭീര ദൃശ്യവിരുന്ന് തന്നെയാണെന്നാണ് പ്രേക്ഷകാഭിപ്രായം.
കണ്ണൂർ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചൻ ‘ചാവേർ’ ഒരുക്കിയിരിക്കുന്നത്. ടിനു എന്ന ഫിലിം മേക്കറുടെ അസാധ്യമായ മേക്കിംഗ് ശൈലി തന്നെയാണ് ചാവേറിനെ സമീപകാല സിനിമകളിൽ ഏറെ വേറിട്ടതാക്കിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കണ്ണൂരിൻറെ വന്യമായ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ജിൻറോ ജോർജ്ജിൻറെ ഛായാഗ്രഹണവും നിഷാദ് യൂസഫിൻറെ എഡിറ്റിംഗും ജസ്റ്റിൻ വർഗ്ഗീസിൻറെ സംഗീതവും രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിംഗുമൊക്കെ ചാവേറിനെ ഒരു ക്ലാസ് ആൻഡ് മാസ് ദൃശ്യവിരുന്നാക്കിയിരിക്കുകയാണെന്നാണ് പ്രേക്ഷകരേവരും പറയുന്നത്.
Content Highlights: kunjacko boban tinu pappachan movie chaver new song released


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]