നൈന റാവുത്തറിന്റെയും അഭിജിത്തിന്റെയും ഹൃദയഹാരിയായ പ്രണയകഥ. ചുരുങ്ങിയ വാക്കുകളില്‍ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. വിഷ്ണു ദേവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഒരു റൊമാന്റിക് എന്റര്‍ടെയ്നറാണ്. പ്രണയ ചിത്രങ്ങളെ നെഞ്ചോട് ചേര്‍ക്കുന്നവര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം ചിത്രം നല്കുന്നു.
അഭിജിത്തിന്റെ കണ്ണുകളിലൂടെയാണ് ചിത്രം വികസിക്കുന്നത്. ചെറുപ്പം തൊട്ടേ സിനിമാ മോഹവുമായി നടക്കുന്നയാളാണ് അഭിജിത്ത്. അച്ഛനെ നഷ്ടമാകുന്ന അഭിജിത്തിനെ അമ്മ കഷ്ടപ്പെട്ടാണ് വളര്‍ത്തുന്നത്. കോളേജില്‍ നൈന റാവുത്തര്‍ എന്ന പെണ്‍കുട്ടിയോട് അഭിജിത്തിന് ഇഷ്ടം തോന്നുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത്.
എല്ലാ പ്രണയങ്ങളിലെയും പോലെ അഭിജിത്തിന്റെയും നൈനയുടെയും പ്രണയജീവിതത്തിലും ഇണക്കങ്ങളും പിണക്കങ്ങളുമുണ്ടാകുന്നു. പ്രണയം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രങ്ങളുടെ സ്ഥിരം ഫോര്‍മുല ചിത്രം പൊളിച്ചെഴുതുന്നു. ഒരു സിനിമാ പ്രേമി തന്റെ പ്രേക്ഷകനോട് എങ്ങനെ കഥ പറയുന്നോ, അതേ പടിയാണ് ഇവിടെയും കഥയുടെ സഞ്ചാരം.
നീളം നന്നേ കുറവുള്ള നൈനയുടെയും ആവശ്യത്തിലധികം ഉയരമുള്ള അഭിജിത്തിന്റെയും ജീവിതത്തിലേക്ക് സന്തോഷങ്ങളും സങ്കടങ്ങളുമെത്തുന്നു. ടൈറ്റില്‍ കാര്‍ഡില്‍ തുടങ്ങി അതിമനോഹരമായ ഫ്രെയിമുകളിലൂടെയാണ് കഥയുടെ പോക്ക്. ഒരു സംവിധായകനാകാന്‍ കൊതിക്കുന്ന അഭിജിത്ത് അതേ ശൈലിയിലാണ് പ്രേക്ഷകരോട് കഥ പറയുന്നത്.
നൈന റാവുത്തര്‍ ആയി ഗൗരി കിഷന് എത്തുമ്പോള്‍ ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ഷെര്‍ഷാ അഭിജിത്തായി എത്തുന്നു. 96 എന്ന തമിഴ് ചിത്രത്തിലൂടെ ജനപ്രീതി നേടിയ ഗൗരിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന അഭിജിത്ത് എന്ന കഥാപാത്രം ഷെര്‍ഷായുടെ കൈകളില്‍ ഭദ്രമായിരുന്നു. ഷെര്‍ഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.
പ്രണയിക്കുന്നവരെ ഉയരം, നിറം പോലുള്ള ഘടകങ്ങള്‍ അലട്ടുന്നില്ലെങ്കിലും ചുറ്റുമുള്ള ചിലരെ എങ്കിലും അത് അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് ചിത്രം പറയാതെ പറയുന്നു. സിനിമയുടെ തുടക്കത്തിലെ ചില സീനുകളില്‍ മലയാളത്തിലെ ഹാസ്യസാമ്രാട്ടുകള്‍ ഒരുക്കിയ പ്രശസ്തമായ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെറുതെ പ്രണയം പറഞ്ഞു പോവുക എന്നതില്‍ നിന്നും വ്യത്യസ്തമായി കുടുബം, സൗഹൃദം പോലുള്ള അതിപ്രധാന ഘടകങ്ങളും കഥയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. തന്റെ ആദ്യചിത്രത്തില്‍ തന്നെ പുതുമ കൊണ്ടുവരാന്‍ ശ്രമിച്ച സംവിധായകന് വിഷ്ണു ദേവ് പ്രത്യേക കൈയടി അര്‍ഹിക്കുന്നു.
ഉയരവ്യത്യാസമുള്ള ദമ്പതിമാര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ ആകര്‍ഷകമായ ക്യാമ്പയിന് അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നു.
അടുത്ത കാലത്ത് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ മനോജ് കെ.യു ഒരു പ്രധാന വേഷം ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നു. വന്‍താരനിരയുടെ അകമ്പടി ഇല്ലാതെയും അതിമനോഹരമായ ചിത്രങ്ങള്‍ ഒരുക്കാം എന്നതിന്റെ ഉത്തമോദാഹരണം കൂടിയാണ് ലിറ്റില്‍ മിസ് റാവുത്തര്‍. നിങ്ങളെ മടുപ്പിക്കില്ല, ധൈര്യമായി ടിക്കറ്റെടുക്കാം ഈ റൊമാന്റിക് ഫണ്‍ റൈഡിന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Content Highlights: Little Miss Rawther malayalam movie review, Gouri G Kishan, Vishnu Dev, Shersha