
തെലുഗിലെ രാഷ്ട്രീയവും സിനിമയും തമ്മില്‍ വല്ലാത്ത ഒരു ഇഴയടുപ്പമുണ്ട്. സിനിമയില്‍ തിളങ്ങുന്ന സൂപ്പര്‍താരങ്ങള്‍ക്ക് രാഷ്ട്രീയത്തിലും നായകന്മാരാകാന് സാധിക്കും. അതിനുദാഹരണമാണ് ആന്ധ്രപ്രദേശിലെ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്ന പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന പവന് കല്യാണിന്റെ യാത്ര. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനസേന പാര്‍ട്ടിയുടെ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പവന് കല്യാണ്‍ രാഷ്ട്രീയത്തിലും പവര്‍ സ്റ്റാറായി മാറുകയാണ്. പാര്‍ട്ടി അധ്യക്ഷനായ പവന് കല്യാണ്‍ ഉപമുഖ്യമന്ത്രി പദം ചോദിച്ചു വാങ്ങുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ ബപട്ലയില്‍ കൊനിഡേല വെങ്കിട്ട റാവുവിന്റെയും അഞ്ജനാ ദേവിയുടെയും മകനായി 1968 സെപ്റ്റംബര്‍ 2 നായിരുന്നു പവന് കല്യാണിന്റെ ജനനം.കോനിഡെല കല്യാണ്‍ ബാബു എന്നാണ് യഥാര്‍ഥ പേര്. സൂപ്പര്‍താരം ചിരഞ്ജീവിയുടെയും നിര്‍മാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെയും ഇളയ സഹോദരന്. മൂത്ത സഹോദരന് ചിരഞ്ജീവിയുടെ പാതയാണ് പവന് കല്യാണും പിന്തുടര്ന്നത്.
നെല്ലൂരിലെ സെന്റ് ജോസഫ്സ് ഹൈസ്കൂളിലായിരുന്നു കല്യാണിന്റെ വിദ്യാഭ്യാസം. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആയോധനകലാ മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തതോടെ പവന് എന്ന പേര് അദ്ദേഹത്തിലേക്കെത്തി ചേരുകയായിരുന്നു. 1996-ല്‍ അക്കാട അമ്മായി ഇക്കട അബ്ബായി എന്ന ചിത്രത്തിലൂടെയാണ് കല്യാൺ അഭിനയരംഗത്തേക്ക് വന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം ഗോകുലംലോ സീത അടുത്ത വര്‍ഷം പുറത്തിറങ്ങി. എ. കരുണാകരന് സംവിധാനം ചെയ്ത തോളി പ്രേമത്തിലാണ് (1999) പിന്നീട് വേഷമിട്ടത്. ആ വര്‍ഷം തോളി പ്രേമം മികച്ച തെലുഗു സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ആറ് നന്ദി പുരസ്കാരങ്ങളും നേടി. അതേ വര്‍ഷം തന്നെ റിലീസിനെത്തിയ തമ്മടു എന്ന ചിത്രത്തിന് ശേഷം ബോക്സ് ഓഫീസില്‍ പവന് കല്യാണ്‍ തന്റെ അപ്രമാദിത്യം ഉറപ്പിച്ചു. തെലുഗു സിനിമയിലെ പവര്‍ സ്റ്റാറായി. ബ്രദ്രി, ഖുശി, ബബ്ലു, ജല്‍സ, ഗബ്ബര്‍ സിംഗ്, ഗോപാല, ഗോപാല, വക്കീല്‍ സാബ് തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ നല്കി, തൊട്ടതെല്ലാം പൊന്നാക്കി.
സഹോദരന് ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയുടെ കീഴില്‍ വരുന്ന യുവജന സംഘടനയായ യുവരാജ്യത്തിന്റെ അധ്യക്ഷനായാണ് പവന് കല്യാണ്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പ്രജാരാജ്യം പാര്‍ട്ടിയിലായിരുന്ന കാലത്ത് പവന് കല്യാണ്‍ തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നു. മാത്രവുമല്ല ഭരണഘടനാപരമായ പദവികള്‍ ഏറ്റെടുക്കാനും തയ്യാറായില്ല. എന്നാല്‍ അദ്ദേഹത്തിന്റെ താരപദവി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുണം ചെയ്തു. 2011-ല്‍, ചിരഞ്ജീവി പ്രജാരാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത് പവന് കല്യാണില്‍ അതൃപ്തിയുണ്ടാക്കി. സഹോദരനും പാര്ട്ടിയ്ക്കുമെതിരേ പരസ്യമായി പ്രതികരിക്കാതെ രാഷ്ട്രീയത്തില്‍ നിന്ന് ഇടവേളയെടുക്കുകയാണ് അന്ന് അദ്ദേഹം ചെയ്തത്.
2014 ലാണ് പവന് കല്യാണ്‍ ജനസേന പാര്‍ട്ടി രൂപീകരിക്കുന്നത്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം എന്തായിരിക്കണമെന്നതില്‍ അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അത് പ്രവര്ത്തകരിലെത്തിക്കാന് ഒരു പുസ്തകവുമെഴുതി. ആന്ധ്ര പ്രദേശില്‍ നിന്ന് തെലുങ്കാന രൂപീകരിക്കുന്ന കാലത്തുണ്ടായ പ്രശ്നങ്ങളില്‍ ജനസേന പാര്‍ട്ടി പലതരത്തിലുള്ള ഇടപെടലുകള്‍ നടത്തിയത് പവന് കല്യാണിന്റെ രാഷ്ട്രീയ ജീവിതത്തിന് ഇന്ധനമായി. ബി.ജെ.പിയ്ക്ക് പിന്തുണ അറിയിക്കുകയും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഭാഗമാവുകയും ചെയ്തു. കോണ്‍ഗ്രസ് ഹഠാവോ, ദേശ് ബച്ചാവോ എന്ന മുദ്രാവാക്യം അദ്ദേഹം ഏറ്റുപാടി. ആയിരക്കണക്കിനാളുകളാണ് പവന് കല്യാണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒത്തുകൂടിയത്. 2019 ലാണ് ആന്ധ്രപ്രദേശില്‍ ജനസേന പാര്‍ട്ടി പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നത്. കര്‍ഷകരുടെ ആത്മഹത്യയും അനധികൃത ഖനികളുണ്ടാക്കുന്ന പ്രശ്നങ്ങളും അദ്ദേഹം പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടി. സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) , ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. നിരവധി ആരോഗ്യപ്രശ്നങ്ങളാണ് പവന് കല്യാണ്‍ പ്രചാരണവേളയില്‍ നേരിട്ടത്. ഛര്‍ദ്ദിയും തലക്കറക്കവും നിര്‍ജ്ജലീകരണവും കാരണം ഒന്നിലേറെ തവണ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രചാരണത്തില്‍ നിന്ന് അ്ദ്ദേഹം വിട്ടുനില്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചപ്പോള്‍ കൂടുതല്‍ കരുത്തോടെയാണ് അദ്ദേഹം മടങ്ങിവന്നത്.
2019 ലെ ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനസേന പാര്‍ട്ടി 140 മണ്ഡലങ്ങളില്‍ മത്സരിച്ചു. ഗാജുവാക്ക , ഭീമാവാരം എന്നിങ്ങനെ രണ്ടു മണ്ഡലങ്ങളിലാണ് പവന് കല്യാണ്‍ മത്സരിച്ചത്. എന്നാല്‍ ഈ രണ്ടിടത്തും അദ്ദേഹം വൈ.എസ്.ആര് കോണ്‍ഗ്രസിന് മുന്നില്‍ മുട്ടുമടക്കി. ആന്ധ്രയിലെ കോനസീമ ജില്ലയിലെ രസോളില് മാത്രമാണ് ജനസേന പാര്‍ട്ടിക്ക് വിജയിക്കാനായത്. അതേ വര്‍ഷം തന്നെ, ആന്ധ്രാപ്രദേശിലെ മണല്‍ വിതരണത്തിന്റെ കുറവ് മൂലം തൊഴിലില്ലായ്മ നേരിടുന്ന തൊഴിലാഴികളെ പിന്തുണച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരേ വിശാഖപട്ടണത്ത് ഒരു വലിയ മാര്‍ച്ച് സംഘടിപ്പിച്ചത് വലിയ തരംഗമാണ് സൃഷ്ടിച്ചു. കുര്‍ണൂലില്‍ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട 15 വയസ്സുള്ള പെണ്‍കുട്ടിയുടെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പവന് കല്യാണ്‍ നടത്തിയ പ്രതിഷേധവും ശ്രദ്ധനേടി.
ആന്ധ്രാ പ്രദേശിലെ പ്രബലരായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) യുമായി ജനസേനാ പാര്‍ട്ടി കൈകോര്‍ക്കുന്നുവെന്ന് പവന് കല്യാണ്‍ പ്രഖ്യാപിച്ചത് 2023 ലാണ്. ടിഡിപി അധ്യക്ഷനായ എന്‍ ചന്ദ്രബാബു നായിഡു ‘നൈപുണ്യ വികസന കുംഭകോണക്കേസില്‍’ അറസ്റ്റിലായി തടവില്‍ കഴിയുമ്പോള്‍ ജയിലില്‍ വച്ച് ടിഡിപിയുമായി സഖ്യമുണ്ടാക്കാന്‍ താല്പര്യമുണ്ടെന്ന് പവന് കല്യാണ്‍ അറിയിച്ചു. അത് ടിഡിപിയുടെ മനോവീര്യം ഉയര്‍ത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പവന് കല്യാണിന്റെ പ്രസംഗങ്ങള്‍ അണികളില്‍ ആവേശയമുയര്ത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍, എന്‍ഡിഎയുടെ തകര്‍പ്പന്‍ പ്രകടനം ഉറപ്പാക്കിയതില്‍ പവന് കല്യാണ്‍ കീ പ്ലേയര്‍.
കാക്കിനാഡ ജില്ലയിലെ പിതാപുരത്തുനിന്ന് നിയമസഭാ മത്സരത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വംഗ ഗീതയെ 70,279 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പവന് നേടിയത് മിന്നും ജയം. ലോക്സഭയിലേക്ക് നടന്ന മത്സരത്തില്‍ രണ്ട് സീറ്റിലാണ് ജനസേനാ പാര്‍ട്ടി മത്സരിച്ചത്. ഇവ രണ്ടിലും വിജയം നേടാനായി. ഒപ്പമുണ്ടായിരുന്ന ടിഡിപി 135 നിയമസഭാ സീറ്റുകളിലും ബിജെപി എട്ട് സീറ്റുകളിലും വിജയിച്ചുകയറി. മുന്നണിക്ക് മൊത്തം കിട്ടിയത് 164 സീറ്റുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]