
കോമഡിയും ആക്ഷനും ത്രില്ലും ആഘോഷവും ആർപ്പുവിളിയും നിറഞ്ഞ ഒരു റോളർകോസ്റ്റർ റൈഡ്. അരുൺ.ഡി.ജോസ് സംവിധാനംചെയ്ത ബ്രോമാൻസ് എന്ന ചിത്രത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. തോമസ്.പി.സെബാസ്റ്റ്യനും രവീഷ് നാഥുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. വലിയ താരനിര അണിനിരന്ന ചിത്രം പ്രേക്ഷകനെ ആദ്യാവസാനം രസിപ്പിച്ച് പിടിച്ചിരുത്തുക എന്ന ഉദ്ദേശത്തോടെയാണ് തിയേറ്ററുകളിലെത്തിയത്. ആ ഉദ്യമത്തിൽ ബ്രോമാൻസ് വിജയം കണ്ടിരിക്കുന്നു എന്ന് ആദ്യമേ പറഞ്ഞുവെയ്ക്കട്ടേ.
കാണാതായ ഷിന്റോ എന്ന ചെറുപ്പക്കാരനെ അന്വേഷിച്ച് സഹോദരൻ ബിന്റോ, ഷിന്റോയുടെ സുഹൃത്തുക്കളായ ഷബീർ, ഐശ്വര്യ, ഗുണ്ടയായ കൊറിയർ ബാബു, ഹരിഹരസുതൻ എന്ന എത്തിക്കൽ ഹാക്കർ എന്നിവർ നടത്തുന്ന അത്യന്തം രസാവഹവും സാഹസികവുമായ യാത്രയാണ് ബ്രോമാൻസിന്റെ കാതൽ. ഈ യാത്രയിൽ ഇവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും കണ്ടുമുട്ടുന്ന വ്യക്തികളുമാണ് ചിത്രത്തെ കോമഡി-ത്രില്ലർ എന്ന തലത്തിലേക്കുയർത്തുന്നത്. തന്റെ മുൻചിത്രങ്ങളായ ജോ ആൻഡ് ജോ, 18+ എന്നീ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി സാമാന്യം വലിയ ക്യാൻവാസിൽത്തന്നെയാണ് അരുൺ.ഡി.ജോസ് ബ്രോമാൻസ് ഒരുക്കിയിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളുടെ എണ്ണത്തിലും കഥാപശ്ചാത്തലത്തിലുമെല്ലാം ഈ വലിപ്പം കാണാനാവും.
ആളുകളെ ചിരിപ്പിക്കാനാണ് ബുദ്ധിമുട്ടെന്ന് സിനിമാരംഗത്തെ പല കലാകാരന്മാരും സാങ്കേതിക വിദഗ്ധരും എത്രയോ കാലമായി പറയുന്നതാണ്. ആ ബുദ്ധിമുട്ടിനെ അരുൺ.ഡി.ജോസും സംഘവും നിഷ്പ്രയാസം മറികടക്കുന്നുണ്ട്. സിനിമ തുടങ്ങി അഞ്ചുമിനിറ്റിനുള്ളിൽത്തന്നെ ചിത്രം കോമഡിയുടെ ട്രാക്കിലേക്ക് കയറുന്നുണ്ട്. പിന്നീട് ഒരിടത്തുപോലും സിനിമ ഡൗണാവുന്നില്ല എന്നത് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. അതിവേഗം പോകുന്ന ഒരു വാഹനത്തിലിരിക്കുന്നതുപോലെയാണ് സിനിമയുടെ സഞ്ചാരം. ആവശ്യമായ ഇടങ്ങളിൽ മാത്രം പതിയെ ബ്രേക്ക് ചവിട്ടി, വീണ്ടും മുന്നോട്ടുകുതിക്കുകയാണ് ചിത്രം. കണ്മുന്നിൽ കാണുന്ന കാഴ്ചയിൽ മതിമറന്ന് ഇരിക്കാനും അതിനിടയിൽ ലോജിക്കിനൊന്നും പ്രസക്തിയില്ലെന്ന് വിളിച്ചുപറയുകയും ചെയ്യുന്ന, ആദ്യാവസാനം വിനോദം മാത്രം ലക്ഷ്യംവെയ്ക്കുന്ന ചില ചിത്രങ്ങളുണ്ടല്ലോ. ആ ഗണത്തിലാണ് ബ്രോമാൻസിനേയും ഉൾപ്പെടുത്തേണ്ടത്.
താരനിരയേക്കുറിച്ച് പറഞ്ഞാൽ വന്നവരും പോയവരുമെല്ലാം ഒരേപോലെ സ്കോർ ചെയ്തിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളേയും അല്പം ലൗഡ് ആയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ബിന്റോയെ അവതരിപ്പിച്ച മാത്യു തോമസിൽനിന്ന് തുടങ്ങാം. തന്റെ കരിയറിൽ ഇതുപോലൊരു കഥാപാത്രം മാത്യു ചെയ്തിട്ടില്ലെന്നുതന്നെ പറയാം. തമാശയ്ക്കുവേണ്ടി മനഃപൂർവം ഒന്നും ചെയ്യുന്നില്ലെങ്കിലും ബിന്റോ കടന്നുപോകുന്ന അവസ്ഥയാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. ഒരുപൊടിക്ക് മുകളിൽ നിൽക്കുന്ന കലിപ്പ് സ്വഭാവമുള്ള ബിന്റോയുടെ നിസ്സഹായാവസ്ഥപോലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻപോന്നതാണ്. മാത്യു എന്ന നടന്റെ പുതിയൊരു മുഖമാണ് പ്രേക്ഷകർ കാണുക. സിനിമയുടെ രണ്ടാംപകുതിയിൽ അർജുൻ അശോകന്റെ ഷബീർ എന്ന കഥാപാത്രവും നന്നായി സ്കോർ ചെയ്യുന്നുണ്ട്.
കോമഡിയും മാസും ഒരുപോലെ കൈകാര്യം ചെയ്യുന്നതിൽ കലാഭവൻ ഷാജോൺ വിജയിച്ചിട്ടുണ്ട്. മഹിമാ നമ്പ്യാരും മാത്യു തോമസും അർജുൻ അശോകനും തമ്മിലുള്ള രംഗങ്ങളും അതീവരസകരമാണ്. ആക്ഷനും തനിക്ക് വഴങ്ങുമെന്ന് മഹിമ തെളിയിക്കുന്നുണ്ട്. കൂട്ടത്തിൽ കോമഡിയിൽ മുകളിൽ നിൽക്കുന്നത് ഹരിഹരസുതനെ അവതരിപ്പിച്ച സംഗീത് പ്രതാപാണ്. പ്രേമലുവിൽ കണ്ട അമൽ ഡേവിസിനെയല്ല ബ്രോമാൻസിൽ കാണുക. അമൽ ഡേവിസിന്റെ നിഴൽപോലും ഹരിഹരസുതനിൽ ഇല്ല. അസാമാന്യപ്രകടനംകൊണ്ട് തന്റെ മുൻകഥാപാത്രങ്ങളെ നിഷ്പ്രഭമാക്കുന്നുണ്ട് സംഗീത് പ്രതാപ്. തമാശയും അല്പം ക്രൂരതയും നിറഞ്ഞ ടോണി എന്ന പോലീസ് ഉദ്യോഗസ്ഥനെ ബിനു പപ്പുവും ഭംഗിയാക്കിയിട്ടുണ്ട്. ഭരത് ബൊപ്പണ്ണ, മിഥുൻ വേണുഗോപാൽ, ശ്യാം മോഹൻ, രശ്മി ബോബൻ എന്നിവരും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി.
സിനിമയെ റോളർകോസ്റ്റർ റൈഡ് പോലെ ത്രില്ലിങ് ആക്കുന്നതിൽ ഗോവിന്ദ് വസന്തയുടെ സംഗീതം നൽകുന്ന പങ്ക് ചില്ലറയല്ല. പൊതുവേ ഗോവിന്ദ് വസന്തയെന്ന് കേൾക്കുമ്പോൾ 96-ഉം മെയ്യഴകനുമെല്ലാമാണ് മനസിലേക്ക് ഓടിവരുന്നതെങ്കിൽ ബ്രോമാൻസിലേക്കെത്തുമ്പോൾ സംഗതി വ്യത്യസ്തമാണ്. സ്ഥിരം ശൈലി ഗാനങ്ങളിൽനിന്ന് പുറത്തുകടന്നിട്ടുണ്ട് ഗോവിന്ദ്. ഇഷ്ടമുള്ളത് ചെയ്തോ എന്നുപറഞ്ഞ് സംവിധായകൻ സംഗീത സംവിധായകനെ കയറൂരിവിട്ടിരിക്കുകയാണോ എന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ അവരെ കുറ്റം പറയാനാവില്ല. ഇന്നുവരെ ആസ്വാദകർ അറിഞ്ഞ ഗോവിന്ദ് വസന്തയേയല്ല ബ്രോമാൻസിൽ കാണാനാവുക.
ലോജിക് നോക്കാതെ എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ത്രില്ലടിക്കാനും ആഘോഷിക്കാനും ഇഷ്ടപ്പെടുന്നയാളാണോ നിങ്ങൾ. എങ്കിൽ കണ്ണുമടച്ച് ബ്രോമാൻസിന് ടിക്കറ്റെടുക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]