തെലുങ്ക് നടി അന്‍ഷു അംബാനിക്കെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സംവിധായകന് ത്രിനാഥ് റാവു നക്കിനയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സംവിധായകനെതിരെ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അന്‍ഷുവിനോട് മാപ്പ് ചോദിച്ച് ത്രിനാഥ് എക്സില്‍ വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തു.
എന്നാലിപ്പോള്‍ ത്രിനാഥിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് അന്‍ഷു. ലോകത്തെ ഏറ്റവും സ്നേഹമുള്ള മനുഷ്യനാണ് ത്രിനാഥെന്നും തന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ത്രിനാഥ് തന്നെ കരുതിയതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ അന്‍ഷു പറയുന്നു.
‘ത്രിനാഥിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ ഞാന്‍ കണ്ടു. പക്ഷേ അദ്ദേഹം ലോകത്തിലെ ഏറ്റവും സ്നേഹമുള്ള മനുഷ്യനാണെന്ന കാര്യത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഉറപ്പ് നല്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ ഒരു കുടുംബാംഗം പോലെയാണ് എന്നെ നോക്കിയത്. 60 ദിവസങ്ങളാണ് ഞാന്‍ ആ സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്തത്. എനിക്ക് സ്നേഹവും ബഹുമാനവും ആശംസകളും മാത്രമാണ് ആ ദിവസങ്ങളില്‍ ലഭിച്ചത്.’- അന്‍ഷു വ്യക്തമാക്കുന്നു.
അതുകൊണ്ട് വിവാദം അവസാനിപ്പിക്കണെന്നും ഈ സിനിമയെ ആവേശത്തോടെയാണ് നോക്കിക്കാണുന്നതെന്നും അന്‍ഷു കൂട്ടിച്ചേര്‍ക്കുന്നു. തെലുങ്ക് സിനിമയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാന്‍ ഇതിലും മികച്ചൊരു സംവിധായകനില്ലെന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും നടി പറയുന്നു.
20 വര്‍ഷത്തിനുശേഷമാണ് അന്‍ഷു സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മസാക്ക എന്ന പുതിയ ചിത്രത്തിലൂടെ ത്രിനാഥയാണ് അന്‍ഷുവിന് വീണ്ടും അവസരം നല്‍കിയത്. ഈ സിനിമയുടെ ടീസര്‍ ലോഞ്ചിങ്ങിനിടെയാണ് ത്രിനാഥ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോരെന്നും ഭക്ഷണം കഴിച്ച് തടി കൂട്ടണമെന്നും താന്‍ നടിയോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ത്രിനാഥ പറഞ്ഞത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് നാഗാര്‍ജുനയുടെ മന്‍മദുഡു എന്ന ചിത്രത്തില്‍ അന്‍ഷു അഭിനയിച്ചിരുന്നു. അതിലെ അന്‍ഷുവിന്റെ ലുക്കിനെ പരാമര്‍ശിച്ചായിരുന്നു സംവിധായകന് സംസാരിച്ചത്. ‘അന്‍ഷു എങ്ങനെയാണ് എന്റെ ചിത്രത്തില്‍ ഇത്ര സുന്ദരിയായതെന്ന് ഞാന്‍ അമ്പരന്നിട്ടുണ്ട്. ഇവര്‍ എങ്ങനെയായിരുന്നെന്ന് അറിയണമെങ്കില്‍ മന്‍മദുഡു കണ്ടാല്‍ മതി. അന്ഷുവിനുവേണ്ടി മാത്രം ആ സിനിമ പലതവണ കണ്ടു. ഇപ്പോള്‍ ആ സിനിമയിലേത് പോലെയാണോ അന്‍ഷു ഇരിക്കുന്നതെന്ന് നോക്കൂ. ഞാന്‍ അവരോട് ഭക്ഷണം കഴിച്ച് ഭാരം കൂട്ടാന്‍ പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് ഇത് പോരാ എന്ന് പറഞ്ഞു. കുറച്ചുകൂടി സൈസ് വേണമെന്ന് പറഞ്ഞു. ഇപ്പോള്‍ അവര്‍ മെച്ചപ്പെട്ടു. ഇനിയും മെച്ചപ്പെടും.’-ഇതായിരുന്നു ടീസര്‍ ലോഞ്ചിനിടെ സംവിധായകന്റെ പരാമര്‍ശം.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ത്രിനാഥനെതിരെ സോഷ്യല്‍ മീഡിയയിലും സിനിമാരംഗത്തും രൂക്ഷ വിമര്‍ശനമുയര്‍ന്നു. നടിമാരോട് എന്ത് അശ്ലീലവും പറയാം എന്ന് കരുതരുതെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിച്ചു. ഇതോടെയാണ് ത്രിനാഥ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. ഒന്നും മനസില്വെച്ചല്ല അങ്ങനെ പറഞ്ഞതെന്നും ദയവ് ചെയ്ത് തന്നോട് ക്ഷമിക്കണമെന്നും ത്രിനാഥ വ്യക്തമാക്കി. എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംവിധായകന് ക്ഷമ ചോദിച്ചത്.
നേരത്തേയും ത്രിനാഥ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. 2024-ല്‍ നടി പായല്‍ കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. സുന്ദീപ് കിഷനും റിതു വര്‍മയുമാണ് മസാക്കയില്‍ പ്രധാന വേഷത്തിലെത്തുന്നത്. പ്രധാന കഥാപാത്രമായി അന്‍ഷുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]