മോഹന്‍ലാല്‍- ലിജോ ജോസഫ് പെല്ലിശേരി കൂട്ടുകെട്ടിന്റെ ആദ്യസംരംഭമായ മലൈക്കോട്ട വാലിബന് റിലീസായത് കഴിഞ്ഞ ജനുവരിയിലായിരുന്നു, 25-ാം തീയതി. പ്രതീക്ഷകളെ വാനോളമുയര്‍ത്തി തിയേറ്ററുകളിലെത്തിയ ബിഗ്ബജറ്റ് ചിത്രത്തിന് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനായില്ല. വാലിബനെയും മോഹന്‍ലാലിനെയും കുറിച്ച് സിനിമയുടെ നിര്‍മാതാവ് ഷിബു ബേബിജോണ്‍ സംസാരിക്കുന്നു.
വാലിബന് ഒരു വയസ്സിലേക്ക് നടക്കുന്നു. തിയേറ്ററില്‍ വലിയ വിജയമായില്ലെങ്കിലും ഇന്ന് സോഷ്യല്‍ മീഡിയയില്‍ സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നവര്‍ കൂടി വരുന്നു.
മലൈക്കോട്ട വാലിബന് ഒരു ക്ലാസിക് ആണെന്നായിരുന്നു ഞങ്ങളുടെ വിലയിരുത്തല്‍. അതിന്റെ വിഷ്വലൈസേഷന്‍, ക്രാഫ്റ്റ്, സാങ്കേതികത്തികവ് – ഇതൊക്കെ അത്യുജ്ജ്വലമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആള്ക്കാര് ആഗ്രഹിച്ച ഒരു വേഗം അതിനുണ്ടായില്ല എന്ന അഭിപ്രായം വന്നു. ലിജോ-മോഹന്‍ലാല്‍ കോമ്പിനേഷനെക്കുറിച്ച് പൊതുവേ അമിത പ്രതീക്ഷകളായിരുന്നു. എന്തായാലും ഇത് ഒടുവില്‍ ഒരു ലിജോ ചിത്രം തന്നെയായിരിക്കും എന്ന കാര്യം അവര്‍ മറന്നുപോയി. അതു കാരണമുള്ള ഒരു നിരാശയാണ് ഉണ്ടായത്. എങ്കിലും സിനിമയുടെ ഫൈനല്‍ പ്രോഡക്ടില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. സിനിമയുടെ ഒറിജിനല്‍ പ്ലാനില്‍ നിന്ന് രണ്ടാം ഭാഗം എന്ന സങ്കല്പ്പത്തിലേക്ക് പോയപ്പോള്‍ സ്ക്രിപ്റ്റില്‍ കുറച്ച് മാറ്റങ്ങള്‍ വന്നു. അതിന്റെ ചില പ്രശ്നങ്ങളുണ്ട്. പക്ഷേ ഇന്ന് നല്ല പടമാണെന്ന് ആള്ക്കാര് തിരിച്ചറിയുമ്പോള്‍ സന്തോഷമുണ്ട്.
വാലിബന് അമിതമായ ഹൈപ്പ് ഉണ്ടായതില്‍ പ്രൊഡ്യൂസർക്കും സംവിധായകനും മോഹന്‍ലാലിനും ഒക്കെ ഉത്തരവാദിത്തമില്ലേ?
സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഞങ്ങള്‍ ഒരു കാര്യവും പുറത്തുവിട്ടില്ല, അതായിരുന്നു ഏറ്റവും വലിയ പ്രശ്നം. ഒന്നോ രണ്ടോ പരാമര്‍ശങ്ങളാണ് ഹൈപ്പ് തുടങ്ങിവച്ചത്. ഒന്ന് ടിനു പാപ്പച്ചന്റെ (വാലിബന്റെ അസോസിയേറ്റ് ഡയറക്ടര്‍) തിയേറ്റര്‍ കുലുങ്ങും എന്നൊക്കെ പറഞ്ഞ ഒരു കമന്റ്, രണ്ടാമത്തേത് വിജയ് ബാബുവിന്റേത്. അതല്ലാതെ അവസാന ആഴ്ച വരെ ഞങ്ങള്‍ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സിനിമ എന്താണ് എന്ന കാര്യം പുറത്തുവിടേണ്ട എന്നത് ബോധപൂര്‍വ്വമായ തീരുമാനമായിരുന്നു. ലാല്‍-ലിജോ കോമ്പിനേഷന്‍ എന്ന് പറഞ്ഞപ്പോള്‍ ഓട്ടോമാറ്റിക് ആയിട്ട് ഒരു ഹൈപ്പ് ഉണ്ടായതാണ്. ലാല്‍ ഫാന്‍സ് ഭയങ്കരമായ പ്രതീക്ഷയുടെ ഒരു ലെവലില്‍ എത്തി.
മുമ്പ് ലാലിനെക്കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ കുറച്ചുകാലമായി അശരീരിയായി അന്തരീക്ഷത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭിനയസിദ്ധി നഷ്ടമായി, കണ്ണിന്റെ കരുത്തു പോയി എന്നൊക്കെ. വാലിബനില്‍ മോഹന്‍ലാലിന്റെ പ്രകടനം ഒരു കാര്യത്തിലും കുറ്റം പറയാന്‍ പറ്റാത്തതാണ്. അഭിനയസിദ്ധി കൈമോശം വരാത്ത നടനാണ് എന്ന് തെളിയിച്ചില്ലേ അദ്ദേഹം? എത്രയെത്ര മികച്ച രംഗങ്ങളാണ് അതിലുള്ളത്! പക്ഷേ അതൊന്നും ചര്‍ച്ചയാവുന്നില്ല. ചിലര്‍ ബോധപൂര്‍വ്വം അദ്ദേഹത്തിനതിരായ കാര്യങ്ങള്‍ ഒരുഭാഗത്തുനിന്നും പ്രചരിപ്പിക്കുന്നു. അത്തരം ആരോപണങ്ങളൊക്കെ അടിസ്ഥാനരഹിതം ആണെന്ന് തെളിയിച്ച പടം ആയിരുന്നു വാലിബന്. പക്ഷേ ആ സിനിമ ലാലിന്റെ തിരിച്ചുവരവാണ് എന്ന കാര്യം ആരും സംസാരിക്കുന്നില്ല.
ഷിബു ബേബി ജോൺ, മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ. ഫോട്ടോ: സിദ്ദിഖുൽ അക്ബർ
ബോക്സ് ഓഫീസിലെ നിരാശയ്ക്കുശേഷം നിങ്ങള്‍ മൂവരും തമ്മില്‍ സംസാരിച്ചിരുന്നോ.
ഞങ്ങള്‍ മൂന്നുപേരും കൂടി ഒരുമിച്ചിരുന്ന് അതേക്കുറിച്ച് സംസാരിച്ചതായി എനിക്ക് ഓര്‍മ്മയില്ല. എന്തായാലും ഞങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ട്, ഇപ്പോഴും സ്ഥിരമായി ബന്ധപ്പെടാറുണ്ട്. ലാലുമായി എത്രയോ വര്‍ഷങ്ങളുടെ ബന്ധമാണ്.
ഫ്ളോപ്പ് ആയപ്പോള്‍ മോഹന്‍ലാല്‍ എന്താണ് പറഞ്ഞത്.
അല്ലല്ല, വാലിബന് ഫ്ളോപ്പ് അല്ലായിരുന്നു. നമ്മള് പ്രതീക്ഷിച്ച ലെവലിലേക്ക് പോയില്ല എന്നേയുള്ളൂ. പടത്തിന്റെ റവന്യൂ എല്ലാം നോക്കുമ്പോള്‍ അതൊരു പരാജയപ്പെട്ട ചിത്രമല്ല.
വലിയ ബജറ്റ് ആയതിനാല്‍ നിര്‍മ്മാതാവ് എന്ന നിലയ്ക്ക് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടായോ.
ഇല്ല, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ വലിയ കുഴപ്പമില്ലാതെ തലയൂരാന്‍ പറ്റി.
ലിജോയും മോഹന്‍ലാലും ഷിബു ബേബിജോണും ഒരുമിക്കുന്ന ഒരു പടം പദ്ധതിയിലുണ്ടോ?
ഇല്ല, ഈ കോമ്പിനേഷന്റെ ഒന്നും തല്ക്കാലം പ്ലാന്‍ ചെയ്തിട്ടില്ല. വാലിബന് രണ്ടാം ഭാഗം ഇല്ല. ലാലിന് പറ്റുന്ന ഒരു സബ്ജക്ട് എപ്പോള്‍ കിട്ടുമോ, അപ്പോള്‍ ഒരു പടം ചെയ്യും. നല്ല സബ്ജക്ടാണ് എന്ന് ഉറപ്പുവരുത്തിയിട്ടേ പടം അനൗണ്‍സ് ചെയ്യുകയുള്ളൂ.
മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിനെ തുടക്കത്തിലെ ആള്ക്കാര് ദ്രോഹബുദ്ധിയോടെ ഡിഗ്രേഡ് ചെയ്തു എന്ന തോന്നലുണ്ടോ.
തീര്‍ച്ചയായും. മോഹന്‍ലാലിന്റെ ഫാന്‍സ് അടക്കമുള്ള പ്രേക്ഷകര്‍ ഈ സിനിമയെ ഒട്ടും താല്പര്യത്തോടെ അല്ല സമീപിച്ചത്. അതിന് ഞാനവരെ കുറ്റം പറയുന്നില്ല. വാലിബന് ഹൈപ്പായിരുന്നു പ്രശ്നമെങ്കില്‍ ബറോസിന് നെഗറ്റീവ് എക്സ്പെക്ടേഷന്‍സ് ആയിരുന്നു പ്രശ്നം. സിനിമ കാണാതെ അഭിപ്രായം പറയലും മറ്റും അതിന്റെ ഭാഗമായി ഉണ്ടായി. സിനിമയ്ക്ക് ഒരു സംവിധായകനേ ഉള്ളൂ എങ്കിലും ബറോസിന്റെ ആദ്യത്തെ ഷോയ്ക്ക് കയറുന്ന എല്ലാവരും മൊബൈല്‍ ഫോണും ക്യാമറയും ഉപയോഗിച്ച് ഡയറക്ടര്‍മാരായി, സിനിമയെ വലിച്ചുകീറി.
മലൈക്കോട്ട വാലിബന് അടക്കമുള്ള ചിത്രങ്ങളുടെ പരാജയം വളരെ നിസ്സംഗമായി എടുത്തിരുന്ന മോഹന്‍ലാലിനെ ബറോസിന്റെ പരാജയം വളരെ വ്യക്തിപരമായി വേദനിപ്പിച്ചത് പോലെ തോന്നി. ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നോ.
ഞാന്‍ അതിന്റെ ഡീറ്റെയില്‍സിലേക്ക് പോയിട്ടില്ല. ഞങ്ങള്‍ സംസാരിക്കുന്നുണ്ട്. ഒരുകാര്യം പറയാം, അദ്ദേഹം ഇക്കാര്യത്തില്‍ ശരിക്കും വേദനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]