കോഴിക്കോട്: പ്രമുഖ സിനിമാ നിര്‍മാതാവും വ്യവസായിയും എ.ഐ.സി.സി. അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരന് (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7.23-ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. പൊതുദര്‍ശനം ആഴ്ചവട്ടത്തെ വീട്ടിലും കെ.ടി.സി ഓഫീസിലും നടന്നു. വൈകീട്ട് അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെ ടൗണ്‍ഹാളിൽ പൊതുദര്‍ശനമുണ്ടാകും. സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് ആറിന് ആഴ്ചവട്ടത്തെ വീട്ടുവളപ്പിൽ.
മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം എ.ഐ.സി.സി അംഗമായിരുന്നു.
സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യമായിരുന്നു ഏവരും സ്നേഹപൂര്‍വ്വം പി.വി.ജി എന്ന് വിളിച്ചിരുന്ന പി.വി ഗംഗാധരന്. ജനപ്രിയ സിനിമകളിലൂടെ ഇന്നത്തെ മുതിര്‍ന്ന താരങ്ങളുടേയും സംവിധായകരുടേയും തുടക്കകാലത്ത് ഹിറ്റുകള്‍ സമ്മാനിച്ച ബാനറായിരുന്നു ഗൃഹലക്ഷ്മി ഫിലിംസ്.
1977-ൽ സുജാത എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്രനിർമാണരംഗത്തേക്കെത്തിയത്. തുടർന്ന് മനസാ വാചാ കർമണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരു വടക്കൻ വീരഗാഥ, അദ്വൈതം, ഏകലവ്യൻ തുടങ്ങി ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹിറ്റ് ചിത്രങ്ങളുടെ നീണ്ടനിരതന്നെ സൃഷ്ടിക്കപ്പെട്ടു. ജയൻ നായകനായ ഐ.വി.ശശി ചിത്രം അങ്ങാടി ഇന്നും മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ മുൻനിരയിലുണ്ട്. മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയെടുത്താൽ മുന്നിൽത്തന്നെയുണ്ട് വടക്കൻ വീരഗാഥയുടെ സ്ഥാനം.
എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമിച്ച കാണാക്കിനാവ് എന്ന ചിത്രത്തിന് 1997-ൽ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരവും 2000-ൽ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഒരു വടക്കൻ വീരഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കി.
വാർത്ത (1986). ഒരു വടക്കൻ വീരഗാഥ (1989), തൂവൽ കൊട്ടാരം (1996), വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999), അച്ചുവിന്റെ അമ്മ (2005), നോട്ട്ബുക്ക് (2006) എന്നിവ മികച്ച ചിത്രങ്ങൾക്കുള്ള സൗത്ത് ഫിലിം ഫെയർ പുരസ്കാരങ്ങൾ നേടി.
പ്രമുഖവ്യവസായിയും സ്വാതന്ത്ര്യസമരസേനാനിയുമായ പരേതരായ പി.വി. സാമിയുടെയും മാധവി സാമിയുടെയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. പ്രമുഖ അഭിഭാഷകനും അഡ്വക്കറ്റ് ജനറലുമായിരുന്ന അഡ്വ. എം. രത്നസിങ്ങിന്റെ മകൾ ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ മക്കളാണ്. മരുമക്കൾ: ഡോ. ജയ് തിലക് (ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഓർത്തോപീഡിക്സ് അമൃത ഹോസ്പിറ്റൽ കൊച്ചി), ഡോ. ബിജിൽ രാഹുലൻ, ഡോ. സന്ദീപ് ശ്രീധരൻ (അസോ. പ്രൊഫ. ഡിപ്പാർട്ട്മെന്റ് ഓഫ് നെഫ്രോളജി, മലബാർ മെഡിക്കൽ കോളേജ് കോഴിക്കോട്). മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ജ്യേഷ്ഠ സഹോദരനാണ്. കോഴിക്കോട് പി.വി.എസ്. ആശുപത്രി മുൻ എം.ഡി. പരേതനായ ഡോ. ടി.കെ. ജയരാജിന്റെ ഭാര്യ കുമാരി ജയരാജ് സഹോദരിയാണ്.
പി.വി. സാമി പടുത്തുയര്‍ത്തിയ കെ.ടി.സി. ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ പി.വി. ചന്ദ്രനൊപ്പം വലിയ പങ്കുവഹിച്ചിട്ടുണ്ട് പി.വി ഗംഗാധരന്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉത്തരകേരളത്തിലെ വ്യവസായികളുടെ സംഘടനയായ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ അമരത്ത് പ്രവര്‍ത്തിക്കാന്‍ മൂന്നുതവണ നിയോഗിക്കപ്പെട്ടു. ഈ കാലയളവിലാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനുള്ള പ്രക്ഷോഭപരിപാടികളും സമ്മര്‍ദതന്ത്രങ്ങളും ചേംബര്‍ ആവിഷ്കരിച്ചു നടപ്പാക്കിയത്.
മലബാര്‍ എയര്‍പോര്‍ട്ട് കര്‍മസമിതിയുടെയും ട്രെയിന്‍ കര്‍മസമിതിയുടെയും ചെയര്‍മാനാണ്. മൂന്നുതവണ പാരീസ് കേന്ദ്രീകരിച്ചുള്ള ഫെഡറേഷന് ഓഫ് ഇന്റര്‍നാഷണല്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് ചെയര്മാന്, കേരളാ ഫിലിം ചേംബര്‍ പ്രസിഡന്റ്, ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പ്രധാന പദവികള്‍ വഹിച്ചിരുന്നു. പി.വി.എസ്. ആശുപത്രി ഡയറക്ടര്‍, ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം ഡയറക്ടര്‍, ശ്രീനാരായണ എജ്യുക്കേഷന്‍ സൊസൈറ്റി ഡയറക്ടര്‍, പി.വി.എസ്. നഴ്സിങ് സ്കൂള്‍ ഡയറക്ടര്‍, മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. പന്തീരാങ്കാവ് എജുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ്, പി.വി.എസ്. കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഡയറക്ടര്‍, പിവി.എസ് ഹൈസ്കൂള്‍ ഡയറക്ടറുമാണ്. കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ സെനറ്റ് അംഗവുമായിരുന്നു.
ശനിയാഴ്ച വൈകീട്ട് ഏഴിന് ടൗണ്‍ഹാളില്‍ അനുശോചനയോഗം ചേരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]