പതിഞ്ഞ തുടക്കത്തിനുശേഷം പശ്ചാത്തലസംഗീതം അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍, ൈകയിലെ സ്ഫടിക ചഷകത്തിലെ മദ്യം ഒറ്റ വീര്പ്പിന് അകത്താക്കിയശേഷം മുന്നിലെ മേശമേല്‍ ആലസ്യത്തോടെ കമിഴ്ന്നു വീഴുന്നു ഹെലന്. വിറയാര്‍ന്ന ചുണ്ടുകളില്‍ വികാരതീവ്രമായ ഒരു ഗാനത്തിന്റെ പല്ലവി: ”പിയാ തൂ അബ് തോ ആജാ ….” (പ്രിയകാമുകാ നീ വരൂ).
പാട്ടുപാടി നൃത്തച്ചുവടുകളോടെ ഉന്മാദിനിയായി ഹെലന് മേശയെ വലംവെക്കുമ്പോള്‍, വിദൂരതയിലെങ്ങുനിന്നോ അശരീരി പോലൊരു പരുക്കന്‍ ശബ്ദം: ”മൊണീക്കാ…” പ്രണയാവേശത്തിന്റെ കൊടുമുടിയില്‍ സ്വയം മറന്ന് ആ അജ്ഞാതശബ്ദത്തിന്റെ ഉടമയെ ചുറ്റിലും തിരയുന്നു ഹെലന്റെ ലഹരി നിറഞ്ഞ കണ്ണുകള്‍: ”വോ ആഗയാ, ദേഖോ, ദേഖോ വോ ആഗയാ…”
പ്രണയലോലമായ ആ ആത്മഗതത്തില്നിന്നാണ് ഇന്ത്യന്‍ സിനിമയില്‍ കേട്ട എക്കാലത്തെയും ജനപ്രിയമായ മാദകനൃത്തഗാനത്തിന്റെ തുടക്കം: ‘പിയാ തൂ അബ് തോ ആജാ, ഷോലാ സാ മന് ദഹ്കേ ആകേ ബുജാ ജാ, തന് കി ജ്വാലാ ഠണ്ഡി ഹോ ജായേ, ഐസേ ഗലേ ലഗാ ജാ…’ ആശാ ഭോസ്ലെ ആര്.ഡി. ബര്മന് ടീമിന്റെ ക്ലാസിക് സൃഷ്ടികളിലൊന്ന്.
സങ്കല്പങ്ങളെ മാറ്റിമറിച്ച ഗാനങ്ങള്‍
ലൈംഗികതയെക്കുറിച്ചുള്ള ഹിന്ദി സിനിമയുടെ പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ തിരുത്തിയ ഗാനം എന്ന് ‘കാര്‍വാനി’ (1971) ലെ ഈ സൂപ്പര്‍ ഹിറ്റ് സൃഷ്ടിയെ വിശേഷിപ്പിക്കുന്നവരുണ്ട്. ഹിന്ദി സിനിമയെ അതിന്റെ കപട നിഷ്കളങ്കതയില്‍നിന്ന് മോചിപ്പിച്ച ഗാനമായി ‘പിയാ തൂ’വിനെ ഉദ്ഘോഷിക്കുന്ന ബുദ്ധിജീവികള്‍ വേറെ. നല്ലതോ ചീത്തയോ ആവട്ടെ, ശരാശരി ഇന്ത്യന്‍ പ്രേക്ഷകന്റെ ചലച്ചിത്രഗാനസങ്കല്പങ്ങളെ അത് മാറ്റിമറിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കുമില്ല സംശയം.
മജ്രൂഹ് സുല്‍ത്താന്‍പുരിയുടെ വരികളില്പ്പോലുമുണ്ട് ഈ മാറ്റത്തിന്റെ അലയൊലി. ഉള്ളിലെ ജ്വലിക്കുന്ന തീ കെടുത്തി, ശരീരത്തെ തണുപ്പിച്ച് വാരിപ്പുണരാനാണ് കാത്തിരിക്കുന്ന കാമുകനോട് കാമുകിയുടെ അപേക്ഷ. ഒപ്പം ദാഹാര്‍ത്തമായ അവളുടെ ചുണ്ടുകള്‍ക്ക് നല്കിയ നൂറു നൂറു വാഗ്ദാനങ്ങള്‍ ചുടുചുംബനങ്ങളിലൂടെ പാലിക്കുകയും വേണം. ഇത്രയും കാമോദ്ദീപകമായ വരികള്‍ അതിനുമുമ്പ് എഴുതിയിരിക്കില്ല മജ്രൂഹ്. രാഹുല്‍ ദേവ് ബര്‍മന്റെ ഈണവും ആശാ ഭോസ്ലെയുടെ വികാരദീപ്തമായ ആലാപനവും കൂടിച്ചേരുമ്പോള്‍ സിരകളെ ത്രസിപ്പിക്കുന്ന അനുഭവമാകുന്നു ആ ഗാനം. വരികള്‍ക്കിടയിലുള്ള ആശയുടെ ഉച്ഛ്വാസ നിശ്വാസങ്ങളില്പ്പോലുമുണ്ട് ആ ലഹരിയുടെ ഉന്മാദം.
എന്തായിരിക്കാം ‘പിയാ തൂ’ എന്ന ഗാനത്തെ കാലാതിവര്‍ത്തിയായ ദൃശ്യശ്രവ്യാനുഭവമായി നിലനിര്‍ത്തുന്ന ഘടകം? പ്രധാനമായും ആര്.ഡി. ബര്‍മന്റെ ഐന്ദ്രജാലിക സംഗീതസ്പര്‍ശം തന്നെ. റോക്കന്‍ റോള്‍ ഉള്‍പ്പെടെ പാശ്ചാത്യസംഗീതത്തിലെ സര്‍വ ശാഖകളുടെയും ആരാധകനായ ബര്മന് ബ്ലൂസ് സ്കെയിലില്‍ ചിട്ടപ്പെടുത്തിയ ഗാനമാണിത്. ഗായിക ആശാ ഭോസ്ലെയും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന ഹെലനും തമ്മിലുള്ള അസാധാരണമായ ‘സ്ക്രീന്‍ കെമിസ്ട്രി’ കൂടി ചേര്‍ന്നപ്പോള്‍ എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന അനുഭവമായിമാറി ആ ഗാനം.
ഷമ്മി കപൂറും മുഹമ്മദ് റഫിയും എന്നപോലെ, രാജ് കപൂര്‍-മുകേഷ്, രാജേഷ് ഖന്ന -കിഷോര്‍ കുമാര്‍ സഖ്യങ്ങള്പോലെ അപൂര്‍വമായ ആത്മൈക്യത്തിന്റെ പ്രതീകമായിരുന്നു ഹെലന്-ആശ കൂട്ടുകെട്ട്. ഗായികയും നര്‍ത്തകിയും തമ്മിലുള്ള ആ ഹൃദയബന്ധത്തില് പിറന്ന ജനപ്രിയ ഗാനങ്ങള്‍ എത്രയെത്ര: ‘ഓ ഹസീനാ സുല്ഫോംവാലി’ (തീസ്രി മന്‍സില്‍), ‘ആവോ നാ, ഗലേ ലഗ് ജാവോ നാ’ (മേരേ ജീവന് സാഥി), ‘ഹുസൂര്‍ ഏ വാലാ’ (യേ രാത് ഫിര്‍ ന ആയേഗി), ‘യമ്മാ യമ്മാ യമ്മാ’ (ചൈനാ ടൗണ്‍), ‘മേരി ജവാനി തേരി ദീവാനി’ (ഹംഗാമ), ‘ആജ് കി രാത് കോയി ആനേ’ (അനാമിക), ‘തും അഭി കാസ്മിന്‍ ഹോ’ (മന് മന്ദിര്‍) അങ്ങനെയങ്ങനെ. ഏഴു ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ആശ. അതില്‍ രണ്ടെണ്ണവും ഹെലന് പാടി അഭിനയിച്ച പാട്ടുകള്‍ക്കായിരുന്നു: ‘പിയാ തൂ അബ് തോ ആജാ’ (1971), ‘യേ മേരാ ദില്‍ പ്യാര് കാ ദീവാനാ’ (1979).
ഒ.പി. നയ്യാരുടെ ഗായിക
എങ്കിലും കാബറെ ഗായിക എന്ന പ്രതിച്ഛായ സിനിമാജീവിതത്തിന്റെ തുടക്കത്തില്‍ ദോഷമേ ചെയ്തിട്ടുള്ളൂ എന്ന് തുറന്നുപറഞ്ഞിട്ടുണ്ട് ആശ. ആ ഇമേജില്‍നിന്ന് പുറത്തുകടക്കാന്‍ സഹായിച്ചത് സംഗീതസംവിധായകന് ഓംകാര്‍ പ്രസാദ് നയ്യാരുടെ ശക്തമായ പിന്തുണയാണ്. ലതാ മങ്കേഷ്ക്കറെ സ്വന്തം സംഗീതഭൂമികയില്നിന്ന് ബോധപൂര്‍വം അകറ്റിനിര്‍ത്തിയ ഒ.പി. നയ്യാര്‍ ആശയ്ക്ക് സമ്മാനിച്ചത് തന്റെ ഏറ്റവും ഹൃദയഹാരിയായ ഈണങ്ങള്‍. 168 സോളോകള് ഉള്‍പ്പെടെ 324 പാട്ടുകള്‍ നയ്യാര്‍ക്കുവേണ്ടി പാടി ആശ. ഇവയില്‍ ഹിറ്റുകളല്ലാത്തവ അപൂര്‍വം. എന്തുകൊണ്ട് ആശയെ അളവറ്റ് ആശ്രയിച്ചു എന്ന ചോദ്യത്തിന് ഒരിക്കല്‍ നയ്യാര്‍ നല്കിയ മറുപടി ഇങ്ങനെ: ”പട്ടുപോലെ നേര്‍ത്ത ശബ്ദങ്ങളോട് പണ്ടേ ഭ്രമമില്ല എനിക്ക്. ഗാനത്തിന്റെ ഭാവം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ് അത്തരം ശബ്ദങ്ങള്‍ക്ക്. കുറച്ചുകൂടി കനംകൂടിയ ഭാവദീപ്തങ്ങളായ ശബ്ദങ്ങളാണ് ഗീതാദത്ത്, ഷംഷാദ് ബീഗം, ആശ എന്നിവരുടേത്. അവരില്‍ത്തന്നെ ഏറ്റവും റൊമാന്റിക് ആയ ശബ്ദം ആശയുടേതും. ആശയുടെ ആലാപനത്തില്‍ സ്വാഭാവികമായി കടന്നുവരുന്ന നിശ്വാസങ്ങള്‍, നെടുവീര്‍പ്പുകള്‍, ചിരികള്‍, ഗദ്ഗദങ്ങള്‍… ഇവയൊക്കെ ഞാന്‍ പാട്ടുകളില്‍ ഉപയോഗിച്ചിട്ടുണ്ട്…” (ഫിലിം ഫെയര്‍ 2000).
സംശയമുണ്ടെങ്കില്‍ ഒ.പി.ക്കുവേണ്ടി ആശ പാടി അവിസ്മരണീയമാക്കിയ പാട്ടുകള്‍ കേട്ടുനോക്കുക: ‘ആയിയേ മെഹര്ബാന്’ (ഹൗറാ ബ്രിഡ്ജ്) , ‘ജായിയേ ആപ് കഹാം ജായേംഗേ’, ‘യഹ് ഹേ രേഷ്മി സുല്‍ഫോം കാ അന്ധേര’ (മേരെ സനം), ‘സരാ ഹൗലേ ഹൗലേ ചലോ മേരെ സാജ്നാ’ (സാവന്‍ കി ഘടാ), ‘ആവോ ഹുസൂര്‍ തുംകോ’ (കിസ്മത്), ‘ഛോട്ടാ സാ ബാല്മ (രാഗിണി)’, ‘വോ ഹസീന് ദര്‍ദ് ദേ ദോ (ഹം സായ)… ഏറ്റവുമൊടുവില്‍ ഇരുവരും ഒരുമിച്ച ചെയ്ന്‍ സെ ഹം കോ കഭി (പ്രാണ്‍ ജായേ പര് വചന് നാ ജായേ) എന്ന പാട്ടില്പോലുമുണ്ടായിരുന്നു അപൂര്‍വസുന്ദരമായ ആത്മബന്ധത്തിന്റെ തിളക്കം. തലമുറകള്‍ ഏറ്റുപാടിയ യുഗ്മഗാനങ്ങള്‍ ഇതിനുപുറമേ: ദീവാന ഹുവാ ബാദല്‍, ആപ് യൂഹി അഗര്‍ ഹം സെ മില്‍ത്തേ രഹേ, ബഹുത് ശുക്രിയാ, ഇഷാരോ ഇഷാരോ മേ, പിയാ പിയാ പിയാ മോരെ ജിയാ പുകാരെ, കജ്രാ മൊഹബ്ബത് വാലാ…..
ഖയ്യാമിനു നല്കിയ മുത്തുകള്‍
ആശയുടെ ആലാപനത്തിന്റെ വ്യത്യസ്തമായ മറ്റൊരു ഭാവതലമാണ് സംഗീത സംവിധായകന് ഖയ്യാം ‘ഉമ്രാവ്ജാനി’ലെ (1981) മുജ്ര ഗാനങ്ങളിലൂടെ കണ്ടെത്തിയതും അവതരിപ്പിച്ചതും. ഖയ്യാം ആ ഈണങ്ങള്‍ പാടിക്കേള്‍പ്പിച്ചപ്പോള്‍, അവയോടു പൂര്‍ണമായി നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു ആശയ്ക്ക്. പിച്ച് താഴ്ത്തിയാണ് പാടേണ്ടത്. അത്തരം ഗാനങ്ങള്‍ അതിനുമുമ്പ് പാടിയിട്ടില്ല ആശ. പക്ഷേ, ഖയ്യാം ആശയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു. ഫലം: ഒന്നിനൊന്നു മികച്ച, ക്ലാസിക്കുകളായി കൊണ്ടാടപ്പെടുന്ന കുറെ പാട്ടുകള്‍ ‘ദില്‍ ചീസ് ക്യാ ഹേ’ (ആശയ്ക്ക് 1981-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പാട്ട്), ഇന്‍ ആംഖോം കി മസ്തി, ജബ് ഭീ മില്‍തീ ഹേ, യെ ക്യാ ജഗാ ഹേ ദോസ്തോം, ജുസ്തുജൂ ജിസ്കീ ഥീ… ജ്യേഷ്ഠസഹോദരി ലതയുടെ ഏതു ക്ലാസിക്കുകളോടും കിടപിടിക്കാന്‍ പോന്ന പാട്ടുകള്‍.
ശബ്ദത്തിന്റെ യൗവനം
സ്വന്തം തലമുറയിലും പിന്‍തലമുറയിലും പെട്ട ഗായകര്‍ പലരും കാലത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാനാകാതെ ഇടറിവീണപ്പോള്‍ ആശയ്ക്ക് ആ ദുരനുഭവം നേരിടേണ്ടിവന്നില്ല. മാറുന്ന കാലത്തിനും സാങ്കേതികവിദ്യക്കും ഇണങ്ങുംവിധം സ്വയം നവീകരിച്ചു കൊണ്ടിരുന്നു അവര്‍. എ.ആര്. റഹ്മാനുവേണ്ടി ‘രംഗീല’യിലെ ‘രംഗീലാരേ’യും ‘തന്ഹാ തന്ഹാ’യും ദൗഡിലെ ‘ഓ ബാവരെ’യും (യേശുദാസിനൊപ്പം) ലഗാനിലെ ‘രാധാ കൈസേ നാ ജലേ’യും പാടിയ ആശ 1990- കള്‍ക്കും പ്രിയങ്കരിയായി. വിദ്യാസാഗറിന്റെ ഈണത്തില്‍ നയന്‍താരയ്ക്കുവേണ്ടി ‘ചന്ദ്രമുഖി’ (2005) യില്‍ മധു ബാലകൃഷ്ണനൊപ്പം ‘കൊഞ്ച നേരം കൊഞ്ച നേരം’ പാടുമ്പോള്‍ ആശയ്ക്ക് പ്രായം 72. മലയാളത്തിലും ഒരു ഗാനം പാടിയിട്ടുണ്ട് ആശ: ‘സുജാത’യിലെ ‘സ്വയംവര ശുഭദിന മംഗളങ്ങള്‍.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘മനസ്സുകൊണ്ട് അന്നും ഇന്നും എന്നും ഞാന്‍ ഒരു കുട്ടിയാണ്.’ റെഡിഫ് ഡോട്ട്കോമിന് നല്കിയ അഭിമുഖത്തില്‍ ആശാ ഭോസ്ലെ പറഞ്ഞു. ”കുറുമ്പും കുസൃതിയും വാശിയുമൊക്കെയുള്ള, എളുപ്പം സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ഒരു കുട്ടി.” തൊണ്ണൂറാം വയസ്സിലും ആ കുസൃതിക്കുടുക്കയെ ആശ ഉള്ളില്‍ കൊണ്ടുനടക്കുന്നു എന്നത് നമ്മള് സംഗീതപ്രേമികളുടെ സുകൃതം.