
ചെന്നൈ: തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ ‘ജീവിതനൗക’ എന്ന സിനിമയിലെ ‘ആനത്തലയോളം വെണ്ണതരാം…’ എന്ന ഗാനരംഗത്തിലൂടെ പ്രശസ്തയായ നടി ബേബി ഗിരിജ (83) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടിൽ ശനിയാഴ്ച വൈകീട്ടായിരുന്നൂ അന്ത്യം.
സിനിമാലോകത്ത് ബേബി ഗിരിജ എന്നറിയപ്പെട്ട പി.പി. ഗിരിജ 1951-ൽ കെ. വെമ്പു സംവിധാനം ചെയ്ത ‘ജീവിതനൗക’യിൽ നായിക ബി.എസ്. സരോജ അഭിനയിച്ച ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്. അടുത്ത വർഷം ‘അച്ഛൻ’, ‘വിശപ്പിന്റെ വിളി’, ‘പ്രേമലേഖ’എന്നീ സിനിമകളിൽ അഭിനയിച്ചു. ‘അവൻ വരുന്നു’, ‘പുത്ര ധർമം’ (1954), ‘കിടപ്പാടം’ (1955) തുടങ്ങിയ സിനിമകളിലും വേഷമിട്ടു.
കണ്ണൂർ സ്വദേശികളായ അനന്തന്റെയും സുനീതിയുടെയും മകളാണ്. അച്ഛന്റെ ജോലിയുടെ ഭാഗമായി ഗിരിജയും ആറുസഹോദരങ്ങളുമടങ്ങുന്ന കുടുംബം ആലപ്പുഴയിലേക്ക് താമസംമാറി. അവിടെവെച്ച് അനന്തനും സംവിധായകൻ കുഞ്ചാക്കോയുമായുണ്ടായ സൗഹൃദമാണ് സിനിമയിലേക്ക് വഴിതുറന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നർത്തകികൂടിയായ ഗിരിജ നൃത്തപ്രധാനമായ വേഷങ്ങളാണ് കൂടുതലും ചെയ്തത്. പിന്നീട് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഓഫീസറായി ചെന്നൈയിലെത്തിയതോടെ സിനിമാരംഗം വിട്ടു. ഇന്ത്യൻ ബാങ്കിൽ ഓഫീസറായിരുന്ന ഭർത്താവ് ജയചന്ദ്രൻ നേരത്തേ മരിച്ചു. മക്കളില്ല. സംസ്കാരം ഞായറാഴ്ച ചെന്നൈയിൽ നടക്കും.