
ബോളിവുഡ് നടന് ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന് ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അമിതമായി മദ്യപിക്കുമായിരുന്നു. രാവിലെ തുടങ്ങുന്ന മദ്യപാനം രാത്രി വൈകുവോളം നീളും. ആല്‍ക്കഹോളിന് അടിമയായ സുനൈന, ആ അവസ്ഥയില്‍നിന്ന് എങ്ങനെയാണ് മോചിതയായതെന്ന് വിശദീകരിക്കുകയാണ് ഒരഭിമുഖത്തില്‍.
വൈകാരികമായി ദുര്‍ബലപ്പെട്ടു പോകുന്ന അവസ്ഥയില്‍ മദ്യമായിരുന്നു തനിക്ക് താങ്ങായി വര്‍ത്തിച്ചതെന്ന് സുനൈന, സിദ്ദാര്‍ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ പറയുന്നു. മദ്യം ഒരു മോശം കാര്യമല്ല. പക്ഷേ, ആല്‍ക്കഹോളിസം എന്നത് മദ്യപാനത്തിന് മേല്‍ നിയന്ത്രണം വരുത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് അവര്‍ പറയുന്നു.
‘വളരെ ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ് കടന്നുപോയത്. വൈകാരികമായി ദുര്‍ബലമായപ്പോഴൊക്കെ ഞാന്‍ എന്റെ ഇന്ദ്രിയങ്ങളെ തളർത്താനാഗ്രഹിച്ചു. അതിനാല്‍ത്തന്നെ ഞാന്‍ മദ്യപിച്ചുകൊണ്ടേയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഘട്ടമായിരുന്നു അതെന്ന് എനിക്കറിയാം’ -സുനൈന പറഞ്ഞു.
മദ്യത്തോടുള്ള ആസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടേയിരുന്നു. മദ്യപാനവും വര്‍ധിച്ചു വര്‍ധിച്ചുവന്നു. എത്രത്തോളമെന്നുവെച്ചാല്‍ ദിവസം മുഴുവന്‍ മദ്യപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലെത്തി. കിടക്കയില്‍നിന്ന് വീണ് പരിക്കേറ്റിട്ടും കസേരയില്‍നിന്ന് വഴുതി വീണിട്ടുമൊന്നും പാഠം പഠിച്ചില്ല. പക്ഷേ, ദിവസവും എഴുന്നേല്ക്കുമ്പോള് ഉത്കണ്ഠ, പരിഭ്രാന്തി, നിര്‍ജലീകരണം എന്നിവ അനുഭവപ്പെടാന്‍ തുടങ്ങി. അങ്ങനെ ആ ദിവസം ഒന്നും ചെയ്യാന്‍ ഊര്ജമില്ലാത്ത അവസ്ഥയിലെത്തും. നന്നായിരിക്കാന്‍ ആഗ്രഹമില്ലാതെ വരുമ്പോള്‍ വീണ്ടും കുടിക്കാന്‍ തുടങ്ങും. ഇത് ചാക്രികമായി ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരുന്നു. തലേദിവസം ചെയ്തതും പറഞ്ഞതുമൊക്കെ മറന്നുപോകാന്‍ തുടങ്ങി.
സുനൈനയുടെ ഈ അവസ്ഥയില്‍ രക്ഷിതാക്കളായ രാകേഷ് റോഷനും പിങ്കി റോഷനും അതീവ ദുഃഖിതരായി. മകളുടെ മദ്യപാനം നിര്‍ത്താന്‍ പലവഴികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുക്കം ക്രെഡിറ്റ് കാര്‍ഡുകള്‍ പിടിച്ചുവാങ്ങിയും സാമ്പത്തിക സഹായം വെട്ടിച്ചുരുക്കിയും ഒരു കൈനോക്കി. കൂടാതെ മദ്യപരായ സുഹൃത്തുക്കളില്‍നിന്നും അവളെ അകറ്റി.
ഒരു ഘട്ടത്തില്‍ സുഹൈന തന്റെ അപകടകരമായ പോക്ക് തിരിച്ചറിഞ്ഞ്, മോചനത്തിനായി വഴിതേടി. ഈ അവസ്ഥയില്‍നിന്ന് തനിക്ക് പുറത്തുകടക്കണമെന്ന് മാതാപിതാക്കളെ അറിയിച്ചു. അതിനായി ഒരു റീഹാബിലിറ്റേഷന്‍ കേന്ദ്രം കണ്ടെത്തിത്തരണമെന്നും അവരോട് അഭ്യര്‍ഥിച്ചു. പക്ഷേ, ഒടുക്കം സുനൈന തന്നെ സ്വയം നിയന്ത്രിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 28 ദിവസം മദ്യപിക്കില്ലെന്ന് ശപഥം ചെയ്യുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഇത് ഹൃത്വിക് റോഷന് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ സന്തോഷിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]