
തിരുവനന്തപുരം: ഓരോ വർഷവും പൊങ്കാല സമർപ്പിച്ച് എല്ലാവരും പിരിയുന്നത് അടുത്ത വർഷം വീണ്ടും ഇവിടെത്തന്നെ കാണാം എന്നുപറഞ്ഞിട്ടാണെന്ന് നടി ചിപ്പി. ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയപ്പോൾ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ. തുടരും എന്ന ചിത്രത്തിന്റെ വിജയത്തിനുവേണ്ടിയുള്ള പാർത്ഥനയാണ് ഇത്തവണത്തെ പൊങ്കാല സമർപ്പണമെന്നും അവർ പറഞ്ഞു.
സൗഹൃദത്തിന്റെ കൂട്ടായ്മകൂടിയാണ് പൊങ്കാലയെന്ന് ചിപ്പി അഭിപ്രായപ്പെട്ടു. താനും നടി ജലജയും അടുത്താണ് താമസിക്കുന്നത്. മിക്കവാറും ഒരുമിച്ചാണ് പൊങ്കാലയ്ക്ക് വരാറുള്ളത്. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ മൂന്ന്, നാല് മാസങ്ങൾക്കുമുൻപേ തുടങ്ങാറുണ്ട്. പങ്കെടുക്കുന്ന എത്രാമത്തെ പൊങ്കാലയാണ് ഇതെന്ന് കൃത്യമായി അറിയില്ല. 20 വർഷത്തിലേറെ എന്തായാലും ആയിട്ടുണ്ടാവുമെന്നും അവർ പറഞ്ഞു.
‘പത്തിൽപ്പഠിക്കുമ്പോഴാണ് ആദ്യം പൊങ്കാലയിട്ടത്. അതും ഒറ്റയ്ക്ക്. അതുവരെ അമ്മയുടെ കൂടെയായിരുന്നു വന്നിരുന്നത്. കുംഭമാസത്തിലെ ചൂടാണെങ്കിലും ബുദ്ധിമുട്ടായി ഒന്നും തോന്നിയിട്ടില്ല. നമ്മുടെ ആഗ്രഹവും പ്രാർത്ഥനയുമാണ് പൊങ്കാലയിടാം എന്നുള്ളത്. അതുകൊണ്ടുതന്നെ ബാക്കി ബുദ്ധിമുട്ടുകളൊന്നും ബാധിക്കില്ല. പൊങ്കാലയ്ക്കുമാത്രമല്ല ഇവിടെ വരാറ്. മാസത്തിലൊരിക്കലെങ്കിലും വന്ന് തൊഴുതിട്ട് പോകാറുണ്ട്.’ ചിപ്പി പറഞ്ഞു.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ ചിപ്പിയുടെ ഭർത്താവായ രഞ്ജിത്ത് ആണ് തരുൺ മൂർത്തി-മോഹൻലാൽ ടീമിന്റെ തുടരും നിർമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]