
രജപുത്രാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന, മോഹന്‍ലാല്‍ നായകനാകുന്ന 360-ാമത്തെ ചിത്രം കൂടിയായ L360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ അവസാനഘട്ടചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് നടക്കുന്നതെന്ന് നിര്‍മ്മാതാവായ എം.രഞ്ജിത്ത് പറഞ്ഞു.
ചിത്രത്തിലെ അതിനിര്‍ണായകമായ ചില രംഗങ്ങളാണ് ചെന്നൈയില്‍ ചിത്രീകരിക്കുന്നത്. മൂന്നു ദിവസത്തെ ചിത്രീകരണത്തിനു ശേഷം പാലക്കാട് വാളയാറിലേക്കാണ് യൂണിറ്റ് പോകുന്നത്. ഒരാഴ്ച്ചയോളം നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ചിത്രീകരണം. കമ്പം- തേനി ഭാഗത്താണ് പിന്നീടുള്ള ചിത്രീകരണം. അതും പൂര്‍ത്തിയാക്കി ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ തൊടുപുഴയിലെത്തിയാണ് ചിത്രീകരണം പൂര്‍ത്തിയാകുന്നത്. റാന്നിയാണ് ഈ ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷന്‍.
25 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂര്‍ത്തിയാകും. ക്ലൈമാക്സ് ഉള്‍പ്പെടെയുള്ള നിര്‍ണായകമായ രംഗങ്ങളാണ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫാമിലി ആക്ഷന്‍ ഡ്രാമ ജോണറിലുള്ള ഈ ചിത്രം വന്‍ മുതല്‍മുടക്കില്‍ വിശാലമായ കാന്വാസ്സില് വലിയതാരനിരയുടെ അകമ്പടിയോടെയാണ് എത്തുക.
110 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടിവരുന്നത്. സമീപകാല മോഹന്‍ലാല്‍ സിനിമകളിലെ ഏറ്റവും മികച്ച ആക്ഷന്‍ ത്രില്ലര്‍ കൂടിയായിരിക്കും ഈ ചിത്രം. മലയാളി പ്രേക്ഷകന്റെ പ്രിയപ്പെട്ട നായിക ശോഭന ഏറെ ഇടവേളക്കു ശേഷം ഈ ചിത്രത്തിലെ നായികയായി എത്തുന്നു എന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്.
സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന ചില സംഭവങ്ങള്‍ വലിയ തലങ്ങളിലേക്കു കൂടി സഞ്ചരിക്കുന്നു. സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി.
ഫര്ഹാന് ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, നന്ദു, ഇര്‍ഷാദ്, അര്‍ഷാബൈജു, തോമസ് മാത്യു, പ്രകാശ് വര്‍മ്മ, കൃഷ്ണ പ്രഭ, അരവിന്ദ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
കെ.ആര്. സുനിലിന്റെ കഥക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്. സുനിലും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം- ഷാജികുമാര്‍, എഡിറ്റിംഗ്- നിഷാദ് യൂസഫ്, കലാസംവിധാനം- ഗോകുല്‍ ദാസ്, മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈന്‍- സമീരാ സനീഷ്, പ്രൊഡക്ഷന്‍ മാനേജര്‍- ശിവന് പൂജപ്പുര, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- രാജേഷ് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഡിക്സന് പൊടുത്താസ്, പി.ആര്.ഒ- വാഴൂര്‍ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]