
കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയചിത്രം ബോഗയ്ന്‍വില്ല പ്രദര്‍ശനത്തിനൊരുങ്ങി. മമ്മൂട്ടിച്ചിത്രം ഭീഷ്മപര്‍വത്തിനുശേഷം അമല്‍ നീരദ് സംവിധാനംചെയ്യുന്ന സിനിമയാണ് ബോഗയ്ന്‍വില്ല. അഭിനേതാക്കളുടെ വേറിട്ട ലുക്കാണ് സിനിമയിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്ന മറ്റൊരുഘടകം.
കറുപ്പിലും ചുവപ്പിലുമെത്തിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്ച്ചയായതിനുപുറകെ എത്തിയ വിനായക് ശശികുമാര്‍ രചിച്ച ‘സ്തുതി’ ഗാനവും വളരെപ്പെട്ടെന്നുതന്നെ യുട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംനേടി. റഫീക്ക് അഹമ്മദിന്റെ വരികളില്‍ മധുവന്തി നാരായണന് ആലപിച്ച ‘മറവികളെ പറയൂ…’എന്ന ഗാനവും പ്രേക്ഷകസ്വീകാര്യതനേടി മുന്നേറുകയാണ്. സുഷിന് ശ്യാമിന്റേതാണ് സംഗീതം.
കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ജ്യോതിര്‍മയിയും പ്രധാനവേഷത്തിലുണ്ട്. വലിയൊരു ഇടവേളയ്ക്കുശേഷമാണ് ജ്യോതിര്‍മയി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. അവരുടെ മേക്കോവര്‍ ഇതിനോടകംതന്നെ വാര്‍ത്തകളില്‍ ഇടംനേടിക്കഴിഞ്ഞു. നല്ലവേഷങ്ങള്ക്കായുള്ള കാത്തിരിപ്പാണ്് ഇടവേളയ്ക്ക് ദൈര്ഘ്യംകൂടാന് കാരണമെന്ന് ജ്യോതിര്‍മയി പറഞ്ഞു. ഏറെക്കാലത്തിനുശേഷം ക്യാമറയ്ക്കുമുന്നില്‍ നില്ക്കുമ്പോള് പുതുമുഖത്തിന്റെ ആശങ്കകളായിരുന്നു മനസ്സിലെന്നും ബോഗയ്ന്‍വില്ല ടീം പകര്‍ന്ന ആത്മവിശ്വാസമാണ് ധൈര്യം നല്‍കിയതെന്നും ജ്യോതിര്‍മയി വിശദീകരിച്ചു.
സസ്പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രമായതിനാല്‍ കഥയെക്കുറിച്ചും കഥാപാത്രങ്ങളെപ്പറ്റിയും കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഷറഫുദ്ദീന്, വീണാ നന്ദകുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റുവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ക്രൈംത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഭീഷ്മപര്‍വം സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ച ആനന്ദ് സി. ചന്ദ്രനാണ് ബോഗയ്ന്‍വില്ലയുടെ ക്യാമറ. അമല്‍ നീരദ് പ്രൊഡക്ഷന്സിന്റെയും ഉദയ പിക്ചേഴ്സിന്റെയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ എഡിറ്റിങ് വിവേക് ഹര്ഷന്, കോസ്റ്റ്യൂം ഡിസൈന്‍ സമീറാ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]