ജയിലറിന്റെ വിജയാഘോഷം ഗംഭീരമാക്കി നിർമാതാക്കൾ. കൂറ്റൻ കേക്ക് മുറിച്ചും അണിയറപ്രവർത്തകർക്ക് സമ്മാനങ്ങൾ നൽകിയും ഭക്ഷണമൊരുക്കിയുമാണ് വിജയം സൺപിക്ചേഴ്സ് ആഘോഷമാക്കിയത്. സ്വർണ നാണയങ്ങളാണ് 300 അണിയറപ്രവർത്തകർക്ക് സണ്‍ പിക്ചേഴ്സ് മേധാവി കലാനിധി മാരന് സമ്മാനമായി നൽകിയത്. ‘സൺ പിക്ചേഴ്സ്’, ‘ജയിലര്‍’ എന്ന് നാണയത്തിന്റെ ഇരുഭാഗത്തുമായി
ആലേഖനം ചെയ്തിട്ടുണ്ട്.
സംവിധായകന് നെല്സൻ ഉൾപ്പടെയുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു. കലാനിധി മാരനും നെല്‍സനും അണിയറക്കാർക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് പിരിഞ്ഞത്. നേരത്തെ രജനികാന്ത്, നെൽസൻ, അനിരുദ്ധ് എന്നിവർക്ക് ആഢംബര കാറും ലാഭവിഹിതവും കലാനിധി മാരൻ നൽകിയിരുന്നു. കാൻസർ രോഗികൾ, ബധിര- മൂക വിദ്യാലയങ്ങൾ, സ്നേഹാലയങ്ങൾ, ഹൃദ്രോഗികൾ എന്നിവർക്കുള്ള സഹായവും സൺപിക്ചേഴ്സ് നൽകിയിരുന്നു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ‘ജയിലർ’ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തിയത്. ബോക്സോഫീസിൽ നിന്ന് 600 കോടിയിലധികം ചിത്രം സ്വന്തമാക്കിയിരുന്നു. മോഹൻലാൽ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ‘ജയിലർ’. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്. ചിത്രം ഒ.ടി.ടി പ്രദർശനം ആരംഭിച്ചിട്ടുണ്ട്.
തമന്ന, രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. അനിരുദ്ധായിരുന്നു സംഗീതം. വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ജയിലർ’.