
നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. കേസെടുത്തതിനുപിന്നാലെ ഇയാൾ ഒളിവിലായിരുന്നു. അതേസമയം താരസംഘടനയിലെ ഏത് അംഗത്തെയായാലും വ്യക്തിപരമായി അധിക്ഷേപിച്ചാൽ ചോദ്യം ചെയ്യേണ്ട ബാധ്യത തനിക്കുണ്ടെന്ന് സിദ്ദിഖ് പ്രതികരിച്ചു.
കുറച്ചുകാലങ്ങളായി നടീനടന്മാരെയും സിനിമയെയും പല രീതിയിൽ അധിക്ഷേപിച്ചുകൊണ്ട് യൂട്യൂബർമാർ എന്നു പറയുന്ന ആളുകൾ എത്തുന്നുണ്ടെന്ന് സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വ്യക്തി മാത്രം വന്ന് ഇതുപോലെ വ്യക്തിപരമായ അധിക്ഷേപിക്കുന്ന പ്രവണത കുറച്ച് കാലങ്ങളായി കാണുന്നുണ്ടെന്നും. ഇതിനെതിരെ ആരെങ്കിലുമൊക്കെ ചോദിക്കണ്ടേയെന്നും രാജ്യത്തിന് ഇതിനെതിരെ നിയമമുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഇപ്പോഴാണ് ഈ വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതിപ്പെടുന്നത്. അതിൽ ഒരാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു, മറ്റൊരാളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇനി ഇങ്ങനെ അധിക്ഷേപിക്കുന്ന വീഡിയോ ചെയ്യില്ലെന്ന് എഴുതി വാങ്ങിയിരുന്നു. ആർക്കും ആരെയും എന്തുംപറയാവുന്ന രീതിയിൽ ആ മേഖല നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു.
“നമുക്കുള്ള സ്വാതന്ത്ര്യം മറ്റൊരാളെ അധിക്ഷേപിക്കാനോ കയ്യേറ്റംചെയ്യാനോ ആകരുത്. ആരെയും എന്തും പറയാനുള്ള സ്വാതന്ത്ര്യം നമുക്കില്ല. മോഹൻലാലിനെ വ്യക്തിപരമായാണ് ഇയാൾ അധിക്ഷേപിച്ചത്. നമുക്ക് പലർക്കും അവിടെ പോകണമെന്ന് ആഗ്രഹിച്ചിട്ടും സാധിക്കുന്നില്ല. രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുസമൂഹത്തിന് പ്രവേശനമില്ല. മോഹൻലാൽ എന്ന വ്യക്തി, ടെറിറ്റോറിയൽ ആര്‍മിയുടെ ഭാഗമായതുകൊണ്ട് അദ്ദേഹത്തിന് അവിടെ പോകുവാൻ കഴിഞ്ഞു. അത് അദ്ദേഹം ചെയ്ത വലിയ പുണ്യ പ്രവർത്തിയാണ്. എന്താണ് അവിടെ നടന്നതെന്ന് മനസ്സിലാക്കി വിശ്വശാന്തി ഫൗണ്ടേഷൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.
അദ്ദേഹത്തിന് അതിന്റെ പേരിൽ ഒരു പബ്ലിസിറ്റി കിട്ടിയിട്ട് ഒന്നും നേടാനില്ല. മോഹൻലാല്‍ ചെയ്ത ഈ വലിയ പ്രവൃത്തിയെ അഭിനന്ദിക്കുന്നതിനു പകരം വ്യക്തിപരമായി അദ്ദേഹത്തെ ഒരുപാട് അധിക്ഷേപിക്കുന്നതു കണ്ടപ്പോൾ ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ എന്ന നിലയിലും ഏറെ വിഷമമുണ്ടായി. ഞാനൊരു സംഘടനയുടെ നേതൃത്വത്തിൽ ഇരിക്കുന്ന ആളാണ്. മോഹൻലാലിനെ മാത്രമല്ല, ‘അമ്മ’ സംഘടനയിലെ ഒരു മെംബറെപ്പോലും അങ്ങനെയൊരാൾ വ്യക്തിപരമായി അധിക്ഷേപിച്ചാൽ തീർച്ചയായും അതിനെ ചോദ്യം ചെയ്യേണ്ട ബാധ്യത ജനറൽ സെക്രട്ടറിയായ എനിക്കുണ്ടെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാനത് പരാതിയായി എഴുതി പൊലീസിനു കൈമാറുന്നത്.” സിദ്ദിഖ് വ്യക്തമാക്കി.
സൈബർ വിഭാഗത്തിന്റെ ഡിജിപി ഹരിശങ്കർ പ്രത്യേകം താൽപര്യമെടുത്താണ് ഈ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടാക്കിയത്. ഇതിൽ വ്യക്തിപരമായി അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ മോശം പരാമർശം നടത്തിയത്. മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിൻ്റെ പരാമർശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.