
2023 ഡിസംബറിൽ റിലീസ് ചെയ്യുകയും പല കാരണങ്ങൾകൊണ്ടും വാർത്തകളിൽ ഇടംപിടിക്കുകയുംചെയ്ത ചിത്രമാണ് രൺബീർ കപുർ-സന്ദീപ് റെഡ്ഡി വാങ്ക ടീം ഒന്നിച്ച അനിമൽ. രശ്മിക മന്ദാനയായിരുന്നു നായിക. ചിത്രത്തിന്റെ ടീസർ ഇറങ്ങിയപ്പോൾ ഒരു രംഗത്തിന്റെ പേരിൽ ക്രൂരമായി സോഷ്യൽമീഡിയാ ആക്രമണത്തിന് വിധേയയായിരുന്നു രശ്മിക. ചിത്രം പുറത്തിറങ്ങി അഞ്ചുമാസത്തിന് ശേഷം ഈ ട്രോളുകൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് നടി.
നേഹാ ധൂപിയയുടെ ഷോയിലാണ് തനിക്ക് നേരിടേണ്ടിവന്ന ട്രോളുകളെക്കുറിച്ച് രശ്മിക പറഞ്ഞത്. വിവാദമായ രംഗം ചിത്രീകരിക്കാനെടുത്ത കഷ്ടപ്പാടിനേക്കുറിച്ചാണ് താരം മനസുതുറന്നത്. ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള ആ രംഗം ചിത്രീകരിച്ചുകഴിഞ്ഞപ്പോൾ സെറ്റിലുണ്ടായിരുന്ന എല്ലാവരും അഭിനന്ദിച്ചെന്നും ഗംഭീരമായാണ് അത് അഭിനയിച്ചതെന്ന് അപ്പോൾ തോന്നിയെന്നും രശ്മിക ഓർത്തെടുത്തു.
“സ്ത്രീശരീരത്തെ കളിയാക്കുന്ന ട്രോളുകൾ പ്രചരിപ്പിക്കുന്നവരെ എനിക്കിഷ്ടമില്ല. അത്തരക്കാർ എന്നെ പരിഹസിക്കുന്നത് ഞാനഭിനയിക്കുന്ന സിനിമ, എന്റെ മുഖം, സംഭാഷണം എന്നിവ മുൻനിർത്തിയാണ്. എന്റെ പ്രകടനം എങ്ങനെയായിരുന്നെന്ന് എനിക്കറിയാം. അഞ്ച് മാസങ്ങൾക്ക് മുൻപാണ് ഞാനാ സിനിമയിൽ അഭിനയിച്ചത്.” രശ്മിക പറഞ്ഞു.
“ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള രംഗം ആയിരുന്നു കർവാ ചൗത്ത്. ചിത്രീകരണസമയത്ത് ഏവർക്കും അത് ഇഷ്ടപ്പെട്ടിരുന്നു. ആ സീൻ എടുത്തുകഴിഞ്ഞപ്പോഴുണ്ടായ കയ്യടി കേട്ടപ്പോൾ നന്നായി ചെയ്തെന്നുവിചാരിച്ചു. പക്ഷേ ട്രെയിലർ വന്നപ്പോൾ ആ രംഗത്തിലെ സംഭാഷണത്തിന്റെ പേരിലാണ് ഞാൻ ഏറെ പഴികേട്ടതും. ഒൻപത് മിനിറ്റ് നീണ്ട, എല്ലാവരും അഭിനന്ദിച്ച അതേ രംഗത്തിനാണ് എന്നെ എല്ലാവരും പരിഹസിച്ചതെന്ന് ഞാൻ വിചാരിച്ചു. ഞാനൊരു കുമിളയിലാണോ ജീവിക്കുന്നത്? ആർക്കും ഈ രംഗം ഇഷ്ടമാവില്ല എന്നിടത്തേക്കാണോ കാര്യങ്ങൾ നീങ്ങുന്നതെന്നും കരുതി. പക്ഷേ നിങ്ങളെന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാം, പക്ഷേ വെറും പത്ത് സെക്കൻഡ് രംഗം കാണുന്നവർക്ക് അതേക്കുറിച്ചറിയില്ല.
അതിനാൽ താൻ ഒരു കുമിളയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. തനിക്ക് ആളുകളോട് സംസാരിക്കുകയും ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് അറിയണമെന്നും രശ്മിക കൂട്ടിച്ചേർത്തു.
നിശിതമായ വിമർശനങ്ങൾ നേരിട്ടെങ്കിലും ബോളിവുഡിലെ കഴിഞ്ഞവർഷത്തെ ബ്ലോക്ക്ബസ്റ്ററായിരുന്നു അനിമൽ. 900 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. അനിൽ കപുർ, ബോബി ഡിയോൾ, തൃപ്തി ദിമ്രി എന്നിവരായിരുന്നു മറ്റുവേഷങ്ങളിൽ. അല്ലു അർജുൻ ചിത്രമായ പുഷ്പ 2, ധനുഷ് നായകനാവുന്ന കുബേര, വിക്കി കൗശലിനൊപ്പമുള്ള ഛാവ, റെയിൻബോ, ദ ഗേൾഫ്രണ്ട് എന്നിവയാണ് രശ്മികയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]