സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച തന്റെ ഡീപ്പ് ഫേക്ക് വീഡിയയോട് പ്രതികരിച്ച് നടി രശ്മിക മന്ദാന. ഈ വീഡിയോ വ്യാജനാണെന്നും ഇത്തരമൊരു സംഭവത്തിൽ പ്രതികരിക്കേണ്ടി വന്നത് വേദനാജനകമാണെന്നും താരം പറഞ്ഞു. എക്സിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
‘ഓൺലൈനിൽ പ്രചരിക്കുന്ന എന്റെ ഡീപ്ഫേക്ക് വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടി വന്നതിൽ ശരിക്കും വേദന തോന്നുന്നു. എന്നെക്കുറിച്ച് മാത്രമല്ല, സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം അപകടങ്ങൾക്ക് ഇരയാകുന്നവരെയോർത്ത് ഭയമാകുന്നു. ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സുരക്ഷയും പിന്തുണയും നൽകുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഞാൻ നന്ദി പറയുന്നു. ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ, എങ്ങനെ നേരിടുമായിരുന്നെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. ഇത്തരത്തിലുള്ള ഐഡന്റിറ്റി മോഷണം കൂടുതൽ പേരെ ബാധിക്കുന്നതിന് മുമ്പ് ഒരു സമൂഹമെന്ന നിലയിൽ അടിയന്തിരമായി ഈ വിഷയത്തെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്’, രശ്മിക പറഞ്ഞു.
ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് കഴിഞ്ഞ ദിവസം മുതൽ ദൃശ്യം പ്രചരിച്ചുതുടങ്ങിയത്. വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോൾത്തന്നെ ഇതിലെ സത്യാവസ്ഥ ആരാധകർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയാ ഉപയോക്താക്കൾ അന്വേഷിച്ചുതുടങ്ങിയിരുന്നു. പിന്നാലെ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച മോർഫ്ഡ് വീഡിയോ ആണിതെന്ന് പറഞ്ഞുകൊണ്ട് ചിലർ വിശദീകരണവുമായെത്തി. സാറാ പട്ടേൽ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ് എ. ഐ ഡീപ്പ് ഫേക്കിലൂടെ രശ്മികയുടേതെന്ന പേരിൽ പ്രചരിച്ചത്.
ഈ വീഡിയോ ഉണ്ടാക്കിയവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു. രശ്മികയുടേതായി പ്രചരിച്ച വ്യാജ വീഡിയോയിൽ നടപടി വേണമെന്ന് അമിതാഭ് ബച്ചൻ ആവശ്യപ്പെട്ടു. വിഷയം ചർച്ചയായതോടെ കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖരൻ സോഷ്യൽ മീഡിയ കമ്പനികള്ക്ക് മുന്നറിയിപ്പും നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]