
കോവിഡിനുശേഷമാണ് മലയാള ചലച്ചിത്രമേഖലയിൽ ഒ.ടി.ടി. വിപണി ശക്തമാവുന്നത്. തുടക്കത്തിൽ മോഹവില നൽകി ഒ.ടി.ടി. കമ്പനികൾ സിനിമകൾ വാങ്ങിയിരുന്നെങ്കിൽ, പിന്നെയത് കമ്പനികൾ പറയുന്ന വിലയിലേക്കെത്തി. ഇപ്പോൾ നയം ഒന്നുകൂടി പരിഷ്കരിച്ച് പ്രേക്ഷക അഭിപ്രായം നേടുന്ന ചിത്രങ്ങൾ മാത്രം വാങ്ങുന്ന സ്ഥിതിയിലായി.
2024-ൽ ഇതുവരെ മലയാളത്തിൽ 120 ചിത്രങ്ങൾ എത്തിയതിൽ 50 ശതമാനത്തിന്റേയും ഒ.ടി.ടി. വ്യാപാരം തീരുമാനമായിട്ടില്ല. ഇതിൽ മുൻനിര നടന്മാരുടെ ചിത്രങ്ങളും ഉൾപ്പെടുന്നു. പ്രേക്ഷക അഭിപ്രായമില്ലാത്ത ചിത്രങ്ങൾക്ക് ചെറിയ തുക നൽകാനേ കമ്പനികൾ തയ്യാറാകുന്നുള്ളൂ.
അങ്ങനെ നൽകാൻ പല നിർമാതാക്കളും ഒരുക്കമല്ല. കഴിഞ്ഞവർഷം മലയാള സിനിമയെ വലിയ നഷ്ടത്തിൽനിന്ന് രക്ഷപ്പെടുത്താൻ ഒ.ടി.ടി. വലിയപങ്ക് വഹിച്ചിരുന്നു. 2023-ൽ മലയാളത്തിൽ 220 സിനിമകൾ ഇറങ്ങിയതിൽ 14 എണ്ണം മാത്രമേ തിയേറ്ററിൽ വിജയം നേടിയുള്ളൂ. മൊത്തം സിനിമകളുടെ 70 ശതമാനത്തിന്റേയും ഒ.ടി.ടി. കച്ചവടം നടന്നതുകൊണ്ടാണ് വലിയ നഷ്ടമില്ലാതെ പോയത്.
കോടിയിൽനിന്ന് ലക്ഷത്തിലേക്ക്
അത്യാവശ്യം അറിയപ്പെടുന്ന അഭിനേതാക്കളോ സംവിധായകരോ ഉള്ള ചിത്രങ്ങൾക്ക് രണ്ട്, മൂന്ന് കോടിവരെ നേരത്തെ ഒ.ടി.ടി. കമ്പനികൾ നൽകാൻ തയ്യാറായിരുന്നു. എന്നാലിപ്പോൾ 50-75 ലക്ഷത്തിലേക്ക് ചുരുങ്ങി. മുൻനിര നടന്മാരുടെ ചിത്രങ്ങളെ ഇതൊന്നും ബാധിച്ചിട്ടില്ല. അവയൊക്കെ സിനിമ തിയേറ്ററിലെത്തുംമുൻപേ ഒ.ടി.ടി. കച്ചവടം തീരുമാനിക്കും. കച്ചവടം അറിയാവുന്ന നിർമാതാക്കൾ സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങളിൽത്തന്നെ വില്പന സാധ്യതകളും കണ്ടെത്താൻ ശ്രമിക്കും. അത്തരത്തിൽ പ്രീ ബിസിനസിൽ ചില ചിത്രങ്ങൾ വിറ്റുപോകുന്നു. അവ തിയേറ്ററിൽ പരാജയപ്പെട്ടാലും നിർമാതാവിന് ഒ.ടി.ടി. തുകയിൽ നഷ്ടം വരില്ല.
മലയാളത്തിൽ അത്യാവശ്യം താരമൂല്യമുള്ള അഞ്ച് നടന്മാരുടെ കഴിഞ്ഞ ഒരു വർഷത്തിനിടെ റിലീസായ ഓരോ ചിത്രങ്ങൾ ഇതുവരെയും കച്ചവടമായിട്ടില്ല. ഇപ്പോഴും കമ്പനികളുമായി ചർച്ചകൾ നടക്കുന്നതേയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]