
കൊച്ചി: താരങ്ങളുടെ പ്രതിഫലത്തെച്ചൊല്ലി പരാതി ഉയരാതെ നോക്കുമെന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. ഇതേക്കുറിച്ച് സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്ത് ഇളവുകള്‍ ഉള്‍പ്പെടെ തീരുമാനിച്ചിട്ടുണ്ടെന്നും ആദ്യ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിനു ശേഷം പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി സിദ്ദിഖും വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
താരങ്ങള്‍ അമിത പ്രതിഫലം വാങ്ങുന്നുവെന്നു കാട്ടി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തു നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ‘അമ്മ’ ഭാരവാഹികളുടെ പ്രതികരണം. ഹേമ കമ്മിഷന് റിപ്പോര്‍ട്ട് ‘അമ്മ’യെ സംബന്ധിക്കുന്ന വിഷയമല്ല. അത് പ്രസിദ്ധപ്പെടുത്തണോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ തീരുമാനമാണ്. ‘അമ്മ’യിലെ വനിതാ സംവരണത്തെക്കുറിച്ച് രമേഷ് പിഷാരടി ഉന്നയിച്ച പരാതിയില്‍ തുടര്‍ നടപടികളുണ്ടാകും. വനിതകള്‍ക്ക് മാത്രമായി സീറ്റുകള്‍ ഒഴിച്ചിടുകയോ അതിലേക്ക് തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യും. ഇതിനായി ബൈലോ ഭേദഗതിയുള്‍പ്പെടെ ആലോചിക്കും.
കൈനീട്ടം നല്‍കുന്നവരുടെ എണ്ണം കൂട്ടും. നൃത്തത്തിനും അഭിനയത്തിനുമായി ശില്പശാലകള് സംഘടിപ്പിക്കും. പുറത്തുനിന്നുള്ളവരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് അടുത്ത മാസം മുതല്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. നടന് സത്യന്റെ മകന് സതീഷ് സത്യനെ സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ. അദ്ദേഹത്തെ ജനറല്‍ സെക്രട്ടറി ബന്ധപ്പെട്ട് അംഗത്വക്കാര്യം ചര്‍ച്ച ചെയ്യും.
സമൂഹമാധ്യമ പേജുകള്‍ സജീവമാക്കുന്നതിനായി വിനു മോഹന്‍, സരയൂ, അന്‍സിബ തുടങ്ങിയവരെ ചുമതലപ്പെടുത്തി. എക്സിക്യുട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗത്തിനായി ഒഴിച്ചിട്ടിരുന്ന സ്ഥാനത്തേക്ക് നടി ജോമോളെ യോഗം ഏകകണ്ഠേന തിരഞ്ഞെടുത്തു. ഓഗസ്റ്റില്‍ താരനിശ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വൈസ് പ്രസിഡന്റുമാരായ ജഗദീഷ്, ജയന് ചേര്‍ത്തല, ജോയിന്റ് സെക്രട്ടറി ബാബുരാജ് എന്നിവരും എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]