
സേനാപതിയെന്ന വൃദ്ധനെ നീതിക്കൊലയുടെ ആദര്ശരൂപമാക്കി മാറ്റിയ കമല്‍ ഹാസന് മാജിക്കായിരുന്നു ഇന്ത്യന്‍ എന്ന ശങ്കര്‍ സിനിമ. ഉദാരീകരണം ആരംഭിച്ചിട്ടും വിട പറയാത്ത ലൈസന്‍സ്- ഇന്‍സ്പെക്ടര്‍ രാജിന്റെയും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും കാലത്ത്, ദാരിദ്ര്യത്തിന്റെ അവശതകള്ക്കു മീതെ അഴിമതിയുടെ ഞണ്ടുകള്‍ പാവപ്പെട്ടവന്റെ കഴുത്തില്‍ പിടിയയ്ക്കാത്ത കാലത്ത്, 1996-ലാണ് ഈ ബ്ലോക്ക്ബസ്റ്റര്‍ പടം ഇറങ്ങിയത്.
ഐ.എന്‍.എ. ഭടനായിരുന്ന ഒരു വൃദ്ധന് സര്‍വവ്യാപിയായ അഴിമതിക്കും അന്യായത്തിനുമെതിരെ വാളെടുക്കുന്ന സിനിമ ആ കാലത്തെ ജനങ്ങളുടെ വീര്‍പ്പുമുട്ടലിന്റെ കൂടെ പ്രതീകമായിരുന്നു. ഇപ്പോഴിതാ, അതിന്റെ രണ്ടാം ഭാഗം വരികയാണ്, തിയേറ്ററുകളെ ഇളക്കിമറിക്കാന്‍. ചിത്രത്തിന്റെ ടെംപ്ലേറ്റില്‍ മാറ്റം വരുത്താനാവില്ലല്ലോ. നീതി ഉറപ്പാക്കാന്‍ നിയമം കയ്യിലെടുക്കുന്ന, തെറ്റു ചെയ്താല്‍ സ്വന്തം മകനായാല്‍ പോലും അങ്ങേയറ്റത്തെ ശിക്ഷ വിധിക്കുന്ന ധര്മ്മവീരന് നായകനാവുമ്പോള്‍ പ്രത്യേകിച്ചും. തന്റെ ശരികള്‍ എല്ലാവരുടെയും ശരികളാവണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്. അതുമായി ഒത്തുപോകാത്തവരെ അദ്ദേഹം തന്നെ വിചാരണ ചെയ്ത് (സമയമുണ്ടെങ്കില്‍!) ശിക്ഷ തീരുമാനിച്ചു നടപ്പാക്കും. ഹാ, തല്ക്ഷണനീതി എത്ര മനോഹരം!
ശങ്കറിന്റെ ആദ്യചിത്രമായ ‘ജെന്റില്മനി’ലെ നായകനും മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോര്‍ഡറുള്ള ‘അന്നിയനി’ലെ നായകനും കമല്‍ ഹാസന് തന്നെ നായകവേഷത്തിലെത്തിയ ‘ഉന്നൈപ്പോല് ഒരുവനും’ മോഹന്‍ലാലിന്റെ തെലുങ്കുചിത്രം ‘ജനതാ ഗാരേജും’ പോലെ എത്രയെത്ര സിനിമകളാണ് നീതിക്കായുള്ള അനീതികളെ ന്യായീകരിച്ച് കൈയടി വാങ്ങിയത്, ഇനിയും വാങ്ങാനിരിക്കുന്നത്! മലയാളത്തിലുമുണ്ട് നിരവധി ചിത്രങ്ങള്‍, മമ്മൂട്ടിയുടെ ‘ന്യൂ ഡല്‍ഹി’യും മോഹന്‍ലാലിന്റെ ‘പിന്‍ഗാമി’യും പോലെ. (ഇവയില്‍ ഭൂരിഭാഗവും നീതിക്കൊലകളെക്കാള് പ്രതികാരക്കൊലകളാണ്.) ഈ തല്ക്ഷണനീതി വ്യഗ്രതയില്നിന്നും ബാറ്റ്മാനും സ്പൈഡര്‍മാനും പോലുള്ള നമ്മുടെ സൂപ്പര്‍ ഹീറോകള്‍ പോലും മുക്തരല്ല.
വിജിലാന്റി (vigilante) സിനിമകളെന്ന് വിളിക്കപ്പെടുന്ന ഇവയോടുള്ള അഭിനിവേശത്തിന് പിന്നിലെന്താണ്? പൊളിറ്റിക്കല്‍ കറക്ട്നെസ് അതിവേഗത്തില്‍ പൊതുജീവിതത്തിന്റെ ഭാഗമാവുന്ന ഇക്കാലത്തും ഏതുതരത്തിലുള്ള കൊലപാതകങ്ങളും അന്യാമാണെന്ന ശരിബോധം വളരുമ്പോഴും വിജിലാന്റി ചിത്രങ്ങള്‍ ചൂടപ്പമാവുന്നതിനുള്ള ഒരു കാരണം, നീതിക്കായുള്ള നമ്മുടെ ആഴത്തിലുള്ള ആഗ്രഹത്തെ സ്പര്‍ശിക്കാനുള്ള കഴിവാണ്. നിയമവ്യവസ്ഥ പോരായ്മകള്‍ നിറഞ്ഞതോ ഫലപ്രദമല്ലാത്തതോ പരാജയമോ ആയി തോന്നുന്ന ഒരു ലോകത്ത് വിജിലാന്റികള് ഒരു ബദല്‍ മുന്നോട്ടുവെക്കുന്നു – നിരസിക്കാന്‍ ശരിക്കും ബുദ്ധിമുട്ടുള്ള ഒരു ഓഫര്‍. ഭരണപരമായ നൂലാമാലകളും ചുവപ്പു നാടയുമില്ല, കാലതാമസമില്ല. അതിവേഗം നീതി സമ്മാനിക്കപ്പെടും. പലപ്പോഴും അത് ദുര്‍ബലനോ, ഇരയ്ക്കോ വേണ്ടിയുള്ള പ്രതികാരവുമാവും. കണ്ണിനു കണ്ണ്, പല്ലിനു പല്ല്.
വ്യവസ്ഥയ്ക്കെതിരെ ഒറ്റയ്ക്ക് പോരാടാന്‍ ശേഷിയില്ലാത്ത സാധാരണക്കാരന് നിയമത്തെ വലിച്ചെറിഞ്ഞ് കുറ്റവാളികളെ ശിക്ഷിക്കാനും നീതി നടപ്പാക്കാനുമിറങ്ങുന്ന കഥാപാത്രങ്ങളില്‍ സ്വയം കണ്ടെത്തുന്നു. ആ നീതികള്‍ സ്വയം നടപ്പാക്കുന്നതു പോലുള്ള ഒരു തന്മയീഭാവം അനുഭവിക്കുന്നു. ദൈനംദിന ജീവിതത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് താല്‍ക്കാലികമായി രക്ഷപ്പെടാനും അവനവനെ മാറ്റത്തിന്റെ ഏജന്റായി സങ്കല്‍പ്പിക്കാനും അവസരമാക്കുന്നു. വിജിലാന്റി ചിത്രങ്ങളില്‍ പൊതുവേ കാണാറുള്ള ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളും സസ്പെന്‍സും നാടകീയമായ ട്വിസ്റ്റുകളും അധിക ആകര്‍ഷണമാണ്. ഏതാണ്ട് സമ്പൂര്‍ണമായ ഒരു വിനോദ പാക്കേജ്.
എന്നുവെച്ച് വിജിലാന്റി ചിത്രങ്ങള്‍ക്ക് വിനോദത്തിനപ്പുറം പ്രയോജനമില്ലെന്നു കരുതരുത്. അതതു കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ കാലാവസ്ഥയെ പ്രതിഫലിപ്പിക്കാനും അതിനെക്കുറിച്ച് ശക്തമായി അഭിപ്രായം രേഖപ്പെടുത്താനും അവ വേദിയൊരുക്കുന്നു, ഒരു സാംസ്കാരിക വിമര്‍ശനമായി വര്‍ത്തിക്കുന്നു, ജനങ്ങളുടെ പൊതുവായ ആശങ്കകളും ഉത്കണ്ഠകളും മനസ്സിലാക്കാന്‍ അധികാരികള്‍ക്കും അവസരം നല്കുന്നു. അതേസമയം, ഉദ്ദേശിക്കുന്ന പോലെ നീതി കിട്ടിയില്ലെങ്കില്‍ നിയമം കൈയിലെടുക്കാന്‍ ഇത്തരം സിനിമകള്‍ പ്രേരകമായ സംഭവങ്ങളുമുണ്ട്.
കണ്ണിനു കണ്ണെടുത്താല്‍ ലോകം തന്നെ അന്ധമാവുമെന്ന് മഹാത്മ ഗാന്ധി പറഞ്ഞത് വിജിലാന്റി നീതിയുടെയും സിനിമകളുടെയും കാര്യത്തിലും ബാധകമാണ്. കുറ്റകൃത്യം ചെയ്തും കൊന്നും അറപ്പു മാറിയാല്‍ അത് ഹരമാവും, വീണ്ടും ആവര്‍ത്തിക്കാനുള്ള ഉള്‍പ്രേരണ ശക്തമാവും. അപ്പോള്‍ സാമൂഹിക നീതിക്കു വേണ്ടിയല്ലാതെയും നിയമം കൈയിലെടുക്കും, കൊല്ലും! 1987-ല്‍ ഡെന്നിസ് ജോസഫ്- ജോഷി കൂട്ടുകെട്ടിലിറങ്ങിയ ‘ന്യൂ ഡല്‍ഹി’ സിനിമ ഈ സാധ്യത മുന്‍കൂട്ടിക്കണ്ടിരുന്നു. പ്രതികാരത്തിനിറങ്ങുന്ന നായകന് ജികെ (മമ്മൂട്ടി) ‘നീതി’ നടപ്പാക്കുന്നതിന് യാദൃച്ഛികമായി സാക്ഷ്യം വഹിച്ച സുരേഷിനെ (സുരേഷ് ഗോപി) കൊല്ലുന്നു. ‘നീതി’ തുടര്‍ന്നും നടപ്പാക്കണമെങ്കില്‍ അകത്താവാതിരിക്കണമല്ലോ! പക്ഷേ, ഭൂരിഭാഗം സിനിമകളും ആ വഴിക്ക് നോക്കാറില്ല. വീരനായകന് കൊലപാതക വാസനയുണ്ടെന്ന് ചിത്രീകരിച്ചാല്‍ ബോക്സ് ഓഫീസ് പിണങ്ങിയാലോ?
സമൂഹത്തില്‍ അനീതികള്‍ ഉള്ളിടത്തോളം കാലം, സമ്പത്തും സ്വാധീനവുമുള്ളവര്‍ എന്തു കുറ്റകൃത്യം ചെയ്താലും നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടും എന്ന പൊതുബോധം മാറാത്തിടത്തോളം വിജിലാന്റി സിനിമകള്‍ ഇനിയും വരും, നീതിക്കൊലകള് നടക്കും, തിയേറ്ററിലെ ഇരുട്ടില്‍ നായകനനുഭവിക്കുന്ന ആത്മ സംതൃപ്തി നമ്മളും പങ്കിടും, ആവേശത്തോടെ കൈയടിക്കും. അന്തിമമായി, നീതി ഇരിക്കുന്നത് നിയമപുസ്തകത്തിലല്ല, നമ്മുടെ മനസ്സുകളിലാണ്, പൊതുബോധത്തിലും ബോധ്യത്തിലുമാണ്!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]