
കൊച്ചി: കേന്ദ്രമന്ത്രി പദത്തിലേക്ക് പറക്കാനെത്തിയ സുരേഷ് ഗോപിയുടെ മുഖത്ത് കല്ലിച്ചുകിടന്നത് ‘കളിയാട്ട’ത്തിലെ കണ്ണൻ പെരുമലയന്റേതുപോലുള്ള ധർമസങ്കടം. മറ്റാരായാലും അമിതാഹ്ലാദത്തിന്റെ ആകാശം തൊടുമായിരുന്ന നിമിഷത്തിൽ അദ്ദേഹം പക്ഷേ, അങ്ങനെയായിരുന്നില്ല. രാഷ്ട്രീയം തൊഴിലും അഭിനയവുമാക്കിമാറ്റിയവർക്കിടയിൽ അഭിനയമെന്ന തൊഴിലെടുത്ത് ജീവിക്കുന്ന രാഷ്ട്രീയക്കാരനാണ് സുരേഷ് ഗോപി. ആ ജോലിയിൽനിന്ന് അകന്നുനിൽക്കേണ്ടിവരികയും വരുമാനം ഇല്ലാതാകുകയുംചെയ്താൽ തന്നെത്തേടിയെത്തുന്ന പരിദേവനങ്ങൾക്കും കരച്ചിലുകൾക്കും ഇനി എങ്ങനെ മറുപടി പറയും എന്ന ആശങ്കയായിരിക്കാം സത്യപ്രതിജ്ഞയുടെ പതിനൊന്നാംമണിക്കൂറിൽ ശാസ്തമംഗലത്തെ വീട്ടിൽ കണ്ട അനിശ്ചിതത്വത്തിനും ‘വേണോ’ എന്ന ആലോചനയ്ക്കും കാരണം.
ഒരാഴ്ച മുമ്പും കൊച്ചിയിൽ ട്രാൻസ്ജെൻഡർമാരുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് 12 ലക്ഷം രൂപ സ്വന്തം കൈയിൽനിന്ന് എടുത്തുനൽകുമ്പോൾ സുരേഷ് ഗോപി പറഞ്ഞു: ‘‘സർക്കാരിന്റെ സഹായം വൈകിയാൽ ഇതേ തുകതന്നെ ഇനിയും തരാം.’’
സുരേഷ് ഗോപിയെ സിവിൽ സർവീസുകാരനാക്കണമെന്നായിരുന്നു ഫിലിം ഡിസ്ട്രിബ്യൂട്ടറായിരുന്ന അച്ഛൻ ഗോപിനാഥൻ പിള്ളയുടെ ആഗ്രഹം. അതിനുവേണ്ടിയാണ് മദിരാശിയിലേക്കു പഠിക്കാനയച്ചതും. പക്ഷേ, കൊല്ലത്തെ ക്രൗൺ ബേക്കറിയിലും ഫാത്തിമ മാതാകോളേജിന്റെ ഇടനാഴികളിലും കൂട്ടുകാർക്കൊപ്പം സുരേഷ് രുചിച്ചതും പങ്കുവെച്ചതും സ്വപ്നം കണ്ടതും സിനിമയെ ആയിരുന്നു. മദിരാശിയിൽ ചെന്നപ്പോൾ അച്ഛന്റെ സുഹൃത്തായ നിർമാതാവ് ബാലാജിവഴി ‘നിരപരാധി’ എന്ന തമിഴ്സിനിമയിലേക്ക് തുറന്ന അവസരം അപരാധമായില്ലെന്ന് തെളിയിച്ചത് കാലമെന്ന സംവിധായകൻ.
മലയാളത്തിലേക്കെത്തിയപ്പോൾ നായകന്റെ നിഴലിലോ പ്രതിനായകന്റെ വെയിലിലോ നിൽക്കുമ്പോഴും സുരേഷ് ശ്രദ്ധിക്കപ്പെട്ടത് ആറടികവിഞ്ഞ ആകാരത്തിലുള്ള സുന്ദരമുഖത്താലാണ്. അതിൽ കൂടുവെച്ചിരുന്ന ക്ഷോഭം, ‘തലസ്ഥാനം’ എന്ന സിനിമയിലൂടെ കൊടുങ്കാറ്റായി മാറിയപ്പോൾ സുരേഷ് ഗോപി എന്ന താരപദവിയുള്ള നായകൻ ജനിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ‘ഏകലവ്യനി’ലൂടെ മലയാളത്തിലെ മൂന്നാം സൂപ്പർസ്റ്റാറായി ഉദിച്ച നക്ഷത്രം പിന്നെ കാക്കിവേഷങ്ങളിലെ ഗർജനംകൊണ്ട് തിയേറ്ററുകളെ വിറപ്പിച്ചു. ‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന് ഭരത് ചന്ദ്രൻ ഐ.പി.എസ്. ചോദിച്ചപ്പോഴും ‘ഓർമ്മവെക്കണ’മെന്ന് ഇംഗ്ലീഷിൽ പറഞ്ഞപ്പോഴും മലയാളികൾ കൈയടിച്ചു.
എതിർഭാഗത്തെ കഥാപാത്രങ്ങൾ പലപ്പോഴും രാഷ്ട്രീയക്കാരായിരുന്നു. അവരോട് കേരളം പറയാൻ കൊതിച്ചതാണ് സുരേഷ് ഗോപിയുടെ നാവിൽനിന്ന് അലകടൽമുഴക്കമായി കേട്ടത്. അതിനിടയിലും അദ്ദേഹത്തിലെ നടനു കിട്ടിയ അംഗീകാരമായിരുന്നു ‘കളിയാട്ട’ത്തിലെ ദേശീയപുരസ്കാരം.
രാഷ്ട്രീയക്കാരനായപ്പോൾ സിനിമയിൽ പറഞ്ഞതുപോലെ പ്രവർത്തിക്കാനായിരുന്നു സുരേഷ് ഗോപിയുടെ ശ്രമം. അതിന് അദ്ദേഹം സിനിമയുടെ പ്രതിഫലംതന്നെ ഉപയോഗപ്പെടുത്തി. വെള്ളിത്തിരയിൽനിന്ന് നേരെ ഇറങ്ങിവന്ന് പ്രവർത്തിക്കാൻ തുടങ്ങിയതുകൊണ്ടാകും സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരൻ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു. അങ്ങനെയൊരാളായതുകൊണ്ടാണ് കേന്ദ്രമന്ത്രിപദം കൈവെള്ളയിൽ വന്നിട്ടും രണ്ടാമതൊന്ന് ആലോചിച്ചതും.
തൃശ്ശൂരിൽ ഇടതിനെയും വലതിനെയും കീഴടക്കി ഒടുവിൽ സുരേഷ് ഗോപി മലയാളസിനിമയിൽനിന്നുള്ള ആദ്യ കേന്ദ്രമന്ത്രിയുമാകുന്നു. ഇനി യഥാർഥ ജനാധിപത്യത്തിലെ ഭാരത് ചന്ദ്രൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]