നോ ആഡഡ് ഷുഗ്ഗ എന്ന പേര് പല നിറങ്ങളില്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ വെയില്നാളങ്ങളെ മഴപോലെ ഏറ്റുവാങ്ങി അവരെല്ലാം നൃത്തച്ചുവടുകളുടെ കുളിര് താഴ്വരയിലായിരുന്നു. അവിടെയുള്ളവരെല്ലാം നൃത്തം മാത്രം പൂക്കുന്ന മരങ്ങള്പോലെയുള്ള മനുഷ്യരായപ്പോള്‍ അതില്‍നിന്ന് പൊഴിഞ്ഞതെല്ലാം അതിരില്ലാത്ത ആഘോഷത്തിന്റെ അനുഭൂതികള്‍.
അവരെല്ലാം ചേര്‍ന്ന് നോ ആഡഡ് ഷുഗ്ഗ എന്നത് ആഘോഷത്തിന്റെയും അനുഭൂതിയുടെയും മധുരങ്ങള്‍ ചാലിക്കുന്ന ‘യെസ് ആഡഡ് ഷുഗ്ഗ’യായി മാറ്റുമ്പോള്‍ ബോള്‍ഗാട്ടി പാലസില്‍ ആരവങ്ങളോടെ ആ പേര് തെളിഞ്ഞു…മാതൃഭൂമി കപ്പ കള്‍ച്ചര്‍.
ജനുവരിയുടെ മഞ്ഞിന്‍പുതപ്പ് മാറ്റി വേനലിന്റെ വെയില്‍നാളങ്ങള്‍ തലനീട്ടിത്തുടങ്ങിയ കൊച്ചിയുടെ കൊട്ടാരമുറ്റത്ത് കലയുടെയും ആഘോഷത്തിന്റെയും അതിരുകളില്ലാത്ത ഉന്മാദമായി മാതൃഭൂമി കപ്പ കള്‍ച്ചര്‍ ആസ്വാദകര്‍ ഏറ്റെടുത്തു. കലയും സംഗീതവും ഫാഷനും ഫുഡ്ഡും സാഹസികതയുമെല്ലാം കൈകോര്‍ക്കുന്ന സ്വപ്ന തീരം എന്ന മേല്‍വിലാസത്തെ പൂര്‍ണമായി അനുഭവിപ്പിച്ചു തന്നെയാണ് കള്‍ച്ചറിന്റെ രണ്ടാം എഡിഷന് ബോള്‍ഗാട്ടി പാലസില്‍ തുടക്കമായത്. വൈവിധ്യത്തിലും അതുല്യതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ടെക്നോ, ഇലക്ട്രോണിക് സംഗീതത്തെ സ്പോട്ട്ലൈറ്റ് ചെയ്തായിരുന്നു കള്‍ച്ചര്‍ രണ്ടാം എഡിഷന് കൊച്ചിയുടെ തീരത്ത് തെളിഞ്ഞത്.
മികച്ച അന്താരാഷ്ട്ര, ദേശീയ ഇലക്ട്രോണിക് കലാകാരന്മാരുടെ തത്സമയ സെറ്റുകളും പ്രകടനങ്ങളും ഒരു സോണിക് യാത്രയിലേക്ക് കൊണ്ടുപോകുന്ന വിധം ക്യൂറേറ്റ് ചെയ്തത് അതേ വൈബില്‍ തന്നെയാണ് ആസ്വാദകരും ഏറ്റെടുത്തത്.
‘നിങ്ങള്‍ നിങ്ങളായിരിക്കുക’ എന്ന മെസേജില്‍ ഇതള്‍വിരിഞ്ഞ കള്‍ച്ചര്‍ ടോക്കോടുകൂടിയായിരുന്നു വെള്ളിയാഴ്ച പകലില്‍ മാതൃഭൂമി കപ്പ കള്‍ച്ചറിന് തുടക്കമായത്. ഹൈബി ഈഡന് എം.പി.യും ജോസ് ഡൊമിനിക്കുമൊക്കെ വാക്കുകളുടെ ആഴങ്ങള്‍ തൊട്ടപ്പോള്‍ ആസ്വാദകര്‍ താത്പര്യപൂര്‍വം അതിന് കാതോര്‍ത്തു. കള്‍ച്ചര്‍ ടോക്കിനു പിന്നാലെ കപ്പ സ്റ്റേജില്‍ സംഗീതത്തിന്റെ വിസ്മയപ്പൂക്കള്‍ വിടരാന്‍ തുടങ്ങിയതോടെ അതിവേഗം കള്‍ച്ചറിന്റെ വൈബ് മാറി. ‘വീ വാണ്ട് വൈബ്’ എന്ന് ആര്‍ത്തുവിളിച്ച് ആരാധകര്‍ വരവേറ്റ സിറി, ഇലക്ട്രോണിക് മ്യൂസിക്കിന്റെ ദ്രുതതാളത്തിലേക്ക് അവരെയെല്ലാം ആലിംഗനം ചെയ്യുമ്പോള്‍ ബോള്‍ഗാട്ടിയിലെ പുല്പരപ്പില് ഒരാള്‍ പോലും നിശ്ചലനായുണ്ടായിരുന്നില്ല.
നോ ആഡഡ് ഷുഗ്ഗയുടെ ദ്രുതസംഗീതം പെയ്യാന്‍ തുടങ്ങിയതോടെ ആസ്വാദകരുടെ ഇളകിയാട്ടവും അതിന്റെ ആകാശങ്ങള്‍ തൊട്ടു. ഡ്രമ്മും ബാസ്സുമൊക്കെയായി അയാള്‍ പെയ്യിച്ച ദ്രുത സംഗീതത്തില്‍ ഡാന്‍സ് ഫ്ലോര്‍ എങ്ങനെ സജീവമാക്കാമെന്നതിന് മറ്റൊരു ഉദാഹരണം തേടേണ്ടിയിരുന്നില്ല. ബേക്കിങ് ബീറ്റുകള്‍ മുതല്‍ ഗ്രോവുകള്‍ വിളമ്പുന്നതു വരെയായി സംഗീതത്തിന്റെ രുചികള്‍ തന്നെയാണ് അയാള്‍ ഓരോ ആസ്വാദകന്റെയും ഉടലിലേക്ക് ചേര്‍ത്തുവെച്ചത്.
ഡാന്‍സ് കള്‍ച്ചറില്‍ റയാനും സംഘവും തീര്‍ത്ത ഫ്രീ സ്റ്റൈല്‍ നൃത്തമഴയില് നനഞ്ഞ് തുടങ്ങിയ കള്‍ച്ചറിന്റെ തീരത്ത് അതിനുപിന്നാലെ ജനനി കലാസൂത്രയും അനന്തുവും സാമന്തും സാരംഗും ഏണസ്റ്റും നേത്രയുമൊക്കെ ആദ്യ ദിനത്തിലെ നൃത്ത വിസ്മയങ്ങളായി കൊച്ചിയുടെ തീരത്ത് പൂത്തുലഞ്ഞു. അതിനിടയില്‍ നൃത്തച്ചുവടുകളുടെ ഇളകിയാട്ടത്തില്‍ നിന്ന് ഫുഡ് കള്‍ച്ചറിലേക്ക് ആസ്വാദകരെ കൂടുമാറ്റാന്‍ സ്പിന്‍ വീലും കോഫി ടേസ്റ്റിങ്ങും ടിക് ടാക് ടോസ്റ്റും പിസ്സാ ബോക്സ് പെയിന്റിങ്ങുമൊക്കെയായി അലക്സ് ജോ സ്കറിയയും കൂട്ടുകാരുമുണ്ടായിരുന്നു. ഫാഷന്‍ കള്‍ച്ചറില്‍ സെസ്റ്റിയും ഹിബയും സംഘവും ഒരുക്കിയ നിറക്കാഴ്ചകളിലേക്ക് സഞ്ചരിച്ച ആസ്വാദകര്‍ ഇതിനിടയില്‍ മൂവ്മെന്റ് കള്‍ച്ചറും ആര്‍ട്ട് കള്‍ച്ചറും ഗെയിംസ് കള്‍ച്ചറും തീര്‍ക്കുന്ന വിസ്മയ ലോകങ്ങളിലേക്ക് ഓടിക്കയറാനും മറന്നില്ല. രാവിന്റെ അഴകിലേക്ക് കൊച്ചിയുടെ തീരം കൂടുമാറിയ നേരത്ത് റോമന്‍ കിനും വിക്ടര്‍ റൂയിസുമൊക്കെ ദ്രുത സംഗീതത്തിന്റെ പക്ഷികളായപ്പോള് അതിലെ ചിറകുകളാകാനായിരുന്നു ഓരോ ആസ്വാദകന്റെയും
ആഗ്രഹം.
കൊച്ചിക്കായലില്നിന്നുള്ള കാറ്റ് അവരെയെല്ലാം തഴുകി കടന്നുപോകുമ്പോള്‍ ആ പുല്‍മുറ്റത്ത് കൂടിയവരെല്ലാം സംഗീതപ്പക്ഷികളായി ആഘോഷത്തിന്റെ ആകാശങ്ങള്‍ തൊടാന്‍ ചിറകടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]