
കാസ്റ്റിങ് കൗച്ച് തടഞ്ഞത് കൊണ്ട് തനിക്ക് സിനിമ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടൻ ഗോകുൽ സുരേഷ്. സ്ത്രീകൾക്ക് മാത്രമാണ് സിനിമയിൽ ദുരനുഭവം ഉണ്ടാകുന്നതെന്ന് കരുതരുതെന്നും കാസ്റ്റിങ് കൗച്ച് തടയുന്ന നടൻമാർക്കും സിനിമ നഷ്ടപ്പെടാമെന്നും ഗോകുൽ സുരേഷ് പറഞ്ഞു. നിവിൻ പോളിക്ക് എതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
‘എപ്പോഴും ഒരു ജെൻഡർ മാത്രമാണ് ദുരനുഭവം നേരിടുന്നതെന്ന് പറയാനാകില്ല. കാസ്റ്റിങ് കൗച്ച് നേരിടുന്ന നടന്മാർക്ക് സിനിമകൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. അതിന് സമാനമായ ഒരു അവസ്ഥയിലൂടെ തുടക്കകാലത്ത് ഞാനും കടന്ന് പോയിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ താല്പര്യമില്ല. കാസ്റ്റിങ് കൗച്ചിന് കാരണമായ ആളെ ഞാൻ തന്നെ തക്കതായ രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടു.
ഇപ്പോൾ സിനിമ മേഖലയിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങൾക്ക് മനസിലാകുന്നത്. അത്തരം സാഹചര്യത്തിലാണ് ഇപ്പോൾ നിവിൻ ചേട്ടനെതിരായിട്ടൊരു ആരോപണം വരുന്നതും അത് തിരിയുന്നതും. സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ബാധിക്കാമെന്നൊരു ബോധ്യം ജനങ്ങൾക്ക് മനസിലാകുന്നുണ്ടാകും. രണ്ട് കൂട്ടരും ഇരകളാകാം എന്ന് ബോധ്യമായിട്ടുണ്ടാകും.
ജെനുവിൻ കേസിൽ ഇരകൾക്കൊപ്പം തന്നെയാണ് നിൽക്കേണ്ടത്. പക്ഷെ നിവിൻ ചേട്ടന്റെ പോലെ നിരപരാധിയെന്ന് ഞാൻ വിശ്വസിക്കുന്ന കേസിലൊക്കെ വിഷമമുണ്ട്. പോലീസും കോടതിയും പോലുള്ള സംവിധാനങ്ങളാണ് നമുക്ക് വ്യക്തത തരേണ്ടത്.
അനാവശ്യം പറയുന്നവരെ കായികപരമായി നേരിടണം എന്നാണ് എൻ്റെ അഭിപ്രായം. മലയാളത്തിൽ മാത്രമല്ല, മറ്റ് ഇൻഡസ്ട്രിയിലും ഇതിന്റെ നൂറ് മടങ്ങ് സംഭവിക്കുന്നുണ്ട്. സിനിമ മാത്രമല്ല, പല ഇൻഡസ്ട്രികളിലും ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നുണ്ട്’, ഗോകുൽ സുരേഷ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]