
”ലണ്ടനില്‍നിന്ന് അവധിയെടുത്ത് കൊച്ചിയിലേക്ക് വരുന്നു, താരങ്ങളുടെ ഡേറ്റ് അന്വേഷിച്ച് പിറകെ നടക്കുന്നു, ജോലി ചെയ്ത പൈസയൊക്കെ ഇവിടെ ഒഴുക്കുന്നു, ലീവ് കഴിയുന്നു, ഒന്നും ശരിയാകാതെ തിരിച്ചു പോകുന്നു…കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതായിരുന്നു എന്റെ ജീവിതചക്രം. സിനിമയില്‍ നിവിന്‍ പോളി പറയുന്ന പോലെ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാ ഞാന്‍…”- പറയുന്നത് മറ്റാരുമല്ല, അടുത്തിടെ തിയേറ്ററില്‍ പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന ഫാമിലി ത്രില്ലര്‍ സിനിമയായ ബിഗ് ബെനിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബിനോ അഗസ്റ്റിനാണ്. കോട്ടയം പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയായ ബിനോ ലണ്ടനിലാണ് താമസം.
സിനിമ കാണുന്നതേ പാപമെന്നു കരുതുന്ന യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചയാളാണ് ഞാന്‍. 15 വയസ്സുമുതല്‍ എനിക്കൊപ്പം കൂടിയതാണ് സിനിമ. 30 വര്‍ഷത്തോളം വേണ്ടിവന്നു, ആ സ്വപ്നം നേടിയെടുക്കാന്‍. സിനിമയ്ക്കുവേണ്ടി ലീവെടുത്ത് ഇടയ്ക്കിടെ കൊച്ചിയില്‍ വരുന്ന എന്നെ കാണുമ്പോള്‍ അടുത്ത ബന്ധുക്കള്‍ അമ്മയെ വിളിച്ചു പറയുമായിരുന്നു, അവന് വട്ടാ… അല്ലെങ്കില്‍ ആരേലും ഈ പണിക്ക് പോകുമോയെന്ന്”. അപ്പോഴും തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ലെന്ന് ബിനോ പറയുന്നു. സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അപമാനിച്ചവരെല്ലാവരും വിളിച്ച് അഭിനന്ദിച്ചെന്നും അദ്ദേഹം ഒരു ചെറു ചിരിയോടെ പറഞ്ഞു.
സിനിമയുടെ ത്രഡ് കിട്ടുന്നത് 2010-ല്‍
ഒരു നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയുടെ പിറവി. എന്നാല്‍, ഞാനും ആ സംഭവത്തിന്റെ ഭാഗമായത് വളരെ അവിചാരിതമായായിരുന്നു. എന്റെ സുഹൃത്ത് വഴിയാണ് സിനിമയുടെ കഥയ്ക്ക് ആധാരമായി സംഭവം ഞാന്‍ അറിയുന്നതും അതിലേക്ക് എത്തിപ്പെടുന്നതും. 2010-ലായിരുന്നു സംഭവം നടക്കുന്നത്. അന്നുമുതല്‍ ഈ െത്രഡ് എന്റെ മനസ്സിലുണ്ട്. 40-ാമത്തെ ഡ്രാഫ്റ്റിലാണ് സിനിമ ഷൂട്ട് ചെയ്തത്.
ഭാര്യയും ചോദിച്ചു, ഇത് നിര്ത്തിയാലോയെന്ന്
എന്റെ സിനിമാ ഭ്രാന്തിന് കട്ട സപ്പോര്‍ട്ടായിരുന്ന ഭാര്യ കൊച്ചുറാണി ഈ ലണ്ടന്‍ ടു കൊച്ചി പോക്കും വരവും കൂടിയപ്പോള്‍ ചോദിച്ചു, നമുക്കിത് മതിയാക്കിയാലോന്ന്. കാരണം, ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ കുട്ടികളെ നോക്കാന്‍ അവളും ലീവെടുക്കണം. മൂന്ന് മക്കളാണെനിക്ക്. ലണ്ടനില്‍ ഞങ്ങള്‍ രണ്ടാളും ജോലിക്കു പോയാല്‍ മാത്രമേ, ജീവിതം മുന്നോട്ടുപോകൂ. ഞാന്‍ ലണ്ടനില്‍ ജോലി ചെയ്തുണ്ടാക്കുന്ന പണം മുഴുവന്‍ ഒഴുക്കുന്നത് ഇവിടെ സിനിമയ്ക്കു വേണ്ടിയുമാണ്. കുടുംബ ബജറ്റിന്റെ താളം തെറ്റിത്തുടങ്ങിയപ്പോഴായിരുന്നു ഭാര്യയുടെ ഈ ചോദ്യം. അന്നു ഞാന്‍ പറഞ്ഞു, ഈ വര്‍ഷംകൂടി നോക്കാം. നടന്നില്ലെങ്കില്‍ നിര്‍ത്താമെന്ന്. ഭാഗ്യം തുണച്ചെന്നേ പറയേണ്ടൂ, നിര്‍ത്തേണ്ടി വന്നില്ല. ഭാര്യയാണ് ഈ സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. സിനിമ കണ്ടപ്പോഴും നല്ല പ്രതികരണം ലഭിച്ചപ്പോഴും അവള് ഒത്തിരി ഹാപ്പിയായിരുന്നെന്നും ബിനോ വളരെ സന്തോഷത്തോടെ തന്നെ പറയുന്നു.
വാങ്ങിയ പാവയ്ക്കും കുട്ടിക്കും ഒരേ ഛായ
സിനിമയിലെ കുട്ടിയായി ആദ്യം കാസ്റ്റ് ചെയ്തത് ഒരു പാവയെയായിരുന്നു. ചൈനയില്‍നിന്ന് വലിയ പൈസ കൊടുത്ത് ഒരു പാവക്കുട്ടിയെ വാങ്ങി. എന്നാല്‍ അപ്പോഴാണ് സിനിമയിലെ ബാലതാരമായ ഹന്നാ മറിയത്തിന്റെ മാതാപിതാക്കളുടെയും എന്റെയും ഒരു സുഹൃത്ത് ഈ റോള്‍ ചെയ്യാന്‍ പറ്റിയ ഒരാളുണ്ടെന്നു പറയുന്നത്. അവരും ലണ്ടന്‍ മലയാളികളാണ്. കുട്ടിയെ കണ്ടപ്പോഴാണ് ഞാന്‍ ഞെട്ടിയത്. ഞാന്‍ വാങ്ങിയ പാവയ്ക്കും ഈ കുട്ടിക്കും ഒരേ ഛായ. അന്നവള്‍ക്ക് ആറ് മാസമായിരുന്നു പ്രായം. സ്ക്രീനിങ് നടത്തിനോക്കിയപ്പോള്‍ ആള് പെര്‍ഫക്ട് ആയിരുന്നു-ബിനോ അഗസ്റ്റിന് പറഞ്ഞു.
സിനിമയുടെ നട്ടെല്ല് കഥ തന്നെ
ആര് അഭിനയിച്ചാലും ഒരു സിനിമയുടെ വിജയമെന്നു പറയുന്നത് അതിന്റെ കണ്ടന്റ്, അല്ലെങ്കില്‍ കഥ തന്നെയാണെന്ന് ബിനോ ഉറച്ചുവിശ്വസിക്കുന്നു. ആ നല്ലൊരു കഥ തന്റെ സിനിമയ്ക്കുണ്ടെന്നുള്ള ഉറപ്പും ഇദ്ദേഹത്തിനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]