
1989 -ൽ ആദിത്യ ഭട്ടാചാര്യയുടെ സംവിധാനത്തിൽ അമീർഖാൻ നായകനായ ‘രാഖ്’ എന്ന ഹിന്ദി ചിത്രം പുറത്തിറങ്ങുമ്പോൾ അതിന്റെ ഛായാഗ്രാഹകന്റെ പേര് കണ്ട് ഓരോ മലയാളിയും അഭിമാനിച്ചു. കാരണം സന്തോഷ് ശിവൻ എന്ന മലയാളി ചെറുപ്പക്കാരന്റെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു ആ സിനിമ. എന്നാൽ മറ്റൊരു മലയാളിയുടെ പേരുകൂടി ആ സിനിമയുടെ ടൈറ്റിൽ കാർഡിൽ വന്ന് പോയത് അധികമാരും അറിഞ്ഞില്ല. സിനിമയുടെ മൂന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാൾ മലയാളിയായിരുന്നു. സന്തോഷ് ശിവന്റെ സഹോദരൻ സംഗീത് ശിവനായിരുന്നു ആരുമറിയാതെപോയ ആ മലയാളി. എന്നാൽ, തൊട്ടടുത്തവർഷം ബോളിവുഡിൽനിന്നും അയാൾ മലയാളത്തിലേക്ക് ഒരു വരവ് വന്നു. മലയാളി അതുവരെ കാണാത്ത ജോണറിലുള്ള ഒരുപിടി നല്ല സിനിമകളുമായിട്ടായിരുന്നു ആ വരവ്. അതുകൊണ്ടുതന്നെ മലയാളത്തിൽനിന്ന് ബോളിവുഡിലേക്ക് പറന്നുയർന്ന സിനിമാപ്രവർത്തകർക്കിടയിൽ അയാൾ വ്യത്യസ്തനാണ്. കാരണം ബോളിവുഡിൽനിന്ന് മലയാളത്തിലേക്കുവന്ന് വിജയക്കൊടി പാറിച്ച മലയാളി സിനിമാക്കാരൻ എന്ന ഇമേജാണ് അയാൾക്ക് ഏറെ ചേരുക. മോളിവുഡിലും ബോളിവുഡിലുമായി ഇരുപതോളം സിനിമകൾ ചെയ്ത് സംഗീത് ശിവൻ വിടപറയുമ്പോൾ അത് ഇന്ത്യൻ സിനിമയ്ക്ക് ഒരിക്കലും നികത്താനാവാത്ത നഷ്ടത്തെയാണ് സമ്മാനിക്കുന്നത്. അടുത്തിടെ മലയാളത്തിൽ ഹിറ്റായ ‘രോമാഞ്ച’ത്തിന്റെ ഹിന്ദി റീമേക്ക് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
1990-ലാണ് സംവിധായക കുപ്പായത്തിൽ സംഗീത് ശിവൻ അരങ്ങേറുന്നത്. രഘുവരൻ, സുകുമാരൻ, ഉർവ്വശി, പാർവ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ‘വ്യൂഹം’ എന്ന കുറ്റാന്വേഷണ ചിത്രവുമായിട്ടായിരുന്നു സംഗീതിന്റെ വരവ്. വില്ലൻ വേഷങ്ങളിലൂടെ പേരെടുത്ത രഘുവരനെ ഹീറോയാക്കി ഒരുക്കിയ ഈ ആക്ഷൻ സിനിമ വ്യത്യസ്തമായ ഇതിവൃത്തംകൊണ്ടും അവതരണരീതികൊണ്ടും മലയാളികളെ വിസ്മയിപ്പിച്ചു. പക്ഷേ സംഗീത് ശിവനിൽനിന്നും വലിയ വിസ്മയങ്ങൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ 1992ൽ ‘യോദ്ധാ’യുമായി അദ്ദേഹം വരുമ്പോൾ അത് മലയാള സിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല. എന്നാൽ മലയാളത്തിലെതന്നെ ഏറ്റവും മികച്ച വിജയചിത്രം എന്ന പേരെഴുതിച്ചേർത്ത് ‘യോദ്ധാ’ ബോക്സ്ഓഫീസ് കീഴടക്കുന്നതാണ് പിന്നീട് കണ്ടത്. മോഹൻലാലിന്റെ തൈപ്പറമ്പിൽ അശോകനും ജഗതിയുടെ അരിശുംമൂട്ടിൽ അപ്പുക്കുട്ടനും സിദ്ധാർത്ഥ് ലാമയുടെ ഉണ്ണിക്കുട്ടനും ചേർന്ന് സൃഷ്ടിച്ച ഓളത്തിൽ സിനിമാ കൊട്ടകകൾ നിറഞ്ഞുകവിഞ്ഞു. റിയാലിറ്റിയെയും ഫാന്റസിയെയും സമർത്ഥമായി കൂട്ടിച്ചേർത്ത് സൃഷ്ടിച്ച ‘യോദ്ധാ’ ഇന്നും ഒരു അത്ഭുതമാണ്. മലയാളി പ്രേക്ഷകർ അതുവരെ കാണാത്ത നേപ്പാളിന്റെ മനോഹരമായ ഭൂപ്രകൃതിയെ ക്യാമറയിൽ പകർത്തുകകൂടി ചെയ്തപ്പോൾ ഒരു ദൃശ്യവിസ്മയമായി സിനിമ മാറി. എ.ആർ. റഹ്മാൻ എന്ന സംഗീത സംവിധായകൻ മലയാളത്തിൽ അരങ്ങേറുന്നത് ‘യോദ്ധാ’യിലൂടെയാണ്. ഇന്നും അതിലെ ”പടകാളി ചണ്ടിച്ചങ്കിരി”, ”കുനുകുനെ ചെറു കുറുനിരകൾ”, ”മാമ്പൂവേ മഞ്ഞുതിരുന്നോ” എന്നീ പാട്ടുകൾ പുതുതലമുറ മലയാളി ഉൾപ്പെടെ മൂളിനടക്കാൻ ഇഷ്ടപ്പെടുന്നവയാണ്.
1992 ഡിസംബറിൽ സുരേഷ്ഗോപി, അരവിന്ദ്സ്വാമി, ഗൗതമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ഡാഡി’ എന്ന സിനിമ സംഗീത് ശിവൻ സംവിധാനം ചെയ്തെങ്കിലും തീയേറ്ററിൽ അത് വലിയ ചലനം സൃഷ്ടിച്ചില്ല. എന്നാൽ വീണ്ടും മോഹൻലാലിനെ കൂട്ടുപിടിച്ച് 1993 ൽ അടുത്ത ഹിറ്റുമായി സംഗീത് ശിവൻ മലയാളത്തിലെത്തി. റൊമാന്റിക് കോമഡി ത്രില്ലർ ജോണറിൽ പുറത്തിറങ്ങിയ ‘ഗാന്ധർവ്വം’ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതിലെ പാട്ടുകൾ ഇന്നും ട്രെൻഡിങ് ലിസ്റ്റിലെ ഒന്നാമന്മാരാണ്. അതിൽത്തന്നെ ”മാലിനിയുടെ തീരങ്ങൾ തഴുകിവരും”, ”നെഞ്ചിൽ കഞ്ചബാണം” എന്നിവ എടുത്തുപറയേണ്ടവയാണ്. 1993 ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ‘ജോണി’യുമായാണ് സംഗീത് ശിവൻ മലയാളത്തിലേക്ക് എത്തുന്നത്. 1995ൽ മലയാളി അതുവരെ പരിചയിച്ചിട്ടില്ലാത്ത മെഡിക്കൽ ക്രൈംത്രില്ലർ ജോണറിലുള്ള ‘നിർണ്ണയം’ എന്ന മോഹൻലാൽ ചിത്രവുമായി സംഗീത് ശിവൻ കടന്നുവന്നു. മോഹൻലാലിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണിത്. അതിനുശേഷം 2000 ത്തിൽ ‘സ്നേഹപൂർവ്വം അന്ന’ എന്ന സിനിമയാണ് സംഗീത് ശിവന്റെതായി മലയാളത്തിൽ പുറത്തിറങ്ങിയത്. എന്നാൽ ഈ ചിത്രത്തിന് ബോക്സ്ഓഫീസിൽ യാതൊരുവിധ ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ല. പതുക്കെ പതുക്കെ സംഗീത് ശിവൻ മലയാള മണ്ണിൽനിന്ന് ഹിന്ദി മണ്ണിലേക്ക് തന്റെ സിനിമയുമായി ചുവടുമാറ്റം നടത്താൻ തുടങ്ങിയ കാലമായിരുന്നു അത്.
മോളിവുഡിൽനിന്ന് ബോളിവുഡിലേക്ക്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ബോളിവുഡ് സിനിമയിൽ അരങ്ങേറിയ സംഗീത് ശിവൻ, സംവിധായക കുപ്പായത്തിൽ അവിടെ അവതരിക്കുന്നത് 1998 ൽ പുറത്തിറങ്ങിയ ‘സോർ’ എന്ന ചിത്രത്തിലൂടെയാണ്. സണ്ണി ഡിയോൾ, സുസ്മിത സെൻ, ഓംപുരി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. അതിനുശേഷം ഹിന്ദി സിനിമയായിരുന്നു സംഗീതിന്റെ പ്രധാന തട്ടകം. ‘ചുരാലിയാ ഹേ തുംസേ’, ‘ക്യാ കൂൾ ഹേ തും’, അപ്ന സപ്ന മണി മണി’, ‘ക്ലിക്ക്’, ‘ഏക്: ദി പവർ ഓഫ് വൺ’ എന്നിങ്ങനെ എട്ടോളം ഹിന്ദി സിനിമകൾ സംഗീത് ശിവന്റേതായി പുറത്തിറങ്ങി. ഈ സിനിമകളിലൂടെ ബോളിവുഡിലെ സൂപ്പർതാരങ്ങളായ സുനിൽ ഷെട്ടി, റിതേഷ് ദേശ്മുഖ്, തുഷാർ കപൂർ, നേഹ ധൂപിയ, സെലീന ജെയ്റ്റ്ലി, ഇഷ ഡിയോൾ, അനുപം ഖേർ, റിയ സെൻ, ജാക്കി ഷ്രോഫ് തുടങ്ങിയവരോടൊപ്പം സഹകരിക്കാൻ സംഗീത് ശിവനായി. അവസാനം മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘രോമാഞ്ച’ത്തിന്റെ ഹിന്ദി റീമേക്ക് ‘കപ് കപി’ ഷൂട്ടിങ് കഴിഞ്ഞ് പുറത്തിറക്കാനുള്ള ശ്രമങ്ങൾക്കിടെ അപ്രതീക്ഷിതമായാണ് അദ്ദേഹം വിടവാങ്ങുന്നത്. ബോളിവുഡിൽ തുടങ്ങി ബോളിവുഡിൽ അവസാനിക്കുന്ന കരിയറുമായി സംഗീത് ശിവൻ മടങ്ങുമ്പോൾ അത് ഇന്ത്യൻ സിനിമയെ സ്നേഹിക്കുന്നവരുടെ കണ്ണുകളെയും മനസ്സുകളെയും ഒരേപോലെ ഈറനണിയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]