
തെലുങ്ക് പ്രേക്ഷകർക്കിടയിൽ ഫഹദ് ഫാസിലിനെ സുപരിചിതനാക്കിയ ചിത്രമാണ് സുകുമാർ സംവിധാനം ചെയ്ത പുഷ്പ. അല്ലു അർജുൻ നായകനായി 2021-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ എസ്.പി ഭൻവർ സിംഗ് ഷെഖാവത്ത് എന്ന വില്ലൻ വേഷത്തിലാണ് ഫഹദ് എത്തിയത്. പുഷ്പയുടെ രണ്ടാംഭാഗത്തിലും ഫഹദ് ഇതേ കഥാപാത്രമായി എത്തുന്നുണ്ട്. അടുത്തിടെ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പുഷ്പയിലെ കഥാപാത്രത്തേക്കുറിച്ച് അദ്ദേഹം ഒരുകാര്യം തുറന്നുപറഞ്ഞിരിക്കുകയാണ്.
പുഷ്പ ചെയ്തതിനുശേഷം പാൻ ഇന്ത്യൻ നടനായോ എന്നായിരുന്നു ഫഹദിനോടുള്ള ചോദ്യം. എന്നാൽ ഭൻവർ സിംഗ് ഷെഖാവത്ത് എന്ന പോലീസ് കഥാപാത്രം തന്റെ കരിയറിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാക്കിയില്ലെന്നാണ് താരം ഇതിനുള്ള മറുപടിയായി പറഞ്ഞത്. പുഷ്പ കാരണം കരിയറിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇക്കാര്യം സംവിധായകൻ സുകുമാറിനോട് പറഞ്ഞിട്ടുണ്ട്. അത് മറച്ചുവെയ്ക്കേണ്ട കാര്യമൊന്നുമില്ലെന്നും ഫഹദ് ഫാസിൽ പറഞ്ഞു.
“എനിക്ക് ചെയ്യാനുള്ള കാര്യങ്ങൾ ഞാനിവിടെ ചെയ്യുന്നു. ഒന്നിനോടും ബഹുമാനക്കുറവില്ല. പുഷ്പ റിലീസായതിനുശേഷം എന്നിൽനിന്നും ഒരു മാജിക്ക് ആണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഇത് യഥാർത്ഥത്തിൽ സുകുമാർ സാറിനോടുള്ള ശുദ്ധമായ സഹകരണവും സ്നേഹവുമാണ്. എന്റെ ജീവിതം മലയാളസിനിമയാണ്.” ഫഹദ് വ്യക്തമാക്കി.
തന്റെ ചിത്രങ്ങൾ മറ്റുള്ളവർ പകർത്തുന്നത് തനിക്കിഷ്ടമല്ലെന്നും ഫഹദ് അഭിമുഖത്തിൽ പറഞ്ഞു. “എനിക്ക് സെൽഫിയെടുക്കുന്നത് ഇഷ്ടമല്ല. അമ്മയ്ക്കോ ഭാര്യക്കോ ഒപ്പം പുറത്തുപോവുമ്പോൾ എന്റെ ചിത്രം മറ്റുള്ളവർ പകർത്തുന്നത് ഇഷ്ടമല്ല. എന്നെ നോക്കി വെറുതേ പുഞ്ചിരിച്ചാൽ മതി. നിങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും. ഒരുപാടുപേർ അങ്ങനെ ചെയ്യുന്നവരുണ്ട്. അവരൊക്കെ എത്ര മനോഹരമാണ്.” ഫഹദ് ഫാസിൽ കൂട്ടിച്ചേർത്തു.
മൂന്നു വർഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്ടിച്ച പുഷ്പ: ദ റൂൾ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർ ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്ന ചിത്രമാണ് പുഷ്പ 2. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. 2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്പ 2 തിയേറ്ററുകളിലെത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]